ആത്മാര്‍ഥത ആയിരുന്നു സുല്ലമിയുടെ മഷി | അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ആത്മാര്‍ഥത ആയിരുന്നു സുല്ലമിയുടെ മഷി | അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി



അരീക്കോട് സുല്ലമുസ്സലാം അറബിക്കോളെജില്‍ എന്റെ സമകാലികനും സീനിയര്‍ വിദ്യാര്‍ഥിയുമായിരുന്നു അബ്ദുസ്സലാം സുല്ലമി. പില്ക്കാലത്ത് പ്രഗത്ഭരായിത്തീര്‍ന്ന നിരവധി പ്രതിഭാശാലികള്‍ എന്റെ സുല്ലം പഠനകാലത്ത് (1971-76) മുന്നിലും പിന്നിലും ഉണ്ടായിരുന്നു. എ സലാം എന്ന് പൊതുവില്‍ ഞങ്ങള്‍ക്കിടയില്‍ വിളിക്കപ്പെട്ടിരുന്നു എടവണ്ണ എ അലവി മൗലവിയുടെ മകനാണ് പിന്നീട് എ അബ്ദുസ്സലാം സുല്ലമി എന്ന പ്രഗത്ഭ പണ്ഡിതനായിത്തീര്‍ന്നത്. പഠനത്തിലെന്ന പോലെ മരണത്തിലും അദ്ദേഹം മുന്‍പേ പറന്നുപോയി. അല്ലാഹു അദ്ദേഹത്തിന് (നമുക്കും) മോക്ഷം നല്കി അനുഗ്രഹിക്കുമാറാകട്ടെ.

നാട്ടില്‍ വറുതിയുള്ള കാലത്തായിരുന്നു ഞങ്ങളുടെയെല്ലാം ബാല്യകൗമാരങ്ങള്‍ കടന്നുപോയത്. എന്നാല്‍ പഠനകാലം കഴിഞ്ഞ് ഞങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും ജീവിക്കാന്‍ സൗകര്യവും ലഭിച്ചപ്പോഴും പോയകാലം മറക്കാത്തവരില്‍ പെട്ടയാളാണ് സുല്ലമി. ഹോസ്റ്റലില്‍ നിന്നു കിട്ടുന്ന ആഹാരത്തിനു പുറമെ മറ്റൊന്നും കഴിച്ചിരുന്നില്ല സ്മര്യപുരുഷന്‍. കേളെജില്‍ ഉച്ചയ്ക്ക് മുന്‍പുള്ള ഹ്രസ്വ ഇടവേളയില്‍ 'ജോളി'യില്‍ പോവുക എന്നത് സുല്ലമിന്റെ 'ചര്യ'യില്‍ പെട്ടതാണെന്ന് എല്ലാവര്‍ക്കുമറിയാം. (ജോളി ഒരു ഹോട്ടലിന്റെ പേരാണ്). എന്നാല്‍ ഈ ടീ ബ്രെയ്ക്കിന് പുറത്തുപോകാത്ത നന്നെ ചുരുക്കം പേരില്‍ ചിലരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. അദ്ദേഹം പക്ഷേ, മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി, ആ സമയത്തും കിതാബുകള്‍ പകര്‍ത്തി എഴുതുകയോ വായിക്കുകയോ ആയിരിക്കും. 'എ സലാമിന്റെ മാതിരി' എന്ന് പലരും പലപ്പോഴായി പറഞ്ഞിരുന്നു.


കെ പി മുഹമ്മദ് മൗലവി, എ പി അബ്ദുല്‍ഖാദിര്‍ മൗലവി, പി പി മമ്മദ് മൗലവി, കെ കെ മുഹമ്മദ് സുല്ലമി, വി സി മോയിന്‍കുട്ടി മൗലവി, എന്‍ വി അബ്ദുല്ല മൗലവി, കെ ഫാത്തിമ ടീച്ചര്‍ മുതലായ പ്രഗത്ഭരായ അധ്യാപകരില്‍ നിന്ന് നേടിയെടുത്ത വിജ്ഞാനത്തെക്കാള്‍ അബ്ദുസ്സലാം സുല്ലമി സ്വന്തമായി നേടിക്കൊണ്ടാണ് സുല്ലമിയായി പടിയിറങ്ങിയത്. ആ വായനാസപര്യ തന്റെ അന്ത്യദിനങ്ങളില്‍ ഓര്‍മ നശിക്കുന്നതുവരെ അദ്ദേഹം തുടര്‍ന്നു. അതാണ് അദ്ദേഹത്തെ അഗാധ പാണ്ഡിത്യത്തിന്റെ സോപാനത്തിലേക്കുയര്‍ത്തിയത്. സാഹിത്യ സമാജങ്ങളില്‍പോലും ഏറെയൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും പഠനകാലത്തു തന്നെ നിര്‍വഹിച്ച ജുമുഅ ഖുതുബകള്‍ ശ്രോതാക്കളിലെന്ന പോലെ ഗുരുവര്യര്‍ക്കിടയിലും വലിയ മതിപ്പുളവാക്കി.

പഠനകാലത്തു തന്നെ എഴുതിത്തുടങ്ങിയിരുന്നു. കോളെജ് വിദ്യാര്‍ഥികള്‍ നടത്തുന്ന കൈയെഴുത്തു മാസിക (അല്‍ജിഹാദ് എന്നായിരുന്നു പേരെന്നാണ് ഓര്‍മ) ഒരു വര്‍ഷത്തില്‍ ഒന്നു മാത്രമേ കാണൂ (ഡി ടി പി എന്തെന്ന് കേള്‍ക്കാത്ത കാലമാണ്). എന്നാല്‍ എ സലാം ഒറ്റയ്ക്ക് കൈയെഴുത്തു മാസിക തയ്യാറാക്കി. ഒന്നല്ല വര്‍ഷത്തില്‍ കുറെയെണ്ണം. പേര് സ്വിറാത്തുല്‍ മുസ്തഖീം. എഴുത്തിനോടുള്ള താല്പര്യമാണ് അദ്ദേഹത്തെ നൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാക്കിയത്. ചുരുക്കത്തില്‍ തന്റെ വിദ്യാര്‍ഥി ജീവിതത്തില്‍ തന്നെ വേറിട്ട ഒരു വഴി വെട്ടിത്തുറന്ന് മുന്നോട്ടുനീങ്ങിയ ആളാണ് സുല്ലമി.

സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപക ജോലി കിട്ടി ജീവിതം നയിക്കാന്‍ തുടങ്ങിയെങ്കിലും ഇതല്ല തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. പ്രൈമറി ക്ലാസുകളില്‍ അധ്യാപകവൃത്തി നടത്തിയാല്‍ താന്‍ ആര്‍ജിച്ച വിജ്ഞാനങ്ങള്‍ ഉപയോഗ ശൂന്യമായിപ്പോകുമെന്ന ആശങ്ക. പിതാവായ എ അലവി എന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിലെ അതികായന്റെ മാര്‍ഗത്തില്‍ പ്രബോധനത്തിനിറങ്ങാനായിരുന്നു താല്പര്യം. ആയിടക്കു തന്നെയായിരുന്നു പിതാവിന്റെ വിയോഗം. അലവി മൗലവിയുടെ മരണം ബാക്കിവെച്ച ശൂന്യത നികത്തിക്കൊണ്ട് അദ്ദേഹം എടവണ്ണ ജാമിഅ നദ്‌വിയ്യയുടെ പടികള്‍ കയറുകയായിരുന്നു. രണ്ടര പതിറ്റാണ്ടു നീണ്ട അധ്യാപനം. നൂറുക്കണക്കിന് സ്വലാഹികളെ വാര്‍ത്തെടുത്ത ഗുരുനാഥന്‍. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിടുതല്‍ നേടിയാണ് സാമ്പത്തികമായി ഒട്ടും ഭദ്രമല്ലാത്ത ദീനീ സേവനരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.

ജാമിഅയിലെ ലൈബ്രറി അദ്ദേഹം പൂര്‍ണമായും ഉപയോഗപ്പെടുത്തി. ഒരു ലൈബ്രറി കുറിപ്പുകളാക്കി തന്റെ ബാഗിലൊതുക്കി നടക്കുകയായിരുന്നു സലാം മൗലവി എന്ന് ആരോ പറഞ്ഞത് അതിശയോക്തിയായിരുന്നില്ല. അധ്യാപനത്തിനു പുറമെ നിരന്തരം ക്ലാസുകളും പ്രഭാഷണങ്ങളും ഗ്രന്ഥരചനയും മറ്റുമായി ദഅ്‌വത്ത് രംഗത്ത് ശോഭിച്ചുനിന്ന അബ്ദുസ്സലാം സുല്ലമി ഒട്ടും പ്രതീക്ഷിക്കാതെ, അതീവ ദു:ഖത്തിന്റെ ഭാരവും പേറിക്കൊണ്ടാണ് ജാമിഅയുടെ പടിയിറങ്ങിയത്. തന്റെ ജീവിതത്തെ പിടിച്ചുലച്ചു ആ സംഭവം. താന്‍ ജീവനുതുല്യം സ്‌നേഹിച്ച സ്ഥാപനത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരിക എന്നത്. അതും തന്റേതല്ലാത്ത കാരണംകൊണ്ട്. പിന്നീട് എടക്കര ഗൈഡന്‍സ് കോളെജിലും അഴിഞ്ഞിലം ഐഎച്ച്‌ഐആറിലും. രോഗം തന്നെ അവശനാക്കുന്നതുവരെ അദ്ദേഹം വിജ്ഞാനം പകര്‍ന്നുകൊടുത്തുകൊണ്ടിരുന്നു.

അബ്ദുസ്സലാം സുല്ലമി പ്രതിഭാധനനായ പ്രഭാഷകനായിരുന്നില്ല; പക്ഷേ ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ നടത്തി. അദ്ദേഹം ഇരുത്തംവന്ന എഴുത്തുകാരനായിരുന്നില്ല; പക്ഷേ ആയിരക്കണക്കിന് പേജുകള്‍ എഴുതി. എഴുത്തിന്റെ കാര്യത്തില്‍ സുല്ലമിയെ ഒട്ടൊക്കെ സഹായിക്കാന്‍ അവസരം കിട്ടിയ ഒരാളെന്ന നിലയില്‍ എനിക്കു പറയാനാവും അദ്ദേഹം അത് സാധിച്ചെടുത്തത് ആത്മാര്‍ഥത കൊണ്ടു മാത്രമായിരുന്നുവെന്ന്. വാഗ്മിത വരദാനമായി കിട്ടിയില്ലെങ്കിലും അപാരമായ ഓര്‍മശക്തി കൊണ്ട് അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു. വിജ്ഞാനം വിരല്‍ത്തുമ്പിലായ ഇക്കാലത്ത് ഡസന്‍കണക്കിന് ഗ്രന്ഥങ്ങള്‍ ഓരോരുത്തരുടെയും മൊബൈല്‍ ഫോണിലുണ്ടാവും. പക്ഷേ, അതില്‍ നിന്ന് ലഭിക്കുന്ന അല്പ ജ്ഞാനവും താത്ക്കാലികമായ കട്ട് ആന്റ് പെയ്സ്റ്റ് സംസ്‌കാരവും വൈജ്ഞാനികമായ മുരടിപ്പിലേക്ക് നയിച്ചപ്പോള്‍ വായിച്ചതത്രയും ഓര്‍മിച്ചെടുക്കുന്ന സുല്ലമി പാണ്ഡിത്യം ഉപയോഗപ്പെടുത്തി; ഒരു ബട്ടന്‍പോലും അമര്‍ത്താതെ. വിജ്ഞാനസാഗരങ്ങള്‍ ഓരോന്നായി വറ്റിപ്പോകുമ്പോള്‍ വൈജ്ഞാനികമായ ഊഷരത നമ്മെ തുറിച്ചുനോക്കുന്നു. വസ്തുതകള്‍ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ തേടേണ്ടത് സമുദായ നേതൃത്വമാണ്.

അഞ്ചു വര്‍ഷത്തെ അഫ്ദലുല്‍ ഉലമാ കോഴ്‌സില്‍ ഖുര്‍ആന്‍ സാമാന്യമായി പഠിക്കുന്നു. ഹദീസ് ഗ്രന്ഥങ്ങള്‍ പരിചയപ്പെട്ടുപോകുന്നു. ആവശ്യമുള്ളത് നേടാവുന്ന പരുവത്തില്‍ വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടുതരുന്നു. പക്ഷേ, അതിലൂടെ കടന്നുകയറിയവര്‍ വിരളം. അബ്ദുസ്സലാം സുല്ലമി അപവാദമായിരുന്നു. അദ്ദേഹം ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചു; വിശേഷിച്ചും ഹദീസ്. അധികമാരും കടന്നുചെല്ലാത്ത മേഖലയാണത്. ആ രംഗത്ത് അദ്ദേഹം ഏറെ പഠനങ്ങള്‍ നടത്താന്‍ ഒരു പശ്ചാത്തലംകൂടിയുണ്ടായിരുന്നു. ഖുര്‍ആനും ഹദീസും ജനങ്ങളെ പഠിപ്പിച്ച് മുന്നേറിയ ഇസ്‌ലാഹീ പ്രസ്ഥാനം സമൂഹത്തെ നവോത്ഥാനത്തിന്റെ ഔന്നത്യത്തിലേക്ക് തെളിക്കുകയായിരുന്നു. അപ്പോഴാണ് പ്രസ്ഥാനത്തിന്റെ ഓരങ്ങളില്‍ നിന്നുതന്നെ അശനിപാതം പോലെ ഒരു മഹാമാരി വന്നുവീഴുന്നത്; ഹദീസ് നിഷേധ പ്രവണത. നബിചര്യയുടെ പ്രാമാണികത തന്നെ ചോദ്യം ചെയ്തുകൊണ്ട് ഓറിയന്റലിസ്റ്റ് വാദങ്ങളുടെ മലയാളപ്പതിപ്പ് കേരളത്തിലിറങ്ങി; ചേകന്നൂര്‍ മൗലവിയിലൂടെ. സാഹചര്യത്തിന്റെ അനിവാര്യത എന്നോണം സുല്ലമി ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹം നേടി. ഓറിയന്റലിസ്റ്റ് വാദത്തിന്റെ ഒന്നാം വരവില്‍ ആദരണീയനായ എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ വാഗ്മിതക്കു മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്ക്കാനായില്ല. ഒരു ഇടവേളയ്ക്കു ശേഷമുള്ള അവരുടെ രണ്ടാം വരവിനെ നേരിട്ടത് സലാം സുല്ലമിയുടെ തൂലികയായിരുന്നു; അബൂഹുറയ്‌റ എന്ന ഗ്രന്ഥത്തിലൂടെ. മുഹമ്മദ് അമാനി മൗലവി മലയാളികള്‍ക്ക് സമ്മാനിച്ച മുസ്തഫസ്വിബാഇയുടെ മൗലിക ഗ്രന്ഥങ്ങളിലൊന്നായ സുന്നത്തും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന മഹദ്ഗ്രന്ഥം അടിത്തറയായി നിലകൊണ്ടു.

വിധിവൈപരീത്യമെന്നു പറയട്ടെ, ഹദീസുകളെപ്പറ്റി മറ്റൊരു വിതണ്ഡവാദവും അടുത്ത കാലത്ത് അരങ്ങേറി; ഹദീസ് രണ്ടാം പ്രമാണമെന്ന് പറഞ്ഞുകൂടെന്ന്. യാദൃച്ഛികമായിരിക്കാം, അതും കടന്നുവന്നത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ അകത്തളങ്ങളില്‍ നിന്നുതന്നെ. അതിനെയും പ്രമാണബദ്ധമായും യുക്തിഭദ്രമായും നേരിട്ടത് അബ്ദുസ്സലാം സുല്ലമിയുടെ ഹദീസ് പാണ്ഡിത്യമായിരുന്നു. ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹം നേടി, സനദും മത്‌നും ഇഴപിരിച്ച് പഠിപ്പിച്ച്, വൈജ്ഞാനിക രംഗത്തെ സമ്പുഷ്ടമാക്കിയ ആ പണ്ഡിതനെ ചിലര്‍ ആക്ഷേപിച്ചു; ഹദീസ് നിഷേധിയെന്ന്! സൈദ്ധാന്തികമായി എതിര്‍ക്കാന്‍ കഴിയാത്തവര്‍ ചീത്തവിളിക്കുക എന്നത് ലോകചരിത്രത്തില്‍ ഇതാദ്യമല്ല. ''അവരുടെ വായില്‍ നിന്ന് പുറത്തുവരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല'' (18:5)

എ അലവി മൗലവിക്കും സമശീര്‍ഷര്‍ക്കും നേരിടാനുണ്ടായിരുന്നത്, 'എഴുത്തും വായനയും പഠിക്കല്‍ അഭികാമ്യമല്ല; സ്ത്രീകള്‍ക്ക് നിഷിദ്ധവും' എന്ന് പറഞ്ഞിരുന്ന ഒരു തലമുറയെയായിരുന്നു. എന്നാല്‍ മകന്‍ അബ്ദുസ്സലാം സുല്ലമിയുടെ കാലത്ത് നേരിടേണ്ടിവന്നത് യാഥാസ്ഥിതികത്വത്തിന്റെ അച്ചടിപ്പതിപ്പുകളെയാണ്. ദിനേന എഴുതിവിടുന്ന അനേകം പേജ് അന്ധവിശ്വാസങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്ക് സാധൂകരണമായി വിശുദ്ധ ഖുര്‍ആനും ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള തടിച്ച പുസ്തകങ്ങള്‍. അനേകം പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാഹിനെതിരിലുള്ള ആക്രമണങ്ങള്‍.

ഇതെല്ലാം അബ്ദുസ്സലാം സുല്ലമി കണ്ടെത്തി വായിക്കുകയും ഉചിതമായ മറുപടി എഴുതുകയും ചെയ്തു. തൗഹീദുല്‍ മുസ്തഖീം, ജിന്ന്,പിശാച്,സിഹ്‌റ് തുടങ്ങിയ ഗ്രന്ഥങ്ങളും ശബാബ് വാരികയില്‍ വര്‍ഷങ്ങളായി എഴുതിവരുന്ന നെല്ലും പതിരും പംക്തിയും മേല്‍പറഞ്ഞ തരത്തിലുള്ള ഇസ്‌ലാമിക വിരുദ്ധ ആദര്‍ശങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ളതാണ്. ഇസ്‌ലാം: മൗലിക പഠനങ്ങള്‍, ഇസ്‌ലാമിലെ അനുഷ്ഠാന മുറകള്‍, സകാത്ത്, മയ്യിത്ത് സംസ്‌കരണം തുടങ്ങിയ നിരവധി മൗലിക രചനകളും സുല്ലമിയുടേതായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷയും വ്യാഖ്യാനവും, സ്വഹീഹുല്‍ ബുഖാരി, രിയാദുസ്സ്വാലിഹീന്‍ എന്നീ ഹദീസ് പരിഭാഷകളും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്.

-അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

No comments:

Post a Comment

Listen Islam from Right Source