പ്രിയപ്പെട്ട കുഞ്ഞാപ്പ; ജ്യേഷ്ഠനായ കളിക്കൂട്ടുകാരന്‍ | എ സഈദ് - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

പ്രിയപ്പെട്ട കുഞ്ഞാപ്പ; ജ്യേഷ്ഠനായ കളിക്കൂട്ടുകാരന്‍ | എ സഈദ്



ചുണ്ട് ചെവിയോടടുപ്പിച്ച് രണ്ടുമൂന്നു പ്രാവശ്യം ഞാന്‍ വിളിച്ചു: 'കുഞ്ഞാപ്പാ, കുഞ്ഞാപ്പാ...' എന്തെങ്കിലുമൊരു പ്രതികരണത്തിനായി പ്രതീക്ഷയോടെ കാത്തു. ഒരു അനക്കം. അല്ലെങ്കില്‍ ഒരു ഞരക്കം. പക്ഷേ ഒന്നും തന്നെയുണ്ടായില്ല.

കുഞ്ഞാപ്പാക്കു സുഖമില്ല എന്നുകേട്ട് എത്തിയതായിരുന്നു ഞങ്ങള്‍. ഞാനും സഹോദരി ജമീല ടീച്ചറും അനിയന്‍ മുബാറക്കും. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് സുഹൃത്ത് ലത്തീഫ് എടക്കര ഞങ്ങളെ നേരെ ഷാര്‍ജാ അല്‍ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചു. ഉച്ചക്ക് ഒരു മണിവരെയാണ് സന്ദര്‍ശകരുടെ സമയം. അതവസാനിക്കുന്നതിനു പത്തു മിനുട്ട് മുമ്പാണ് ഞങ്ങളവിടെയെത്തിയത്. നേരെ കാര്‍ഡിയാക് ഐ സി യുവില്‍. അവിടെ ഒന്നാമത്തെ ബെഡ്ഡില്‍ കുഞ്ഞാപ്പ കിടക്കുന്നു. അടുത്ത് ഭാര്യ. ഞങ്ങളെല്ലാം മാറിമാറി പ്രതീക്ഷയോടെ വിളിച്ചു നോക്കി. ഒരേ കിടപ്പുമാത്രം. അനക്കമില്ല. ഇടക്കെപ്പോഴോ തലയൊന്നു ഇടത്തോട്ടു ചെരിച്ചു. വിളിക്കുള്ള പ്രതികരണമാണെന്ന് ആശ്വസിച്ചു ഞങ്ങള്‍. അടഞ്ഞ കണ്‍മിഴികള്‍ക്കടിയില്‍ ചെറിയൊരു നനവും കണ്ടു. അതൊന്നും പ്രതികരണമാവണമെന്നില്ല എന്നു ഡോക്ടര്‍ പിന്നീട് വ്യക്തമാക്കി.


പിന്നീടുള്ള രണ്ടുദിവസങ്ങളില്‍ ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പുതപ്പിനടിയിലൂടെ കയ്യിട്ട് കൈകാലുകളില്‍ ഞാന്‍ പിടിച്ചുനോക്കും. ചില സമയങ്ങളില്‍ ചൂടുണ്ടെന്നു തോന്നും. തണുപ്പു തോന്നുമ്പോള്‍ അത് ഏസിയുടേതായിരിക്കുമെന്ന് ആശ്വസിക്കും. ഞങ്ങളെത്തി മൂന്നാംദിവസം രാവിലത്തെ സന്ദര്‍ശകസമയം കഴിഞ്ഞു മടങ്ങിയതായിരുന്നു ഞാന്‍. ഭക്ഷണം കഴിഞ്ഞു റൂമിലെത്തിയ ഉടനെ ഷാര്‍ജയില്‍ ജോലിചെയ്യുന്ന പെങ്ങളുടെ മകന്റെ ഫോണ്‍ വന്നു. 'മരിച്ചു.' ഉടനെ ആശുപത്രിയിലേക്ക് കുതിച്ചു. ഞാനെത്തുമ്പോള്‍ ആശുപത്രി സ്റ്റാഫ് ശരീരത്തില്‍ ഘടിപ്പിച്ച കുഴലുകള്‍ മാറ്റി ശരീരം വൃത്തിയാക്കുന്ന ജോലിയിലാണ്. അതുകഴിഞ്ഞ് അവര്‍ കര്‍ട്ടന്‍ മാറ്റി. വളരെ ശാന്തനായി ചുണ്ടിലൊരു ചെറുപുഞ്ചിരിയുണ്ടെന്നു തോന്നിക്കുംവിധം കുഞ്ഞാപ്പ കിടക്കുന്നു. അവസാനമായി ആ നെറ്റിയിലൊന്നു ചുംബിച്ച് ആരോ കാണിച്ചുതന്ന കസേരയില്‍ ഞാനിരുന്നു.

അബ്ദുസ്സലാം സുല്ലമിയെ കുഞ്ഞാപ്പ എന്നേ ഞങ്ങള്‍ വിളിക്കാറുള്ളൂ. ഞങ്ങള്‍ തമ്മില്‍ അഞ്ചുവയസ്സു വ്യത്യാസമുണ്ട്. എന്നാലും ഞങ്ങളെല്ലാം കളിക്കൂട്ടുകാരാണ്. ആട്ടക്കളം, കുടുകുടു, കോട്ടികളി, പമ്പരമേറ്, അണ്ടിക്കളി, പന്തുകളി തുടങ്ങി പലതും. എല്ലാറ്റിലും നേതാവായിരുന്നു കുഞ്ഞാപ്പ. സ്വന്തം കൈകൊണ്ട് ഞങ്ങള്‍ക്കെല്ലാം പമ്പരമുണ്ടാക്കിത്തരും. പഴയതുണികള്‍ ചുരുട്ടി ഉണ്ടയാക്കി അതിനുമുകളില്‍ ചണനൂല്‍ വരിഞ്ഞുകെട്ടി പന്തുണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു കുഞ്ഞാപ്പ. പിന്നീട് ലതര്‍ കൊണ്ടുണ്ടാക്കിയ പന്തിലേക്ക് മാറി. പല രീതിയില്‍ പണം സ്വരൂപിച്ച് ആദ്യമായി പന്തുവങ്ങിയ ദിവസം ഒരു ഉത്സവം തന്നെയായിരുന്നു ഞങ്ങള്‍ക്ക്. അതില്‍ കാറ്റുനിറച്ച് വായ്ഭാഗം കെട്ടാനും പന്തു പങ്ചറായാല്‍ അടയ്ക്കാനും കുഞ്ഞാപ്പ വൈദഗ്ധ്യം നേടി. അണ്ടിക്കാലം വന്നാല്‍ വല്യാപ്പാന്റെ പറമ്പില്‍ നിന്നും ഞങ്ങള്‍ അണ്ടിപൊറുക്കി ശേഖരിച്ചുവെക്കും. കുഞ്ഞാപ്പ തന്നെയാണ് സൂക്ഷിപ്പുകാരന്‍. പാട്ട നിറഞ്ഞാല്‍ എല്ലാവരെയും വിളിച്ചുകൂട്ടി അണ്ടിചുടും. പാകമായാല്‍ സ്വന്തം കൈകൊണ്ടുതന്നെ പൊളിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യും. അതിലെല്ലാം തുല്യത പാലിക്കാന്‍ വലിയ നിര്‍ബന്ധബുദ്ധിയായിരുന്നു കുഞ്ഞാപ്പാക്ക്. കഠിനാധ്വാനശീലനായ കുഞ്ഞാപ്പ വീട്ടുമുറ്റത്ത് പച്ചക്കറി നടും. മത്തനും കുമ്പളവും വെണ്ടയും പയറും കമ്പവുമെല്ലാം വീട്ടുമുറ്റത്ത് കായ്ചു നില്‍ക്കുന്നത് ഇപ്പോഴും കണ്ണില്‍ കാണുന്നതുപോലെ.

ക്രമേണ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങി. പത്താംക്ലാസ്സിലായപ്പോഴേക്കും കഠിനാധ്വാനം പഠിപ്പിലായി. കളിക്കാനൊന്നും ആളെക്കിട്ടില്ല. എപ്പോഴും എഴുത്തും വായനയും തന്നെ. കുഞ്ഞാപ്പ എഴുതിയ നോട്ടുകള്‍ പിന്നീട് പത്താംക്ലാസ്സില്‍ എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. ഒന്നാംക്ലാസോടെ എസ് എസ് എല്‍ സി പാസാവുന്നത് അക്കാലത്ത് വലിയ സംഭവമാണ്. കുഞ്ഞാപ്പ അതുനേടി. എന്തായിരുന്നു പ്രചോദനമെന്നറിയില്ല, ഒരുപക്ഷെ ദൈവനിശ്ചയമാവാം, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തുടര്‍പഠനം അറബിക്കോളേജിലാക്കാന്‍ തീരുമാനിച്ചു കുഞ്ഞാപ്പ. സ്വഭാവത്തില്‍ വീണ്ടും മാറ്റങ്ങള്‍. നല്ല വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയുമെല്ലാം കാര്യത്തില്‍ കണിശക്കാരനായിരുന്ന കുഞ്ഞാപ്പാക്ക് അതിലെല്ലാം താല്‍പര്യം കുറഞ്ഞു. ശ്രദ്ധമുഴുവനും പഠനത്തില്‍തന്നെ.

അതിനിടയില്‍ ചിലക്ലാസുകള്‍ക്കും പ്രസംഗങ്ങള്‍ക്കുമെല്ലാം പോവാന്‍ തുടങ്ങി. ആദ്യമായി പൊതുപ്രസംഗം നടത്തിയത് എവിടെയായിരിക്കുമെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ട് എനിക്കു സാധിക്കുന്നില്ല. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പഠിക്കുക, പഠിപ്പിക്കുക എന്ന ആ തപസ്യ അദ്ദേഹം തുടര്‍ന്നു, മരണംവരെ. കാര്‍ഡിയാക് അറസ്റ്റ് നടക്കുന്നതിനു തൊട്ടുമുന്‍പും അദ്ദേഹം എഴുത്തിലായിരുന്നുവെന്ന് ഭാര്യ അസ്മാബി ടീച്ചര്‍ പറഞ്ഞു. അവസാനമെഴുതിയ അക്ഷരങ്ങള്‍ കടലാസ്സില്‍ വ്യക്തമായി പതിയാതിരുന്നതു കണ്ട് പന്തികേടു തോന്നിയ അവര്‍ അദ്ദേഹത്തെ ബെഡ്ഡില്‍ ഇരുത്തുകയായിരുന്നു.

പ്രായോഗിക ജീവിതത്തിലേക്ക് കുഞ്ഞാപ്പാനെ കൊണ്ടുവരാന്‍ പലപ്പോഴും ഞാന്‍ പ്രയാസപ്പെട്ടിട്ടുണ്ട്. അതിലൊന്നായിരുന്നു വിവാഹം. വിവാഹം തന്നെ വേണ്ട എന്നുതീരുമാനിച്ചു ജീവിക്കുകയായിരുന്നു അദ്ദേഹം. തന്നെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുകയില്ല എന്ന ഒരു തോന്നല്‍. ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ച് മഞ്ചേരിക്കടുത്ത് ഒരു ആലോചനക്ക് തയ്യറായതായിരുന്നു. അപ്പോഴാണ് അറിയുന്നത്, സ്ത്രീധനം വേണ്ട എന്നുപറഞ്ഞപ്പോള്‍ ആ വീട്ടുകാര്‍ക്കൊരു സംശയം. പയ്യന് എന്തെങ്കിലും അസുഖമുണ്ടാവും. അല്ലാതെ സ്ത്രീധനം വേണ്ട എന്നു പറയുമോ? ആള്‍ വീണ്ടും പഴയപടിയായി. വിവാഹം വേണ്ട. മഞ്ചേരിയില്‍ നിന്നു തന്നെ രണ്ടാമതൊരു ആലോചന വന്നു. അറബിക്കോളജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ കുട്ടിയാണ്. പാവപ്പെട്ട കുടുംബമാണ്. എന്നെല്ലാം പറഞ്ഞപ്പോള്‍ ഒരുവിധം തയ്യാറായി. അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന്റെ മനസ്സിനിണങ്ങിയ ജീവിതപങ്കാളി.

ആദര്‍ശത്തിന്റെയും ആശയങ്ങളുടെയും ലോകത്ത് ജീവിച്ച ജ്യേഷ്ഠന്‍ പ്രായോഗികതയോടു പൊരുത്തപ്പെടാന്‍ പൊതുവെ മടികാണിച്ചു. അതുകാരണം ചട്ടക്കൂടുകളുടെ മര്യാദകള്‍ അദ്ദേഹത്തിനു പലപ്പോഴും അന്യമായിരുന്നു. അതുകൊണ്ടായിരിക്കാം നേതാക്കള്‍ക്കും സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്കും അദ്ദേഹം അനഭിമതനായി മാറിയത്. സംഘടനയുടെ താല്‍പര്യത്തിനനുസരിച്ച് അഭിപ്രായങ്ങളും നിലപാടും രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല.

പണ്ഡിതനൊന്നുമല്ലെങ്കിലും എന്റെ സഹപ്രവര്‍ത്തകരില്‍ പലരും പല വിഷയങ്ങളിലും എന്നില്‍ നിന്നും വിധിതേടാറുണ്ട്. വായിച്ചറിഞ്ഞ അറിവും ചെറുപ്പംമുതലേ വീട്ടില്‍ നടക്കുന്ന ചര്‍ച്ചകളില്‍നിന്നും കിട്ടിയ അറിവും എല്ലാറ്റിലുമുപരി സാമാന്യ ബുദ്ധിയുമുപയോഗിച്ച് ഞാനവര്‍ക്കു വിശദീകരണം കൊടുക്കാറുമുണ്ട്. വിഷയം ഗൗരവമുള്ളതാണെങ്കില്‍, ഞാനെത്തുന്ന നിഗമനങ്ങള്‍ ശരിയാണോ എന്നറിയാന്‍ ജ്യേഷ്ഠനെ സമീപിക്കും. അത്ഭുതകരമെന്നു പറയാം, സാമാന്യ ബുദ്ധികൊണ്ട് ഞാനെത്തുന്ന നിഗമനവും അറിവുകൊണ്ട് അദ്ദേഹം തരുന്ന വിധിയും അധിക പക്ഷവും ഒന്നുതന്നെയായിരുന്നു. മീറ്റിംഗ് കഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ മഞ്ചേരി ജംഗ്ഷനില്‍ ബാഗും പിടിച്ചു നില്‍ക്കുന്ന കുഞ്ഞാപ്പാനെ ഒന്നില്‍ കൂടുതല്‍ തവണ വണ്ടിയില്‍ കയറ്റി നാട്ടിലെത്തിച്ച അനുഭവം ഞാനോര്‍ക്കുന്നു. ബസ്സിന്റെ സമയം കഴിഞ്ഞ് വാഹനം കാത്തുനില്‍ക്കുന്ന ഈ രീതി പതിവാണെന്ന് പലരും പറഞ്ഞുകേട്ടിരുന്നു. എനിക്കു കുറ്റബോധം തോന്നാറുണ്ട്. മേഖല വ്യത്യസ്തമാണെങ്കിലും എന്നേക്കാള്‍ എത്രയോ കൂടുതല്‍ ദീനിനുവേണ്ടി അധ്വാനിക്കുന്ന ജ്യേഷ്ഠന്‍ ഇങ്ങനെ കഷ്ടപ്പെടുമ്പോള്‍ ഈ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ എനിക്കു അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍. അടുത്ത ചിലയാളുകളോടു ഞാനതു പങ്കുവെക്കുകയും ചെയ്തിരുന്നു.

മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതില്‍ പൊതുവേ വിമുഖനായിരുന്നു അദ്ദേഹം. മക്കളുടെ വിവാഹങ്ങളും മറ്റും കേമമാക്കാന്‍ നാട്ടുകാരും ബന്ധുക്കളുമായ ചെറുപ്പക്കാര്‍ തയ്യാറായി വന്നിട്ടും അദ്ദേഹം വഴങ്ങിക്കൊടുത്തിരുന്നില്ല. പണത്തിന്റെ കാര്യം ഒരിക്കല്‍ മാത്രമേ ജ്യേഷ്ഠന്‍ എന്നോടു സംസാരിച്ചിട്ടുള്ളൂ. സ്വന്തത്തെക്കാള്‍ കൂടുതല്‍ സ്‌നേഹിച്ച് ദീര്‍ഘകാലം സേവനം നടത്തിയശേഷം പുറത്തുപോരേണ്ടിവന്ന സ്ഥാപനത്തില്‍ നിന്നു തനിക്കുകിട്ടേണ്ട പ്രോവിഡന്റ്ഫണ്ട് തുക മകളുടെ വിവാഹാവശ്യത്തിനുവേണ്ടി ചോദിച്ചപ്പോള്‍ അവരെടുത്ത നിലപാട്. കേസുകൊടുക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹമതിനു തയ്യാറായില്ല. അതേസമയം, സ്വന്തത്തെപ്പോലെ അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനേകമാളുകളുണ്ട്. ഏറ്റവുമവസാനം ഷാര്‍ജയിലെ ആശുപത്രിയിലും മരണാനന്തര കാര്യങ്ങളില്‍ വീട്ടിലും ഞാന്‍ അവരെ കണ്ടു. എല്ലാവര്‍ക്കും നന്ദി.



-എ സഈദ്
(അബ്ദുസ്സലാം സുല്ലമിയുടെ സഹോദരനായ ലേഖകന്‍ എസ്ഡിപിഐ ദേശീയ അധ്യക്ഷനാണ്)

No comments:

Post a Comment

Listen Islam from Right Source