ഗവേഷണം സപര്യയാക്കിയ പണ്ഡിതന്‍ | ടി പി അബ്ദുല്ലക്കോയ മദനി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ഗവേഷണം സപര്യയാക്കിയ പണ്ഡിതന്‍ | ടി പി അബ്ദുല്ലക്കോയ മദനി



ഇസ്‌ലാഹീ കേരളത്തിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു എ അബ്ദുസ്സലാം സുല്ലമി. വിജ്ഞാന സമ്പാദനത്തിനായി ത്യാഗമനസ്സോടെ പ്രവര്‍ത്തിക്കുകയും പഠനവും ചിന്തയും ജീവിതാന്ത്യം വരെ ഒന്നിച്ച് കൊണ്ടുപോകുകയും ചെയ്ത വലിയ പണ്ഡിതന്റെ വിടവാണ് യഥാര്‍ഥത്തില്‍ അബ്ദുസ്സലാം മൗലവിയുടെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആദ്യകാല ഇസ്‌ലാഹീ പണ്ഡിതരില്‍ പ്രമുഖനായിരുന്ന മര്‍ഹൂം എ അലവി മൗലവിയുടെ പുത്രനായ അബ്ദുസ്സലാം മൗലവി കുടുംബ പാരമ്പര്യം നിലനിര്‍ത്തി ജീവിതം മുഴുക്കെ പ്രബോധനത്തിനായി ഉഴിഞ്ഞുവെക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു മഹാപണ്ഡിതന്റെ, പണ്ഡിതനായ മഹാനായ പുത്രന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

ഭൗതിക സാധ്യതകളെ അവഗണിച്ച് പ്രബോധന ദൗത്യവുമായി മുന്നേറാനും മറ്റേതിനേക്കാളും വിജ്ഞാന സമ്പാദനം മഹത്തായ പുണ്യകര്‍മമാണെന്ന് കരുതി ആ മാര്‍ഗത്തില്‍ അധ്വാനനിരതനാവാനും കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തുന്നത്. മൗലവിയുടെ പഠന ഗവേഷണങ്ങള്‍ യാഥാസ്ഥിതിക സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ചിന്തയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഗവേഷണ പ്രധാനമായ വിഷയങ്ങളില്‍ മൗലവിയുടെ വീക്ഷണങ്ങളോട് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും മുന്‍ഗാമികളായ പണ്ഡിതന്മാര്‍ മാതൃക കാണിച്ച രീതിയില്‍ പരസ്പരം ആദരവ് വെച്ചു പുലര്‍ത്തുന്ന സമീപനങ്ങളാണ് പുലര്‍ത്തിയത്. സമകാലിക സാഹചര്യത്തിലും വിശാല മനസ്‌കതയോടെ എല്ലാം ഉള്‍ക്കൊള്ളാനുള്ള സമീപനമായിരിക്കണം നാം സ്വീകരിക്കേണ്ടത്.


വിനയവും ലളിതജീവിതവുമാണ് മൗലവിയുടെ വ്യക്തിത്വത്തെ വേറിട്ടുനിര്‍ത്തുന്ന സ്വഭാവഗുണങ്ങള്‍. അന്ധമായ അനുകരണത്തില്‍ (തഖ്‌ലീദുല്‍ അഅ്മാ) നിന്ന് കൂടുതല്‍ അപകടകരമായ അന്ധമായ അനുകരണത്തിലേക്ക് വീണ് സമൂഹം വഴിപിഴച്ചുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ പണ്ഡിതനായിരുന്നു അബ്ദുസ്സലാം മൗലവിയെന്ന് അദ്ദേഹത്തിന്റെ പ്രബോധനജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഹദീസുകളുടെ പ്രാമാണികതയില്‍ അവഗാഹമുള്ള മൗലവിയുടെ വൈജ്ഞാനിക സംഭാവനകളാണ് പ്രമാണങ്ങളെക്കുറിച്ച് പഠിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കിയത്. അദ്ദേഹത്തിന് സംഘടനയോടും സംഘടനക്ക് അദ്ദേഹത്തോടും ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇടഞ്ഞുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇരു വിഭാഗത്തിന്റെയും ഗുണങ്ങളെയും മാതൃകാപരമായ സമീപനങ്ങളെയും പരസ്പരം പുണര്‍ന്നും ഉള്‍ക്കൊണ്ടും വിശാല മനസ്‌കതയോടെ മുന്നോട്ടു പോകാന്‍ മൗലവിക്ക് സാധിച്ചിരുന്നു. പ്രബോധിത സമൂഹത്തെ ഒട്ടും പരിഗണിക്കാതെ അന്തസ്സാര ശൂന്യമായ വാചകക്കസര്‍ത്തു കൊണ്ട് പ്രഭാഷണങ്ങളെ കൊണ്ടുപിടിക്കുന്ന പലര്‍ക്കും മൗലവിയുടെ പ്രഭാഷണങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുണ്ട്. ലളിതവും ഹൃദ്യവും ആയ ശൈലിയില്‍ ആശയ ഗാംഭീര്യത്തോടെ വിഷയമവതരിപ്പിക്കുന്ന ശൈലിയാണ് മൗലവി സ്വീകരിച്ചുവരാറുള്ളത്.

പണ്ഡിതന്മാര്‍ക്കിടയില്‍ പ്രമാണബന്ധിതമായി പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടാവുക സ്വാഭാവികമാണ്. മൗലവിയുടെ ചില വിഷയങ്ങളോടുള്ള വിയോജിപ്പുകളെയും ആ നിലയ്ക്കാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിയോജിക്കുന്നവര്‍ പോലും ആ മഹാനായ പണ്ഡിതന്റെ ജീവിതത്തില്‍ നിന്ന് അനുകരണീയ മാതൃകകള്‍ ഉള്‍ക്കൊള്ളുന്നു എന്നത് ആര്‍ക്കും നിഷേധിക്കാവതല്ല. കര്‍മധന്യമായ ജീവിതം അടയാളപ്പെടുത്തി നമ്മോട് വിടവാങ്ങിയ മൗലവിയുടെ പരലോക ജീവിതം അല്ലാഹു സൗഖ്യപൂര്‍ണമാക്കി കൊടുക്കട്ടെ.

-ടി പി അബ്ദുല്ലക്കോയ മദനി

No comments:

Post a Comment

Listen Islam from Right Source