സംഘടനാ വിയോജിപ്പുകള്‍ക്കപ്പുറം സൗഹൃദത്തിന്റെ കൂട്ട് | ശൈഖ് മുഹമ്മദ് കാരകുന്ന് - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

സംഘടനാ വിയോജിപ്പുകള്‍ക്കപ്പുറം സൗഹൃദത്തിന്റെ കൂട്ട് | ശൈഖ് മുഹമ്മദ് കാരകുന്ന്



അബ്ദുസ്സലാം സുല്ലമിയെ ഏറ്റവും കൂടുതല്‍ കണ്ടുമുട്ടിയതും ഒരുമിച്ച് കഴിച്ചുകൂട്ടിയതും മഞ്ചേരി അങ്ങാടിയില്‍ വെച്ചാണ്. നാട്ടിലേക്കുള്ള അവസാനത്തെ ബസ്സും പോയ ശേഷം മഞ്ചേരിയില്‍ എത്തിപ്പെടുന്നതിനാല്‍ കാരക്കുന്ന് വഴി എടവണ്ണയിലേക്കുള്ള ഏതെങ്കിലും വാഹനത്തില്‍ ഇടം കിട്ടാനുള്ള ശ്രമത്തിലായിരിക്കും ഇരുവരും. ചിലപ്പോള്‍ കാത്തിരിപ്പ് ഏറെ നേരം നീണ്ടുനില്‍ക്കും. അതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുമുട്ടിയിരുന്നത് മഞ്ചേരിക്കും കോഴിക്കോടിനും ഇടയിലുള്ള ബസ് യാത്രകളിലായിരുന്നു. ഇരുവരുടെയും വശം ബാഗുണ്ടായിരിക്കും. രണ്ടിലും വായനക്കുള്ള പുസ്തകങ്ങളും.

അബ്ദുസ്സലാം സുല്ലമി സമകാലീന കേരളീയ സമൂഹത്തിലെ മതപണ്ഡിതന്മാരില്‍ നിന്നും നേതാക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. അക്ഷരാര്‍ഥത്തില്‍ ലാളിത്യത്തിന്റെ ആള്‍രൂപം. യാത്ര എപ്പോഴും ബസ്സിലും ട്രെയ്‌നിലുമായിരുന്നു. ഉടുപ്പും നടപ്പും ലാളിത്യം വിളംബരം ചെയ്യുന്നതും.

താമസം 'ഇണക്കം' എന്നര്‍ഥം വരുന്ന ഈലാഫ് എന്ന തികച്ചും അനാര്‍ഭാടമായ വീട്ടിലായിരുന്നു. ഇരുത്തം മനോഹരമായി അടുക്കിവെച്ച മഹാഗ്രന്ഥങ്ങള്‍ നിറഞ്ഞ ചെറു മുറിയിലും. അവസാനമായി കണ്ടത് മൂത്രാശയ സംബന്ധമായ രോഗത്തിനടിമപ്പെട്ട് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്. അപ്പോഴും മുന്നില്‍ തുറന്നുവെച്ച ഗ്രന്ഥങ്ങളായിരുന്നു. തപസ്സമാനമായ വായനയും പഠനവും നിരന്തരമായ എഴുത്തും ജീവിത മുദ്രയാക്കിയ പണ്ഡിതശ്രേഷ്ഠനാണ് മര്‍ഹൂം സുല്ലമി. എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ മാത്രം മുപ്പതു കൊല്ലം അധ്യാപകനായി സേവനമനുഷ്ഠിച്ച സുല്ലമി ആയിരക്കണക്കിന് പ്രസംഗങ്ങള്‍ നടത്തിയിരിക്കുമെന്നാണ് അടുത്തിടപഴകിയവര്‍ പറയുന്നത്.


ഈ ലേഖകനും സുല്ലമിയും സഞ്ചരിച്ചത് വ്യത്യസ്ത വഴികളിലായിരുന്നുവെങ്കിലും ഞങ്ങള്‍ക്കിടയില്‍ ചില സമാനതകളുണ്ട്. രണ്ടുപേരും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലീവെടുക്കുകയും പിന്നീട് ജോലി രാജിവെക്കുകയും ചെയ്തു. ഈ ലേഖകന്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചുമതല ഏറ്റെടുക്കാന്‍ എടവണ്ണ ഹൈസ്‌കൂളിലെ അധ്യാപന ജോലിയോട് വിട പറഞ്ഞു. സുല്ലമി സാഹിബ് എടവണ്ണ ജാമിഅ നദ്‌വിയ അധ്യാപന ജോലി ഏറ്റെടുക്കാനായി വയനാട് സ്‌കൂളിലെ സര്‍ക്കാര്‍ ജോലി ഒഴിവാക്കി. ചേകനൂര്‍ മൗലവി ഹദീസ് നിഷേധത്തിന് തുടക്കം കുറിച്ച കാലത്ത് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കവെ, വിരക്ക് മരുന്ന് കണ്ടെത്തിയതിനാല്‍ പന്നി മാംസം കഴിക്കാവുന്നതാണെന്ന് പറയവെ റൗദത്തുല്‍ ഉലൂമിലെ വിദ്യാര്‍ഥിയായിരുന്ന ഈ ലേഖകന്‍ അതിനെ ചോദ്യം ചെയ്തു. എടവണ്ണയില്‍ വന്ന് ഹദീസ് നിഷേധ പ്രസംഗം നടത്തിയ ചേകനൂര്‍ മൗലവിയെ അരീക്കോട് സുല്ലമുസ്സലാം വിദ്യാര്‍ഥിയായിരുന്ന അബ്ദുസ്സലാം ചോദ്യം ചെയ്തത് ഏറെ ശ്രദ്ധേയമായി. ഉള്ളടക്കത്തിലും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ടെങ്കിലും ഇരുവരും ചേകനൂര്‍ മൗലവിയുടെ അബൂഹുറയ്‌റ വിമര്‍ശനങ്ങള്‍ക്ക് മറുപടി ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അബ്ദുസ്സലാം സുല്ലമിയുടെ ഖാദിയാനി വിമര്‍ശക പഠനത്തിന് അവതാരിക എഴുതാന്‍ ഈ ലേഖകന് അവസരം ലഭിക്കുകയും ചെയ്തു.

വിദ്യാര്‍ഥി ജീവിതകാലത്തു തന്നെ വായന ജീവിത വ്രതമാക്കി വിജ്ഞാനത്തിന്റെ മഹാസാഗരത്തില്‍ മുങ്ങിക്കുളിക്കാനാരംഭിച്ച സുല്ലമി ജാമിഅയില്‍ അധ്യാപകനായതോടെ അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി. അദ്ദേഹം ഹദീസ് നിഷേധ കാലത്താണ് ഈ രംഗത്തേക്ക് കടന്നുവന്നത്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ മുഖ്യ ഊന്നല്‍ നല്‍കിയത്.


അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം കലഹിച്ച സുല്ലമി മതത്തിന്റെ പേരിലുള്ള വരട്ടുവാദങ്ങളെയും അക്ഷരവായനയെയും ശക്തമായി നേരിട്ടു. ഹദീസുകളെ വിശുദ്ധ ഖുര്‍ആനോടും ന്യായപ്രമാണങ്ങളോടും ചേര്‍ത്തുവെച്ച് വായിച്ചതിനാല്‍ ഒരു വിഭാഗം അദ്ദേഹത്തെ ഹദീസ് നിഷേധിയായി മുദ്രകുത്തി. എന്നാല്‍ ബുഖാരിക്ക് വ്യാഖ്യാനം രചിക്കുകയും രിയാളുസ്സ്വാലിഹീന്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത പ്രഗത്ഭനായ ഹദീസ് പണ്ഡിതനും പ്രവാചക ചര്യയുടെ സേവകനുമാണ് അദ്ദേഹമെന്ന വസ്തുത പലരും വിസ്മരിച്ചു. വിശുദ്ധഖുര്‍ആനും സുല്ലമി വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നു പറയാന്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. സൂഫി വര്യനെപ്പോലെ ജീവിത വിരക്തി പുലര്‍ത്തിയ അദ്ദേഹത്തിന് ഭൗതിക നഷ്ടങ്ങളെപ്പറ്റി അശേഷം ആശങ്കപ്പെടേണ്ടതുണ്ടായിരുന്നില്ല. ഒരിക്കല്‍ പറയുകയോ എഴുതുകയോ ചെയ്തു എന്ന കാരണത്താല്‍ സത്യം ബോധ്യമായാല്‍ തിരുത്തി പറയാനോ എഴുതാനോ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. ഇക്കാര്യം എനിക്ക് നേരിട്ട് അനുഭവിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സുല്ലമിയുടെ സമീപനത്തിന് വളരെ വ്യത്യസ്തമായ രണ്ടു ഘട്ടങ്ങളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ അതിനിശിതമായും രൂക്ഷമായും ഒട്ടൊക്കെ പരുഷമായും വിമര്‍ശിച്ചിരുന്ന ആദ്യകാലം. കാല്‍ നൂറ്റാണ്ടോളം നീണ്ടുനിന്ന അക്കാലത്ത് ഈ ലേഖകന് അദ്ദേഹത്തെ സ്റ്റേജുകളിലും പേജുകളിലും എതിരിടേണ്ടി വന്നു. അപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഗാഢമായ വ്യക്തിബന്ധം നിലനിന്നു. തികഞ്ഞ സൗഹൃദത്തിന്റെയും സഹകരണത്തിന്റേതുമായിരുന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ രണ്ടാം ഘട്ടം. ശാന്തപുരം അല്‍ജാമിഅയില്‍ അധ്യാപനം നടത്താനും പ്രബോധനം വാരികയില്‍ എഴുതാനും ജമാഅത്തിന്റെ വേദികളില്‍ വരാനും അദ്ദേഹം ഒട്ടും വിമുഖത കാണിച്ചില്ല.

സ്വതന്ത്രചിന്തക്ക് വലിയ പ്രാധാന്യം കല്പിച്ച മഹാപണ്ഡിതന്‍ കൂടിയായിരുന്നു അബ്ദുസ്സലാം സുല്ലമി. പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ ചിലര്‍ തന്നെ പിറകോട്ടു സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ അത്യധികം അസ്വസ്ഥനായ അബ്ദുസ്സലാം സുല്ലമി അടങ്ങിയിരുന്നില്ല. അതിനെതിരെ തന്റെ നാവും പേനയും ചലിപ്പിച്ചു. എല്ലാറ്റിന്റെയും നേരെ ഹറാമിന്റെ ബോര്‍ഡ് വെക്കുകയും കുഫ്‌റിന്റെ ഫത്‌വയിറക്കുകയും നിഫാഖിന്റെ മുദ്ര ചാര്‍ത്തുകയും ചെയ്യുന്ന സമീപനത്തോട് തീര്‍ത്തും വിയോജിച്ചു. അതുകൊണ്ടു തന്നെയാകാം തന്റെ അവസാനപുസ്തകം 'സംഗീതം നിഷിദ്ധമല്ല' എന്നായത്. അതിന് അവതാരികയെഴുതിയത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ചീഫ് എഡിറ്റര്‍ വി എ കബീറാണെന്നത് ഐ പി എച്ചുമായുള്ള അദ്ദേഹത്തിന്റെ വൈജ്ഞാനിക സൗഹൃദത്തിന്റെ സാക്ഷ്യമത്രെ. സുല്ലമിയുടെ വിയോഗത്തിലൂടെ വ്യക്തിപരമായി എനിക്കു നഷ്ടപ്പെട്ടത് ഒരാത്മ മിത്രത്തെയാണ്. സമൂഹത്തിന് പാണ്ഡിത്യത്തിന്റെ ഗരിമ പുലര്‍ത്തിയ, ലാളിത്യവും വിനയവും വിശാലവീക്ഷണവും ഉന്നത ചിന്തയും ഒത്തിണങ്ങിയ നല്ലൊരു എഴുത്തുകാരനെയും പ്രഭാഷകനെയും. സ്വര്‍ഗ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

-ശൈഖ് മുഹമ്മദ് കാരകുന്ന്‌

No comments:

Post a Comment

Listen Islam from Right Source