പകരക്കാരില്ലാതെ പടിയിറക്കം | ഡോ. ജാബിര്‍ അമാനി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

പകരക്കാരില്ലാതെ പടിയിറക്കം | ഡോ. ജാബിര്‍ അമാനി



കേരളത്തിലെ പ്രമുഖനായ ഒരു ഇസ്‌ലാഹീ പണ്ഡിതനോടൊത്തുള്ള സംഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'അബ്ദുസ്സലാം സുല്ലമിക്ക് സമയത്തിന് വ്യാപ്തി കൂടുതല്‍ കാണുമായിരിക്കും! കാരണം എത്ര പെട്ടെന്നാണ് ഓരോ ഗ്രന്ഥങ്ങളും അദ്ദേഹം എഴുത പൂര്‍ത്തിയാക്കുന്നത്'. മുകളില്‍ ഉദ്ധരിച്ച അഭിപ്രായം എത്രത്തോളം യാഥാര്‍ഥ്യ നിഷ്ഠമാണ് എന്നതല്ല മര്‍മം. സമയത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് പൂര്‍വസൂരികളുടെ നിതാന്ത ജാഗ്രതയാണ് സുല്ലമിയുടെ ഓരോ വൈജ്ഞാനിക സൃഷ്ടിയിലും നാം അനുഭവിക്കുന്നത് ഓരോ സെക്കന്റില്‍പോലും സൂക്ഷ്മതാബോധമുള്ള പണ്ഡിതന്‍.

അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിട്ടുള്ള ആര്‍ക്കും ഇത് പെട്ടെന്ന് ബോധ്യപ്പെടും. വര്‍ത്തമാനകാലത്തെ സാങ്കേതിക സന്നാഹങ്ങളൊന്നും പ്രത്യക്ഷമായി ഉപയോഗിക്കാതെ, ഓരോ വൈജ്ഞാനിക സാഗരവും പേജുകളില്‍ നിന്ന് പേജുകളിലേക്ക് മറിച്ചാണ് അദ്ദേഹം കണ്ടെത്തിയത്. ഒരു 'ക്ലിക്കി'ലും 'ടച്ചി'ലും മിന്നിമായുന്ന വൈജ്ഞാനിക കാഴ്ചകളിലൂടെയല്ല, കുത്തിയിരുന്ന് വായിച്ചും അടുക്കി തയ്യാറാക്കിവെച്ച പേപ്പറുകളെ എഴുതിക്കറുപ്പിച്ചുമാണ് ധൈഷണിക പ്രഭാവം ഉജ്വലമായി അദ്ദേഹം നിലനിര്‍ത്തിയത്. കിതാബുകളിലെ വരികളും പേജും കൃത്യമായി തന്റെ എല്ലാ രചനകളിലും കാണാം.


ദിവസവും വ്യത്യസ്ത ക്ലാസുകളും പ്രഭാഷണങ്ങളും. കാലത്തിറങ്ങിയാല്‍ രാത്രി ഏറെ വൈകി തിരിച്ചെത്തുന്ന പതിവുകാഴ്ച. ദൂരസ്ഥലത്ത് വര്‍ഷങ്ങളായി തുടരുന്ന ഖുര്‍ആന്‍ ലേണിംഗ് ക്ലാസുകള്‍. സ്ഥിരമായി ആനുകാലികങ്ങളില്‍ ഗവേഷണാത്മക പഠനലേഖനങ്ങള്‍... ഖുതുബയും ഖത്തീബുമാര്‍ക്ക് പരിശീലനവും.. കുടുംബം, നാട്, വീട്.... യാത്രകള്‍ മുഴുവന്‍ നടന്നും ബസുകളിലും... എന്നിട്ടും ഇത്രയേറെ ഗഹനമായ ഇതിഹാസ ദൗത്യത്തിന് ഒരു പുരുഷായുസ്സ് സമര്‍പ്പിക്കപ്പെടുമ്പോള്‍ ന്യായമായും തോന്നിപ്പോവുന്നതാണ് സമയം കൂടുതല്‍ കിട്ടുന്നുവോ എന്ന മുകളില്‍ ഉദ്ധരിച്ച അഭിപ്രായം.

സമയത്തിന്റെ സദ്‌വിനിയോഗത്തെ പുതുതലമുറ തിരിച്ചറിഞ്ഞേ പറ്റൂ. പകരക്കാരില്ലാതെ പടിയിറങ്ങുന്ന പണ്ഡിതരുടെ ജീവിതമാതൃക നമ്മുടെ ഉള്ളുണര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും മരണം വരെയെങ്കിലും തുടരണം. അനുസ്മരണങ്ങള്‍ അവസാനിക്കുന്നതോടെ, ചരിത്രത്തിന്റെ ഭാഗമായി ചുരുങ്ങിപ്പോവരുത്. വിജ്ഞാനം ഉയര്‍ത്തപ്പെടുന്നത് പണ്ഡിതന്മാരുടെ വിയോഗത്തോടെയാണല്ലോ. നെടുവീര്‍പ്പുകളല്ല, നെഞ്ചൂക്കോടെ ദൗത്യവാഹകരാവുകയാണ് പരിഹാരം.

കൃത്യമായ കാലയളവ് ഓര്‍മയിലില്ല. ഞങ്ങളുടെ പ്രദേശത്ത് സംഘടിപ്പിച്ചിരുന്ന അഞ്ചും പത്തും ദിവസങ്ങള്‍ നീളുന്ന മതപ്രഭാഷണ പരിപാടികളില്‍ ഒന്നിലധികം ദിവസങ്ങളില്‍ സുല്ലമിയായിരുന്നു സ്ഥിരമായി പങ്കെടുക്കാറുള്ളത്. പ്രസ്തുത ദിവസങ്ങളില്‍ വീട്ടില്‍ വരാറുമുണ്ട്. അങ്ങനെയാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് പിതൃതുല്യനായ ഗുരുനാഥനായി ജീവിതത്തില്‍ മരണം വരെ തുടര്‍ന്നു. സംശയനിവാരണങ്ങള്‍ക്ക് വീട്ടില്‍ സന്ദര്‍ശിക്കുമ്പോള്‍, സുല്ലമിയുടെ പിതാവ് അലവി മൗലവിയും എന്റെ പിതാമഹന്‍ മുഹമ്മദ് അമാനി മൗലവിയും പി കെ മൂസ മൗലവിയും ചേര്‍ന്ന് എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ എഴുത്തുകളും കഠിനാധ്വാനവും സ്മരിച്ച് കണ്ണുനീര്‍ വാര്‍ക്കും. പ്രസ്ഥാനത്തിലുണ്ടായ പ്രതിസന്ധികളുടെ ആദ്യനാളുകളില്‍, അനുഭവിച്ചുതീര്‍ത്ത വേദനകളുടെ ഘട്ടങ്ങളില്‍, 'ആദര്‍ശ വ്യതിയാന(?) വിഷയങ്ങള്‍ പഠിക്കാനാണ് കൂടുതലും സന്ദര്‍ശിക്കുന്നത്.

തല്പരകക്ഷികള്‍ ഇത്രയേറെ അപഹസിച്ച ഒരു കര്‍മയോഗിയുടെ ഓരോ വിശകലനവും എത്രമേല്‍ ഗുണകാംക്ഷാ നിര്‍ഭരമായിരുന്നു! ചെറിയ ശബ്ദത്തില്‍ ചിരിച്ചും ഗദ്ഗദം ഉള്ളിലൊതുക്കിയും പണ്ഡിതാഭിപ്രായങ്ങളിലൂടെ ഓരോന്നും തലനാരിഴകീറി വിസ്തരിക്കുന്നതിനോ, മിനുട്ടുകള്‍ മാത്രം മതിയാവും. വല്ലാത്തൊരു ആശ്വാസത്തിലും മനോധൈര്യത്തിലും ദൃഢബോധ്യത്തിലുമാണ് 'ഈലാഫി'ന്റെ പടികളിറങ്ങാറുള്ളത്. ഏവരും അനുഭവിച്ച 'ഇണക്ക'ത്തിന്റെ ഇമ്പമുള്ള പതിവുകാഴ്ചയാണിത്.

'ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍ മക്ക-മദീനയിലേക്ക് മടങ്ങുന്നപോലെ ഹദീസ് വിജ്ഞാന അവലംബങ്ങള്‍ ഇന്ത്യയിലേക്കാണ് മടങ്ങുന്നത്' എന്ന പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഹദീസ് പഠനങ്ങളുടെ ആധികാരിക സ്രോതസ്സും അവലംബവും അബ്ദുസ്സലാം സുല്ലമിയായിരുന്നുവെന്നത് ചരിത്രം സാക്ഷിനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. പ്രസ്തുത ഹദീസറിവുകള്‍ നുകര്‍ന്ന് പണ്ഡിതരായി പരിചയപ്പെട്ടവരാണ് പിന്നീട്, ദയാദാക്ഷിണ്യമില്ലാത്ത ആരോപണങ്ങളാല്‍ സുല്ലമിയെ വേട്ടയാടിയത്. അപ്പോഴും പ്രതികരണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും മൂര്‍ച്ച കൂട്ടാതെ, തന്റെ ദൗത്യം തിരിച്ചറിഞ്ഞ് നിര്‍വഹിച്ച് ജ്ഞാനസപര്യയില്‍ മുന്നേറിയ അതുല്യമാതൃകയാണ് മലയാളികള്‍ക്ക് അദ്ദേഹത്തില്‍ കാണാനായത്. പുതിയകാലം ഈ വഴിയാണ് താല്പര്യപ്പെടുന്നതും.


ചേകന്നൂര്‍ വാദങ്ങളെ നിലംപരിശാക്കുന്നതില്‍ പ്രമാണികമായ പ്രതിപാദനംകൊണ്ട് സലാം സുല്ലമിയുടെ രചനകള്‍ ഉന്നതസ്ഥാനം വഹിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് പോലും അദ്ദേഹത്തിന്റെ രചനകളില്‍ നിന്ന് പ്രമാണരേഖകള്‍ പെറുക്കിയെടുത്ത് ചുട്ടമറുപടിക്കാരായി വേദി പങ്കിടുന്നവര്‍ അദ്ദേഹത്തെ ചേകന്നൂരിസത്തിന്റെ മുദ്രയടിക്കാതിരുന്നാല്‍ 'ഇമ്മിണിബല്ല്യേ' ആദര്‍ശസംരക്ഷകനാവില്ലെന്ന കിനാവ് അല്‍പ്പത്തരമായേ കാണാനാവൂ. മൗലവിയെ പരലോകത്ത് ധന്യമായ സ്ഥാനം നല്‍കി ആദരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് ഇനിയും തിരിച്ചറിയാത്തവര്‍ക്ക് നല്ല നമസ്‌കാരം പറയാനേ കഴിയൂ. എല്ലാപ്രായക്കാരിലും വൈജ്ഞാനിക പ്രസരണം നടത്താനാവുന്ന അസാമാന്യ പ്രതിഭാവിലാസം സുല്ലമിയില്‍ നമുക്ക് കാണാം. അതിസാധാരണക്കാര്‍ മുതല്‍ ഉന്നത ഗവേഷകര്‍വരെ മടുപ്പും മുഷിപ്പുമില്ലാതെയും സരളവും ലളിതവും എന്നാല്‍ ഗഹനവുമായും മതജ്ഞാനം പകര്‍ന്നുനല്‍കാന്‍ കഴിയുന്നു. 20 വര്‍ഷത്തിലധികം പഴക്കമുള്ള ഖുര്‍ആന്‍ ലേണിംഗ് ക്ലാസുകള്‍ കോഴിക്കോട്ടും വണ്ടൂരിലും മറ്റു സ്ഥലങ്ങളിലും ഉണ്ട്.

ഉന്നത അക്കാദമിക സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ സ്ഥാപനങ്ങളിലോ പള്ളികളിലോ കൊച്ചുമൂലകളില്‍ ഇരുന്നുള്ള 'ദര്‍സു'കളും ഭാവവ്യത്യാസമില്ലാതെ നിര്‍വഹിക്കുന്നു.പലരും പരാജിതരായി പിന്‍വാങ്ങിയ ഈ ആവിഷ്‌ക്കാരങ്ങളില്‍ മൗലവി വിജയിക്കുകയും മാതൃക കാണിക്കുകുയം ചെയ്തു.

പൗരാണിക മതജ്ഞാനങ്ങളെ വായിച്ച് വിശദീകരിക്കുന്നതിനുപകരം പ്രസ്തുത ജ്ഞാനവെളിച്ചത്തെ വര്‍ത്തമാനകാലത്തിന്റെ പരിസരത്തിലേക്ക് കൂട്ടിച്ചേര്‍ത്ത് വായിക്കുന്ന ശൈലിയാണ് സുല്ലമിയെ വ്യതിരിക്തനാക്കുന്നത്. അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ഓരോ വിശകലനത്തിലും ഈ തിളക്കം കാണാം. ജീവിക്കുന്ന കാലത്തിലേക്ക് ഊന്നല്‍ നല്‍കാത്ത മതപാഠങ്ങള്‍ ജീവനില്ലാത്തതായിരിക്കും. ബഹുസ്വര സമൂഹത്തിലെ പ്രബോധനം, സകാത്തും ആധുനിക പ്രശ്‌നങ്ങളും, ഖുര്‍ആന്‍ വെളിച്ചം, വിവാഹം അനന്തിരാവകാശങ്ങള്‍, കല-സാഹിത്യം-സംഗീതം തുടങ്ങിയ മേഖലകളിലെ ധൈഷണിക പ്രഭാവം ഇതിന് നിദര്‍ശമത്രെ! ആധുനിക അറബി ഇസ്‌ലാമിക പണ്ഡിതരുടെ കനപ്പെട്ട രചനകളിലെ വൈജ്ഞാനിക വിസ്മയങ്ങള്‍ മലയാളികള്‍ക്ക് ലഭ്യമാക്കാന്‍ അതുവഴി സാധ്യമായി. പക്ഷേ, ഓരോ വേര്‍പാടും എല്ലാ അര്‍ഥത്തിലും വേരറുത്ത് മാറ്റലാവുകയാണ്. സുല്ലമിയുടെ മരണവും പകരക്കാരില്ലാത്ത പടിയിറക്കമാണ്.

ഖുര്‍ആന്‍ ഹദീസ് പഠനങ്ങള്‍ക്ക് പുതുതലമുറയ്ക്കും, പൊതുസമൂഹത്തിനും സൗകര്യപ്പെടുന്ന എല്ലാ സൗകര്യങ്ങളോടുകൂടിയുള്ള ലൈബ്രറിയും, താമസ സൗകര്യവും ഉള്ള ഒരു സ്ഥാപനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിദേശത്തുള്ള അനുഭവങ്ങളും പങ്കുവെച്ചു. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും സാങ്കേതിക മികവുള്ള ഒരു ഗവേഷണ സ്ഥാപനത്തിന്റെ സാധ്യതകളല്ല പ്രായോഗികതകളാണ് ഈ സന്ദര്‍ഭത്തിലെങ്കിലും നമ്മുടെ ഊന്നലുകളില്‍ വേണ്ടത്.

-ഡോ. ജാബിര്‍ അമാനി

No comments:

Post a Comment

Listen Islam from Right Source