ജീവിതലാളിത്യത്തിന്റെ ആള്‍രൂപം | സി പി ഉമര്‍ സുല്ലമി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ജീവിതലാളിത്യത്തിന്റെ ആള്‍രൂപം | സി പി ഉമര്‍ സുല്ലമി



ദേശീയ പ്രസ്ഥാനത്തിന്റെയും മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങളുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മര്‍ഹൂം എടവണ്ണ എ അലവി മൗലവിയുടെ മകനായി പിറന്ന എ അബ്ദുസ്സലാം സുല്ലമി പഠനത്തില്‍ മിടുക്കനായിരുന്നു. ഫസ്റ്റ് ക്ലാസ്സോടെ എസ് എസ് എല്‍ സി പാസ്സായ ശേഷം തുടര്‍പഠനത്തിന് പിതാവിന്റെ വഴി തെരഞ്ഞെടുത്തു. അരീക്കോട് സുല്ലമുസ്സലാമില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പ്രാരാബ്ധങ്ങളുടെ നടുവിലായിരുന്നു അന്ന് എടവണ്ണ ജാമിഅ നദ്‌വിയ്യ. ജാമിഅക്ക് തന്റെ സേവനം ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം സുരക്ഷിതമായ സര്‍ക്കാര്‍ ജോലിയും ശമ്പളവും ഉപേക്ഷിച്ച് തുച്ഛമായ ശമ്പളത്തില്‍ ജാമിഅയില്‍ അധ്യാപകനായി ജോലി ചെയ്തു. പിതാവിന്റെ ഉപദേശങ്ങളും ജാമിഅയോടുള്ള ആത്മബന്ധവുമായിരുന്നു അതിനുള്ള പ്രേരണ.


ഹദീസുകളുടെ പ്രാമാണികത ചോദ്യം ചെയ്ത് ഹദീസ് നിഷേധ പ്രവണതകള്‍ രംഗത്തുവന്നപ്പോള്‍ സുല്ലമി അതിനെതിരെ ശക്തമായ ചെറുത്തുനില്പ് നടത്തി. ഹദീസുകളുടെ പ്രാമാണികത സ്ഥാപിക്കുന്ന ഗ്രന്ഥരചനകള്‍ നിര്‍വഹിച്ചു. പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സജീവമായി.


ഹദീസ് വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. അതിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ സ്വന്തമായി അഭിപ്രായം രേഖപ്പെടുത്താതെ മുന്‍കാല പണ്ഡിതന്‍ രേഖപ്പെടുത്തിയത് സമര്‍ഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിന്റെ വിശദാംശങ്ങളോട് വിയോജിപ്പുകളുണ്ടാവാം. എന്നാല്‍ വിയോജിപ്പുകളുടെ പേരില്‍ ആരെയും അധിക്ഷേപിക്കുവാനോ ഇകഴ്ത്തുവാനോ അദ്ദേഹം ശ്രമിച്ചില്ല.



പാണ്ഡിത്യത്തിന്റെ മുഖമുദ്ര വിനയമാണ് എന്ന് പറയാറുണ്ട്. വാക്കിലും പ്രവൃത്തിയിലും ഈ ലാളിത്യവും വിനയവും അദ്ദേഹം പുലര്‍ത്തി. പണ്ഡിത ജാടകളൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ബാഗും തൂക്കിപ്പിടിച്ച് വേദികളില്‍ നിന്ന് വേദികളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. ബസ്സ്റ്റാന്റുകളിലും കടത്തിണ്ണകളിലും ആരുമാരും ശ്രദ്ധിക്കപ്പെടാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു.

ഹദീസ് വിജ്ഞാനീയങ്ങളെ ആസ്പദമാക്കി ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇമാം ബുഖാരിയുടെ ഹദീസ് ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ പരിഭാഷയും ഖുര്‍ആന്‍ വെളിച്ചം എന്ന പേരില്‍ പുറത്തിറക്കിയ ഖുര്‍ആന്‍ വിശദീകരണ വാള്യങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

ഇമാം റാസിയുടെയും സയ്യിദ് റശീദ് റിളയുടെയുമുള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ഗ്രന്ഥരചനക്കും പഠനത്തിനുമായി ഒരായുഷ്‌ക്കാലം മാറ്റിവെച്ച സലാം സുല്ലമിയുടെ വിയോഗം നമ്മെ ദു:ഖിപ്പിക്കുന്നു. നാഥന്‍ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. അവന്റെ സ്വര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുമാറാകട്ടെ.

-സി പി ഉമര്‍ സുല്ലമി

No comments:

Post a Comment

Listen Islam from Right Source