സുന്നത്തിനെ സംരക്ഷിക്കാന്‍ പൊരുതിയ പണ്ഡിതന്‍ | എം ഐ അബ്ദുല്‍അസീസ് - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

സുന്നത്തിനെ സംരക്ഷിക്കാന്‍ പൊരുതിയ പണ്ഡിതന്‍ | എം ഐ അബ്ദുല്‍അസീസ്



കേരളത്തിലെ കിടയറ്റ ഇസ്‌ലാമിക പണ്ഡിതരില്‍ ഒരാളായിരുന്നു മര്‍ഹൂം എ അബ്ദുസ്സലാം സുല്ലമി. ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളെ ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കിയതിനെ പ്രചരിപ്പിക്കാനും ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. രചിച്ച പുസ്തകങ്ങളുടെ വൈപുല്യ വും പ്രഭാഷണ വേദികളിലെ നിത്യസാന്നിധ്യവും തന്നെ അതിന്റെ മികച്ച തെളിവാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹവുമായി എനിക്ക് വളരെയടുത്ത വ്യക്തിബന്ധമുണ്ട്. എന്റെ സഹോദരന്‍മാര്‍ അരീക്കോട് സുല്ലമുസ്സലാമില്‍ ചേര്‍ന്നതാണ് ഈ ബന്ധത്തിന് നിമിത്തമായത്.

പഠനരംഗത്തും പാഠ്യേതര മേഖലയിലും കഠിനാധ്വാന പ്രകൃതമുള്ള ചെറുപ്പക്കാരനായിരുന്നു അന്നദ്ദേഹം. പണ്ഡിതനായ സലാം സുല്ലമിയെ കേരള മുസ്‌ലിം സമൂഹം തിരിച്ചറിഞ്ഞപ്പോഴും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃതലങ്ങളിലായിരുന്നപ്പോഴും ലാളിത്യം ജീവിതമുദ്രയായി അദ്ദേഹത്തോട് ചേര്‍ന്ന് നിന്നു. വിനയാന്വിതനായ പണ്ഡിതനായിരുന്നു അദ്ദേഹം. ദീനീ വിജ്ഞാനത്തിന്റെ സമാഹരണവും വിതരണവുമാണ് തന്റെ ദൗത്യമെന്ന  തിരിച്ചറിവിലേക്ക് നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ കുടംബപശ്ചാത്തലവും കാരണമായിട്ടുണ്ടാവാം.

ആര്‍ജിച്ചെടുത്ത ദീനീ വിജ്ഞാനവും സര്‍ഗാത്മക കഴിവുകളും സമ്പൂര്‍ണമായും ദീനിന് വേണ്ടി തിരിച്ചു നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭൗതിക സുഖ സൗകര്യങ്ങള്‍ മുട്ടിവിളിക്കാത്ത കുടുംബ, സാമൂഹ്യ, പ്രാസ്ഥാനിക ജീവിത പശ്ചാത്തലമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റേത്. പക്ഷേ, അതാഗ്രഹിക്കുകയോ അവയ്ക്ക് പിന്നാലെ പോവുകയോ ചെയ്തില്ല. ദീനീ സേവനവും വൈജ്ഞാനിക മേഖലയുമാണ് തന്റെ പ്രവര്‍ത്തന മണ്ഡലം എന്ന് തിരിച്ചറിഞ്ഞു, അത് തെരഞ്ഞെടുത്തു. അപ്പുറത്തേക്ക് നോക്കി അസ്വസ്ഥനായതുമില്ല. കേരളത്തില്‍ ഇന്ന് ദീനീമേഖലയില്‍ സേവനമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതരും നേതാക്കളുമായ വലിയൊരു ഗണം ശിഷ്യസമ്പത്ത് അദ്ദേഹത്തിന് കേരളത്തിലും ഗള്‍ഫ് മലയാളികള്‍ക്കുമിടയിലുണ്ട്. ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ മാത്രം പരിമിതവുമല്ല അവര്‍.

സ്വന്തം കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്നതില്‍ ആരെയും ഭയപ്പെട്ടില്ല. ആക്ഷേപങ്ങള്‍ തളര്‍ത്തിയില്ല. നിലപാടുകളില്‍ കര്‍ക്കശക്കാരനായിരിക്കുമ്പോഴും സംവാദ സാധ്യതകള്‍ കെടാതെ സൂക്ഷിക്കാന്‍ സാധിച്ചു എന്നത് സവിശേഷ ഗുണം തന്നെയാണ്. ആദ്യ കാലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. സ്വന്തം വാഗ്വിലാസവും തൂലികയും ജമാഅത്ത് വിരുദ്ധ സംവാദങ്ങള്‍ക്കായി അദ്ദേഹം ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതൊക്കെയും ആശയപരം മാത്രമായിരുന്നു. അതില്‍ വിട്ടുവീഴ്ചക്ക് തയാറായതുമില്ല. എന്നാല്‍ യോജിപ്പിന്റെ മേഖലകളില്‍ തല്‍പരനായിരുന്നു.


സഹകരിക്കാവുന്ന മേഖലകളില്‍ അദ്ദേഹം സജീവമായി. അവസാന കാലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലുള്ള ശാന്തപുരത്തെ അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള അഭ്യര്‍ഥനയെ ആവേശത്തോടെയാണ് അദ്ദേഹം എതിരേറ്റത്. പ്രായവും പാണ്ഡിത്യവും പരിഗണിച്ച് എടവണ്ണയില്‍ നിന്നും ശാന്തപുരത്തേക്കും തിരിച്ചും വാഹനമേര്‍പ്പെടുത്താമെന്ന സ്ഥാപനത്തിന്റെ നിലപാടിനോട് അദ്ദേഹം വിയോജിച്ചു. ഞാന്‍ ബസില്‍ കയറി വന്നുകൊള്ളാം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഏറെക്കാലും അതങ്ങനെ തന്നെ തുടരുകയും ചെയ്തു.

കേരളത്തിലെ പൊതുമുസ്‌ലിം സമൂഹത്തിനകത്ത് ഉറച്ചുപോയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതി. പൊരുതുക മാത്രമല്ല, ഒരര്‍ഥത്തില്‍ ആ സമരത്തിന്റെ നായകരില്‍ ഒരാള്‍ കൂടിയായിരുന്നു.  ആ മാര്‍ഗത്തില്‍ പരീക്ഷണങ്ങളും പ്രയാസങ്ങളും അദ്ദേഹത്തെ തേടിവന്നു. ഹദീസ് വിജ്ഞാനീയങ്ങളിലെ തന്റെ അവഗാഹം മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജമായിട്ടുണ്ട്. ഒരുവേള, പ്രവാചകചര്യയ്ക്ക് ചുറ്റും പിടിച്ച ക്ലാവുകളും പടര്‍ന്നുപൊങ്ങിയ കളകളും നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കിയ പണ്ഡിതന്‍ എന്നാണ് അബ്ദുസ്സലാം സുല്ലമിയെ കേരള മുസ്‌ലിം ചരിത്രം രേഖപ്പെടുത്തേണ്ടത്.

പുതിയ തലമുറക്ക് ഏറെ പകര്‍ത്താനുണ്ട് സലാം സാഹിബില്‍നിന്ന്. മാതൃകയും പ്രോചദനവുമുണ്ട് ആ ജീവതത്തില്‍. വിശേഷിച്ചും പഠന ഗവേഷണങ്ങള്‍ക്കായുള്ള തപസ്യയുടെ കാര്യത്തില്‍. തെരഞ്ഞെടുത്ത വഴിയില്‍ ത്യജിക്കാനും സമര്‍പ്പിക്കാനുമുള്ള സന്നദ്ധതയില്‍. മര്‍ഹും അബ്ദുസ്സലാം സുല്ലമിയുടെ നന്മകള്‍ ഇനിയും നിലനില്‍ക്കും, ശിഷ്യ സമ്പത്തിലൂടെ. അദ്ദേഹത്തിന് അല്ലാഹു പരലോകത്ത് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. ആമീന്‍


-എം ഐ അബ്ദുല്‍അസീസ്
(ജമാഅത്തെ ഇസ്‌ലാമി കേരള അമീറാണ് ലേഖകന്‍)

No comments:

Post a Comment

Listen Islam from Right Source