ഏറനാട്ടിലെ പ്രകാശജ്വാല | എം അഹ്മദ്കുട്ടി മദനി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ഏറനാട്ടിലെ പ്രകാശജ്വാല | എം അഹ്മദ്കുട്ടി മദനി



1985 മുതല്‍ 2000 വരെയുള്ള ഘട്ടം ഏറനാടിന്റെ വിവിധ ഗ്രാമങ്ങളില്‍ അതിവേഗതയില്‍ നവോത്ഥാന മുന്നേറ്റമുണ്ടായ കാലമായിരുന്നു. പള്ളികളും മദ്‌റസകളും ധാരാളമായി ഉയര്‍ന്നുവന്നു. അവടങ്ങളിലെല്ലാമുള്ള അധ്യാപകര്‍ക്കും ഖതീബുമാര്‍ക്കും അവലംബവും ആശ്രയവും വിജ്ഞാനസ്രോതസ്സുമായിരുന്നു സുല്ലമി. എത്ര കോരിക്കൊടുത്താലും വറ്റാത്ത ഒരു നീരുറവയായിരുന്നു ആ മഹാപണ്ഡിതന്‍.

അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ചെറിയപള്ളി (കല്ലുവെട്ടിപ്പള്ളി) ഖബര്‍സ്ഥാനിലാണ് മൗലവിയുടെ ജനാസ മറവുചെയ്തത്. എടവണ്ണ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായി മാറുന്നതിന് കാരണമായ വിപ്ലവകരമായ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാണ് ആ മസ്ജിദ്. തന്റെ പിതാവ് എ അലവി മൗലവിയുടെ നേതൃത്വത്തില്‍ ജാമിഅ നദ്‌വിയ്യ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയതും ആ പള്ളിയില്‍ നിന്നായിരുന്നു. അക്കാലത്ത് അതിനുചറ്റും അധികമൊന്നും ആള്‍പ്പാര്‍പ്പുണ്ടായിരുന്നില്ല. വായനക്കും പഠനത്തിനും സ്വസ്ഥവും ശാന്തവുമായ ഇടംതേടി ചെറിയപള്ളിയില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടാറുണ്ടായിരുന്നു.

മര്‍ഹും പി ടി വീരാന്‍കുട്ടി സുല്ലമി ആ പ്രദേശത്തെ എല്ലാ ഖതീബുമാരെയും വ്യാഴാഴ്ച ദിവസങ്ങളില്‍ ഒരുമിച്ചുകൂട്ടി മൗലവിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. മതപരമായ ഏത് വിഷയങ്ങളിലും സംശയനിവാരണത്തിന് മൗലവി ഒരത്താണിയായിരുന്നു. ആരാധനകളുടെ ലാളിത്യവും ഇസ്‌ലാം അനുവദിക്കുന്ന ഇളവുകളും നാം പ്രാവര്‍ത്തികമാക്കുന്നതാണ് അല്ലാഹുവിന് ഏറെ ഇഷ്ടമെന്നത് അദ്ദേഹം ഊന്നിപ്പറയും.


ഓരോ പഠനക്ലാസും ജനമനസ്സുകളില്‍ ഏറെ സ്വാധീനിച്ചിരുന്നുവെന്നതിന് എടവണ്ണയില്‍ തന്നെ ധാരാളം തെളിവകളുണ്ട്. വലിയപള്ളിയില്‍ നടന്ന പ്രതിവാര ക്ലാസുകളില്‍ ജീവകാരുണ്യ സമൂഹക്ഷേമ പ്രവര്‍ത്തനങ്ങളുടെ മഹത്വം ഒരിക്കല്‍ വിശദീകരിച്ചു. അതില്‍ പ്രചോദിതരായ പഠിതാക്കളില്‍ ഡോ. സി പി ഉമര്‍കോയ, ഡോ. എ അഷ്‌റഫ് തുടങ്ങിയവര്‍ അപ്പോള്‍ തന്നെ കൂടിയാലോചിച്ചു. പാവപ്പെട്ട രോഗികളെ ചികിത്സിക്കാന്‍ ഒരു കേന്ദ്രം സ്ഥാപിക്കണമെന്ന തീരുമാനമായി. വി പി അഹ്മദ്കുട്ടി മാസ്റ്റര്‍, എന്‍ കരീം മദനി, പത്തായക്കോടന്‍ കുഞ്ഞഹമ്മദ് കുട്ടി ഹാജി, ഡോ. കുഞ്ഞീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇസ്‌ലാഹീ മെഡിക്കല്‍ കെയര്‍ ആന്റ് എയ്ഡ് (ഇംക) എന്ന ചികിത്സാകേന്ദ്രത്തിന് അങ്ങനെയാണ് തുടക്കമായത്. ചാളക്കല്‍ കോളനിയിലെ വെളുത്ത കൊറ്റിക്ക് മരുന്നു വിതരണം ചെയ്ത് ഡോ. എം ഉസ്മാന്‍ സാഹിബായിരുന്നു ഇംകയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പെരുന്നാള്‍ നമസ്‌കാരം ഈദ്ഗാഹില്‍ നിര്‍വഹിക്കുന്നതാണ് നബിചര്യയെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒരു ക്ലാസില്‍ മൗലവി സമര്‍ഥിച്ചപ്പോള്‍ ഉടനെ തന്നെ പൂന്തിരിപ്പാടത്ത് എടവണ്ണയിലെ ആദ്യത്തെ ഈദ്ഗാഹ് ഒരുങ്ങുകയായിരുന്നു. എന്നിട്ടും അത് ഉള്‍ക്കൊള്ളാനാവാതെ ചിലര്‍ ഈദ്ഗാഹ് ബഹിഷ്‌കരിച്ച് പള്ളിയില്‍പോയി ഇരുന്ന സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്.

1987-ലെ കുറ്റിപ്പുറം സമ്മേളനത്തിനു ശേഷമാണ് എല്ലാ മുജാഹിദ് മഹല്ലുകളിലും സകാത്ത് സെല്ലുകള്‍ സ്ഥാപിക്കണമെന്ന സംഘടനാ നിര്‍ദേശമുണ്ടാകുന്നത്. അതിനു മുമ്പുതന്നെ എടവണ്ണയിലെ സകാത്ത് കമ്മിറ്റി സംഘടിപ്പിക്കുന്നതില്‍ മൗലവി നേതൃത്വം നല്‍കി. മര്‍ഹും അലി അക്ബര്‍ മൗലവിയുടെ ഖുതുബകളും സംഘടിത സകാത്ത് സംഭരണ വിതരണത്തിന് മനസ്സുകളെ പാകപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. പെരുന്നാളിന് കവറിലിട്ട് സകാത്ത് കൊടുത്തിരുന്ന രീതിമാറ്റി സകാത്ത് ശേഖരണവും വിനിയോഗവും ഇസ്‌ലാമിക രീതിയില്‍ പുനക്രമീകരിക്കാന്‍ ഇതെല്ലാം കാരണമായി. സകാത്ത് സംവിധാനത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സംഘടനാപിളര്‍പ്പിനു ശേഷം എടവണ്ണയില്‍ സകാത്ത് സംവിധാനം കുറ്റമറ്റതാക്കിത്തീര്‍ക്കാന്‍ 'ബൈതുല്‍മാല്‍' സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നല്‍കി.

നിറംമങ്ങിയ പ്രാഥമിക മദ്‌റസാവിജ്ഞാനം മാത്രം കൈമുതലായുള്ള ധാരാളം യുവാക്കള്‍ക്ക് ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ധാര്‍മിക മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ ഉണര്‍ത്തലുകള്‍ പ്രേരകമായിട്ടുണ്ട്. കിഴക്കനേറനാടിന്റെ മലമടക്കുകളിലെ പല കുഗ്രാമങ്ങളിലും വാഹനസൗകര്യം പോലുമില്ലാതിരുന്ന 1980-കളില്‍ അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

എടക്കരയില്‍നിന്നും പുഴ കടന്ന് ഏഴ് കിലോമീറ്റര്‍ ദൂരം നടന്ന് കാരപ്പുറം എന്ന ഗ്രാമത്തില്‍ ഖുതുബ നിര്‍വഹിച്ച് വീണ്ടും കാല്‍നടയായി മടങ്ങുകയായിരുന്നു. ഒരിക്കല്‍ മൗലവിയെ കൂട്ടാന്‍ ഇടക്ക് വീട്ടില്‍ ചെല്ലാറുണ്ടായിരുന്ന പൈക്കാട്ടു പറമ്പന്‍ അബു സാഹിബ് തന്റെ അനുഭവം പറയുന്നത് ഇങ്ങനെ: മൗലവി സാധാരണ പുറപ്പെടുന്ന നേരം കഴിഞ്ഞിട്ടും യാത്രയ്ക്ക് ഒരുങ്ങിക്കാണുന്നില്ല. ധൃതി കൂട്ടിയപ്പോള്‍ 'അബൂക്കാ ആ കൂപ്പായമൊന്ന് ഉണങ്ങട്ടെ' എന്ന മറുപടിയാണുണ്ടായത്! അത്രയ്ക്ക് വസ്ത്ര ദാരിദ്ര്യം അനുഭവിച്ചിരുന്നിട്ടും ബസ് കൂലിയിലധികം ഒന്നും തന്നെ അദ്ദേഹം  വാങ്ങിയിരുന്നില്ലെന്ന് അവരിന്നും ഓര്‍ക്കുന്നു.

ഏത് വിഷയവും അനായാസം അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. കാരപ്പുറത്തിനടുത്ത കല്‍ക്കുളം ഗ്രാമത്തിലെ ഖാദിയാനികള്‍ തെറ്റിദ്ധാരണയുണ്ടാക്കുംവിധം പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഖാദിയാനിസത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ സ്വാധീനിച്ചു. ആ വിഷയത്തില്‍ അദ്ദേഹം പുസ്തകം രചിക്കുകയും ചെയ്തു. വിനയവും വായനയും എഴുത്തും ജീവിതശൈലിയാക്കിയ മൗലവി തന്നെ തേടിയെത്തുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കുമെല്ലാം പുഞ്ചിരിയോടെ ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വെളിച്ചം പകര്‍ന്നുകൊടുത്തു.

-എം അഹ്മദ്കുട്ടി മദനി

No comments:

Post a Comment

Listen Islam from Right Source