ജാമിഅ നദ്‌വിയ്യയിലെ കാലം | എം എം നദ്‌വി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ജാമിഅ നദ്‌വിയ്യയിലെ കാലം | എം എം നദ്‌വി



1970 മുതല്‍ 47 വര്‍ഷത്തെ പരിചയവും ബന്ധവുമാണ് അബ്ദുസ്സലാം സുല്ലമിയുമായിട്ടുള്ളത്. അരീക്കോട് സുല്ലമുസ്സലാം അറബിക്കോളെജില്‍ വെച്ചാണ് ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 ഡിസംബര്‍ മധ്യവാരത്തില്‍ അവസാനമായി കണ്ടുപിരിഞ്ഞു. 1978 മുതല്‍ 2002 വരെ 23 വര്‍ഷം ജാമിഅ നദ്‌വിയ്യയില്‍ ഒരുമിച്ചു ജോലി ചെയ്തു. അദ്ദേഹം ജാമിഅയില്‍ നിന്ന് വിട്ടശേഷം രണ്ടരവര്‍ഷം കൂടി ഞാന്‍ അവിടെ തുടര്‍ന്നു. ജാമിഅയിലെ ഞങ്ങളുടെ കൂട്ടായ ജീവിതം സന്തോഷത്തിന്റെയും ഹൃദ്യമായ സഹവര്‍ത്തിത്വത്തിന്റെയും ഊഷ്മളത നിറഞ്ഞ നാളുകളാണ്. നീണ്ട 24 വര്‍ഷത്തെ സ്ഥാപനത്തോടും സംഘടനയോടും ബന്ധപ്പെട്ട ഓര്‍മകള്‍ അനവധിയാണ്.

1978 ജനുവരി ഒന്നിന് ഞാന്‍ ജാമിഅയിലെത്തുമ്പോള്‍ അധ്യപകരായി നാലു പേരാണ് ഉണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ എം കെ അലി അക്ബര്‍ മൗലവി, അധ്യാപകരായി അഹ്മദ്കുട്ടി മൗലവി(കൊടിയത്തൂര്‍), കെ എ അബ്ദുല്ല മൗലവി (പട്ടര്‍കുളം), എ അബ്ദുസ്സലാം സുല്ലമി. അങ്ങനെ അഞ്ചാമനായി ഞാനുമെത്തി. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ എ കെ അബ്ദുല്ലത്തീഫ് മൗലവിയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.

അന്ന് ജാമിഅയില്‍ മൂന്ന് ക്ലാസുകളാണുള്ളത്. അറുപതോളം വിദ്യാര്‍ഥികളും. ഈ ക്ലാസുകളുടെ മറ്റൊരു പ്രത്യേകത ഒന്നും രണ്ടും ക്ലാസുകളിലെ 18 വിദ്യാര്‍ഥികള്‍ ജാമിഅയിലെ ഉപരിപഠനം നടത്തുന്നവര്‍. ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഹോസ്റ്റലില്‍ താമസിക്കുന്നു. എല്ലാവരും ആണ്‍കുട്ടികള്‍. അവരുടെ കരിക്കുലം ജാമിഅ നിശ്ചയിച്ചത്. അവര്‍ യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നില്ല. ഒരു ക്ലാസിലുള്ളവര്‍ മാത്രം യൂനിവേഴ്‌സിറ്റി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. അവരുടെ സിലബസ് യൂനിവേഴ്‌സിറ്റിയുടേതാണ്. ഈ ക്ലാസിന് രൂപം നല്‍കിയതും അതിന്റെ മേല്‍നോട്ടവും അബ്ദുസ്സലാം സുല്ലമി നേരിട്ട്.


ക്ലാസ് എല്ലാവരും എടുക്കുന്നുണ്ടെങ്കിലും അവരെ യൂനിവേഴ്‌സിറ്റി പരീക്ഷയ്ക്ക് തയ്യാറാക്കുന്നത് അദ്ദേഹമാണ്. അങ്ങനെ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതാനുള്ള അവകാശത്തിനുവേണ്ടി ആദ്യം വാദിച്ചതും അത് നടപ്പാക്കിയതും എ അബ്ദുസ്സലാം സുല്ലമിയാണ്. പിന്നീട് സിലബസ് പരിഷ്‌ക്കരണത്തിലൂടെ കമ്മിറ്റി അതംഗീകരിച്ചു. ജാമിഅ എന്ന കലാലയത്തിലേക്ക് വിദ്യാര്‍ഥികള്‍ പിന്നീട് ധാരാളമായി ഒഴുകാനുണ്ടായ ഒരു കാരണം സുല്ലമിയുടെ ഈ ധീരമായ നടപടിയും അതിന് അലി അക്ബര്‍ മൗലവിയുടെയും കമ്മിറ്റിയുടെയും സമ്മതവുമായിരുന്നു. അങ്ങനെ മറ്റു അഫ്‌ലിയേറ്റഡ് അറബിക്കോളെജുകളിലേതു പോലെ യൂണിവേഴ്‌സിറ്റി ഡിഗ്രി പാസാകാനുള്ള ഭാഗ്യം സ്വലാഹികള്‍ക്കും കൈവന്നു.

ജാമിഅ നദ്‌വിയ്യ അബ്ദുസ്സലാം സുല്ലമിയുടെ ജീവവായു ആയിരുന്നു. അമ്പത്തിമൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ഥാപനത്തില്‍ ഇന്നുവരെ ആരും സ്ഥാപനത്തിന്റെ ഭാവിക്കുവേണ്ടി ഒരു ഗവണ്‍മെന്റ് ജോലി ഒഴിവാക്കി വന്നുകൊണ്ട് അവിടെ സേവനം ചെയ്തിട്ടില്ല. എന്നാല്‍ മറിച്ചുള്ള ചരിത്രം നമുക്ക് കാണാന്‍ കഴിയും. സ്‌കൂള്‍ ജോലി ഒഴിവാക്കി ജാമിഅയില്‍ സേവനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ പലപ്പോഴും പല എയ്ഡഡ് അറബിക്കോളെജുകളില്‍ അധ്യാപക പോസ്റ്റുകള്‍ വന്നിരുന്നു. ചിലരെല്ലാം തങ്ങളുടെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ വിളിക്കുകയും ചെയ്തതായി അറിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴും എന്തുകൊണ്ട് നിങ്ങള്‍ ജാമിഅയിലെ ജോലി ഒഴിവാക്കി നല്ല ശമ്പളമുള്ള ഗവണ്‍മെന്റ് ജോലിക്കു പോകുന്നില്ല എന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു. സുല്ലമിയുടെ മറുപടി ഇതായിരുന്നു: അവിടെയെല്ലാം ജോലിക്ക് ധാരാളം ആളുകളെകിട്ടും. ഇവിടെയാണ് ആരും സ്ഥിരമായി നില്‍ക്കാത്തതും അധ്യാപകര്‍ ഒരു താല്ക്കാലിക ഇടത്താവളമായി കാണുന്നതും. അതുകൊണ്ട് എന്റെ സേവനം ഇവിടെയാണ് വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുല്ലമിയുടെ ഈ അചഞ്ചലമായ വാക്കുകേട്ട് ഗവണ്‍മെന്റ് സര്‍വീസിനു വേണ്ടി സാഹസപ്പെടുന്ന പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. അതായത് ഒരിക്കല്‍ ജാമിഅക്കുവേണ്ടി സര്‍വീസ് വേണ്ടന്ന് വെച്ച് ഒഴിവാക്കി. പിന്നീട് അത്തരത്തിലുള്ള അവസരങ്ങള്‍ വീണ്ടും കൈവന്നപ്പോള്‍ കഴിഞ്ഞത് അബദ്ധമായി എന്ന വിചാരത്തോടെ ഇനി സര്‍വീസില്‍ കയറാമെന്നു കരുതിയില്ല. ഇതദ്ദേഹത്തിന്റെ ഹൃദയശ്രീകോവിലില്‍ ജാമിഅയോടുള്ള സ്‌നേഹം പ്രതിഷ്ഠിച്ചതിന്റെ ഫലമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ജാമിഅയിലെ ക്ലാസുകള്‍ക്ക് സാധാരണ മറ്റു സ്ഥാപനങ്ങളെപ്പോലെ ഏഴ് പീരിയഡുകളാണ്. എന്നാല്‍ സലാം മൗലവിയുടെ പീരിയഡുകള്‍ ഒമ്പതായി അദ്ദേഹം സ്വയം തന്നെ തീരുമാനിക്കും. ഒന്ന് ഔദ്യോഗിക ക്ലാസ് തുടങ്ങുന്നതിനു മുമ്പ്. മറ്റൊന്ന് അവസാനത്തെ ബെല്ലടിച്ചശേഷവും. അതായത് ഏഴ് പീരിയഡ് മുടങ്ങാതെ കൃത്യമായി ക്ലാസില്‍ പോകാന്‍ തന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുമ്പോള്‍ അദ്ദേഹം മറ്റുള്ള ക്ലാസുകളില്‍ നിന്ന് തന്റെ ശിഷ്യഗണങ്ങള്‍ക്ക് ലഭിക്കാത്ത ചില വിഷയങ്ങള്‍ സ്വന്തമായി പഠിപ്പിച്ചുകൊടുക്കും. ഈ ക്ലാസുകളിലൂടെയാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വന്തമായ അഭിരുചികള്‍ തെരഞ്ഞെടുത്ത് ഭാവിയില്‍ പ്രസംഗകരും എഴുത്തുകാരുമായിത്തീര്‍ന്നത്.

ഇന്ന് ഇസ്‌ലാഹീ രംഗത്ത് അറിയപ്പെടുന്ന പ്രഗത്ഭരായ അധിക സ്വലാഹികളും സലാം മൗലവിയോട് ഈ വിഷയത്തില്‍ കടപ്പെട്ടവരും അദ്ദേഹത്തിന്റെ പ്രസ്തുത സ്‌പെഷ്യല്‍ ക്ലാസുകളില്‍ നിന്ന് വിജ്ഞനദാഹം തീര്‍ത്തവരുമാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുകള്‍, പുത്തന്‍ പ്രസ്ഥാനങ്ങള്‍, അവരുടെ വാദങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വളരെ ഭംഗിയായി ക്ലാസുകളില്‍ കൈകാര്യം ചെയ്യുന്നു. ഓരോ പ്രസ്ഥാനവും അതിന്റെ വാദങ്ങളും അവയുടെ മറുപടികളും സലാം സുല്ലമി വിദ്യാര്‍ഥികളെ ശരിക്കും ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തില്‍ ദീര്‍ഘമായ വായനയിലൂടെ എഴുതിക്കൂട്ടിയ കൈപ്പുസ്തകങ്ങളില്‍ ഏതൊരാള്‍ക്കും വേണ്ടത്ര വിജ്ഞാനമുണ്ട്. അതില്‍ ഒരു ഭാഗം മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. ഇമാം ഗസ്സാലിയെ(ഹി 455-505)ക്കുറിച്ച് ചരിത്രം പറയുന്നതിതാണ്: അമ്പത്തി അഞ്ച് വയസ്സ് മാത്രം ജീവിച്ച അദ്ദേഹം എഴുതിക്കൂട്ടിയതു മുഴുവന്‍ ഓരോ ദിവസത്തേക്കുമായി ഭാഗിക്കുകയാണെങ്കില്‍ അദ്ദേഹം ദിവസവും 80 പേജുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ അതിന്റെ ഒരംശം മാത്രമാണ് ഇവിടെ വെളിച്ചം കണ്ടത്.

1977-ല്‍ ദുറുല്‍ഉലും നദ്‌വത്തുല്‍ ഉലമായില്‍ ഞാന്‍ പഠിക്കുന്ന കാലത്താണ് മഹാപണ്ഡിതന്‍ അബ്ദുല്‍മാജിദ് ദര്‍യാബാദി മരിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും ഖുര്‍ആന്‍ പരിഭാഷ, മറ്റു ധാരാളം കൃതികള്‍ അദ്ദേഹത്തിനുണ്ട്. സുഖമില്ലാതെ കിടന്നപ്പോള്‍ വീട്ടില്‍പോയി സന്ദര്‍ശിച്ചു. മരിച്ചപ്പോള്‍ മയ്യിത്ത് നദ്‌വാ ഗ്രൗണ്ടിലെത്തിച്ചു. അവിടെയായിരുന്നു മയ്യിത്ത് നമസ്‌കാരം. അതിനു ശേഷം മൗലാനാ മന്‍സൂര്‍ നുഅ്മാനി(റ) അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ദര്‍യാബാദിയെക്കുറിച്ച് പരിചയപ്പെടുത്തി. അതില്‍ അദ്ദേഹം പറഞ്ഞു: ദര്‍യാബാദി തൂലികയുമായി രംഗത്തുവന്നതു മുതല്‍ ശേഖരിച്ചുവെച്ചിരിക്കുന്ന പത്രകട്ടിംഗുകളും പിന്നീട് ലേഖനമാക്കാന്‍ വേണ്ടി എഴുതിയിരിക്കുന്ന കൈപ്പുസ്തകത്തിലെ കുറിപ്പുകളും ഇനി വെളിച്ചം കാണേണ്ടതുണ്ട്. അങ്ങനെവന്നാല്‍ അദ്ദേഹം ഇന്നുവരെ എഴുതിയതിന്റെ എത്രയോ ഇരട്ടി ഇനിയും സമൂഹത്തിന് ലഭിക്കുമെന്നുറപ്പാണ്.

ഒരു കാര്യം ധൈര്യമായി പറയാന്‍ എന്നെ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. ഒരു വിദ്യാലയത്തിന്റെ വണ്ണവും വലിപ്പവും അതിന്റെ പേരും പ്രശസ്തിയും അതിന്റെ നിലനില്പുതന്നെ അതിലെ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകരിലൂടെയാണ്; അറിവും ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള അധ്യാപകര്‍ സ്ഥിരമായി ഒരു സ്ഥാപനത്തിലുണ്ടായാല്‍ അവിടെ ലക്ഷ്യബോധവും ബുദ്ധിയുള്ള വിദ്യാര്‍ഥികളും തമ്പടിക്കും. പക്ഷേ ഇതുപോലെ യഥാര്‍ഥ പണ്ഡിതന്മാരുടെ വിലയും മൂല്യവും മനസ്സിലാക്കുന്ന അവസ്ഥ സമൂഹത്തില്‍ വളരെ വിരളമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വളരെ ദുഖകരമാണിത്. ശൈഖ് മഹ്മൂദുല്‍ ഖാഹിരിയുടെ പ്രശസ്തമായ ഒരു കവിതാപുസ്തകമുണ്ട്. റസാനത്. അതിലദ്ദേഹം പറയുന്ന രണ്ട് വരികള്‍ നമുക്കിവിടെ ഓര്‍ക്കാം: ''വിജ്ഞാനത്തിന്റെവില അറിയാത്ത 'ജാഹില്' ഒരു പണ്ഡിതന്റെ കൂടെയാണ് വസിക്കുന്നതെങ്കിലും ആ വിജ്ഞാനത്തിന്റെ പരിമളം ആസ്വദിക്കാന്‍ അവന് കഴിയില്ല. താമരയുടെ ചുവട്ടില്‍ താമസിക്കുന്ന തവളക്ക് തരിമൂക്കില്ലാത്തതിനാല്‍ താമരയുടെ വാസന അറിയുന്നില്ല. അതേസമയം വിദൂരത്തുള്ള വണ്ട് തരിമൂക്കുള്ളതിനാല്‍ സുഗന്ധം ആസ്വദിച്ച് മധു നുകരാന്‍ വരുന്നു.''

അബ്ദുസ്സലാം സുല്ലമിയെ ജാമിഅ നദ്‌വിയ്യയില്‍ നിന്നകറ്റിയത് വിദ്യാര്‍ഥികള്‍ക്കും സ്ഥാപനത്തിനും വളരെ നഷ്ടം വരുത്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലേറെ ആ സ്ഥാപനത്തെ സ്‌നേഹിക്കുകയും നിസ്വാര്‍ഥമായി സേവിക്കുകയും ചെയ്ത ഒരു നിഷ്‌ക്കളങ്ക ഹൃദയത്തെ അതിന്റെ പ്രേമഭാജനത്തിന്റെ മടിത്തട്ടില്‍ നിന്ന് ബലാല്‍ക്കാരമായി എടുത്തെറിയലുമായിരുന്നു. അതും ഭൗതികമായി ഒരു നേട്ടവും പ്രതീക്ഷിക്കാത്ത ഹൃദയം!

'റോം നഗരം ഒരു രാത്രി കൊണ്ടുണ്ടായതല്ല' എന്ന് ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട്. അതുകൊണ്ട് ജാമിഅ നദ്‌വിയ്യ എന്ന സ്ഥാപനത്തില്‍ തന്റേതായ നിയോഗ ദൗത്യം നിര്‍വഹിച്ചുകൊണ്ട് പടിയിറങ്ങിയ അബ്ദുസ്സലാം സുല്ലമിയുടെ നിസ്വാര്‍ഥമായ സേവനവും അര്‍പ്പണബോധവും എന്നും സ്മരിക്കപ്പെടും. ജാമിഅ നദ്‌വിയ്യയുടെ ചരിത്രത്താളുകളിലും അതിന്റെ സന്തതികളായ സ്വലാഹികളുടെ ജീവിത വിശുദ്ധിയിലും സലാം സുല്ലമി എന്ന ദ്വിപദ വ്യൂഹം ജ്വലിക്കുന്ന അമരനാമമായി അല്ലാഹു എന്നും ഉയര്‍ത്തിനിര്‍ത്തും.

2018 വെള്ളിയാഴ്ച രാവിലെ അഞ്ചു മണിമുതല്‍ വൈകുന്നേരം 4.30 വരെ അണമുറിയാതെ നാട്ടിന്റെ നാനാഭാഗത്തുനിന്നും എടവണ്ണയിലെ അദ്ദേഹത്തിന്റെ വസതിയിലേക്കും വലിയ പള്ളിയിലേക്കും അവസാനം അദ്ദേഹത്തിന്റെ ഭൗതിക ജഡം ഏറ്റുവാങ്ങിയ മുത്തളത്തെ കല്ലുവെട്ടിപ്പള്ളിയിലെ പൊതുശ്മശാനത്തിലേക്കും പ്രാര്‍ഥനാ മനസ്സോടെ പ്രവഹിച്ച്, പലതവണകളായി നമസ്‌കാരം നിര്‍വഹിച്ച് കദനഭാരത്തോടെ മടങ്ങിപ്പോയ പതിനായിരങ്ങളായ മുവഹ്ഹിദുകളുടെ കണ്ണീരില്‍ കുതിര്‍ന്ന ദുആ കരുണാമയനായ അല്ലാഹു സ്വീകരിക്കട്ടെ.
''ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു 89:27-30).

-എം എം നദ്‌വി

1 comment:

  1. പുത്തൻ വാദി അല്ലെ.. എന്ത് പാണ്ഡിത്യം..?

    ReplyDelete

Listen Islam from Right Source