കുട്ടികളുടെ മനസ്സറിഞ്ഞ അധ്യാപകന്‍ | സി മുഹമ്മദ് സലീം സുല്ലമി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

കുട്ടികളുടെ മനസ്സറിഞ്ഞ അധ്യാപകന്‍ | സി മുഹമ്മദ് സലീം സുല്ലമി



നാല്പത് വര്‍ഷക്കാലം ഇസ്‌ലാമിക പ്രബോധനരംഗത്ത് പഠിച്ചും പഠിപ്പിച്ചും സംവദിച്ചും ചര്‍ച്ച ചെയ്തും പ്രസംഗിച്ചും എഴുതിയും നിരന്തരം നിറഞ്ഞുനിന്ന അബ്ദുസ്സലാം സുല്ലമിയുടെ മരണം സൃഷ്ടിക്കുന്ന വിടവ് പെട്ടെന്നൊന്നും നികത്തപ്പെടുമെന്ന് തോന്നുന്നില്ല. ഇസ്‌ലാമിക വിജ്ഞാനശാഖകളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയും നേടിയ വിജ്ഞാനം ആവശ്യക്കാര്‍ക്കെല്ലാം നിര്‍ലോഭം പകര്‍ന്നുകൊടുക്കുകയും ചെയ്ത മഹാമനസ്‌കനാണ് അദ്ദേഹം. പണ്ഡിത പാമര വ്യത്യാസമന്യേ എല്ലാവരുടെയും ഒരു റഫറന്‍സായിരുന്നു സലാം സുല്ലമി.

അബ്ദുസ്സലാം സുല്ലമിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അരീക്കോട് സുല്ലമുസ്സസലാം അറബിക് കോളെജില്‍ ഫൈനല്‍ വര്‍ഷം വിദ്യാര്‍ഥിയായിരിക്കുന്ന കാലത്താണ്. 1979-80 കാലത്താണെന്ന് തോന്നുന്നു. അന്ന് കേരളത്തില്‍ മതസ്റ്റേജുകളില്‍ സജീവ ചര്‍ച്ചയായിരുന്ന വിഷയങ്ങളിലൊന്നായിരുന്നു ദീനും ദുന്‍യാവും എന്ന ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ഒരു വിഷയം. ഇത് കോളെജ് സാഹിത്യസമാജത്തില്‍ വിഷയമായി വരികയും അതിന്റെ പ്രബന്ധം ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു.

പ്രസ്തുത വിഷയത്തില്‍ നോട്ടുകള്‍ ലഭിക്കാനായി സുല്ലമിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു കാണുകയുണ്ടായി. അദ്ദേഹം ഒട്ടും വൈമനസ്യം കാണിക്കാതെ ആവശ്യമായ നിര്‍ദേശങ്ങളും ആയത്തുകളും ഹദീസുകളും സ്വന്തം കൈപ്പടയില്‍ എഴുതിത്തരികയുണ്ടായി. അന്ന് തുടങ്ങിയ ബന്ധം; പിന്നീട്, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും പുസ്തകങ്ങളും ധാരാളമായി ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നതിലേക്ക് എത്തി. എന്നല്ല, ഈ അടുത്തകാലം വരെ ആനുകാലിക ഇസ്‌ലാമിക വിഷയങ്ങളിലും സംവാദ വിഷയങ്ങളിലും അദ്ദേഹത്തിന്റെ ക്ലാസുകളും നോട്ടുകളും തന്നെയായിരുന്നു അവലംബം. ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും ഏത് സമയത്തും ഒരു വൈമനസ്യവും കൂടാതെ സാവകാശം പറഞ്ഞുതരാനുള്ള സുല്ലമിയുടെ താല്പര്യം ഏറെ ശ്രദ്ധേയമാണ്.

2002-ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ഒരു പക്ഷത്തുനിന്ന് സുല്ലമി തന്റെ വാദങ്ങളും ന്യായങ്ങളും ശക്തിയുക്തം തെളിയിക്കുകയുണ്ടായി. 2004-ല്‍ അതുവരെ ജോലി ചെയ്തിരുന്ന എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ നിന്ന് ഒഴിവാകുകയും പിറ്റേ ദിവസം എടക്കര ഗൈഡന്‍സ് അറബിക് കോളെജില്‍ അധ്യാപകനായി ചേരുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് പതിനൊന്ന് വര്‍ഷത്തോളം ഗൈഡന്‍സിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.


വിദ്യാര്‍ഥികള്‍ക്കെന്ന പോലെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്കും സുല്ലമിയുടെ സാന്നിധ്യം വലിയ ഭാഗ്യമായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സംശയങ്ങളും ചോദ്യങ്ങളും ലളിതമായി അദ്ദേഹം വിശദീകരിച്ചുതന്നു. ചിലപ്പോള്‍ അധ്യാപകരുമായി ചില വിഷയങ്ങളില്‍ സംവദിക്കുകയും ചെയ്തു. അപ്പോഴൊന്നും ഖുര്‍ആന്‍ വ്യാഖ്യാനവും ഹദീസ് വ്യാഖ്യാനവുമടക്കം നൂറോളം ചെറുതും വലുതുമായ ഗ്രന്ഥങ്ങള്‍ രചിച്ച ഒരു പണ്ഡിതനാണെന്ന ഭാവമോ നാട്യമോ ഒന്നും അദ്ദേഹത്തില്‍ പ്രകടമായില്ല. എന്ന് മാത്രമല്ല, ക്ലാസ് മുറികളിലെ കുട്ടികളെപ്പോലെ അദ്ദേഹം സംവാദത്തില്‍ ഏര്‍പ്പെട്ടു. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ കൂടുതല്‍ ഗഹനത ലഭിക്കാന്‍വേണ്ടി വെറുതെ അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു ഞങ്ങള്‍. അങ്ങനെ പതിനൊന്ന് വര്‍ഷത്തോളം സുല്ലമിയുടെ സഹപ്രവര്‍ത്തകനാകാനും ഭാഗ്യം ലഭിച്ചു.

ഗൈഡന്‍സിലെ അധ്യാപകനായിരുന്ന കാലത്തെ ഒരു സംഭവം. എല്ലാ അധ്യാപകരെയും അപേക്ഷിച്ച് ചെറിയ ശമ്പളമായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. വര്‍ഷാ വര്‍ഷങ്ങളില്‍ ശമ്പള ഇനത്തില്‍ വര്‍ധനവ് നല്കുമ്പോള്‍ അതില്‍ നിന്ന് ഒരു ചെറിയ സംഖ്യമാത്രം കൈപ്പറ്റി ബാക്കി കമ്മിറ്റിക്ക് തന്നെ തിരിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ശമ്പളം സ്വീകരിക്കാന്‍ എത്ര നിര്‍ബന്ധിച്ചാലും അദ്ദേഹം വഴങ്ങുമായിരുന്നില്ല. താന്‍ ചെയ്യുന്ന ജോലിക്ക് യോജിച്ച ശമ്പളം ഞാന്‍ കൈപ്പറ്റുന്നുണ്ടെന്ന് പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

ഈ ശമ്പളം കൈപ്പറ്റിയാല്‍ ഉടനെ തന്നെ അതിന്റെ രണ്ടര ശതമാനം സകാത്ത് ഇനത്തില്‍ മാറ്റിവെക്കുകയും ചെയ്യുമായിരുന്നു! സകാത്ത് വിഷയത്തില്‍ അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത കാര്യങ്ങള്‍ അദ്ദേഹം സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയിരുന്നു. ശമ്പളം കിട്ടുമ്പോള്‍ തന്നെ അതിന്റെ സകാത്ത് വിഹിതം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം!

അധ്യാപനരംഗത്ത് വളരെ വ്യത്യസ്തമായ രീതിയായിരുന്നു സുല്ലമി പിന്തുടര്‍ന്നിരുന്നത്. വിദ്യാര്‍ഥികളെ ഏറെ സ്‌നേഹിച്ചു. ഒട്ടും ശിക്ഷിക്കുമായിരുന്നില്ല. വിദ്യാര്‍ഥികളെ ക്ലാസിന് പുറത്തുനിര്‍ത്തുന്നതോ പുറത്താക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇതിനദ്ദേഹം പറഞ്ഞിരുന്ന ന്യായം, ഖുര്‍ആനും ഹദീസും പഠിക്കാന്‍ വന്ന കുട്ടികളെ സ്‌നേഹിക്കുകയല്ലാതെ അകറ്റുകയാണോ ചെയ്യുന്നത് എന്നായിരുന്നു!

വിദ്യാര്‍ഥികളുടെ ജീവിതപരിസരവും പശ്ചാത്തലവും അദ്ദേഹം അന്വേഷിച്ചു കണ്ടുപിടിക്കുമായിരുന്നു. അത് മനസ്സിലാക്കിയായിരുന്നു അവരോട് ഇടപെട്ടിരുന്നത്. കുട്ടികളുടെ വീട്ടിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ് അവരെ സ്വകാര്യമായി വിളിച്ച് അവര്‍ക്ക് സാമ്പത്തികസഹായം നല്കാനും അദ്ദേഹം താല്പര്യം കാണിച്ചിരുന്നു! എത്ര കുറഞ്ഞ വിദ്യാര്‍ഥികളുള്ള ക്ലാസായിരുന്നാലും താല്പര്യപൂര്‍വം ആ ക്ലാസ് അദ്ദേഹം  കൈകാര്യം ചെയ്തിരുന്നു.

തിരക്കുപിടിച്ച പ്രബോധന-പ്രവര്‍ത്തന-രചനാ തിരക്കുകള്‍ക്കിടയിലും കുട്ടികള്‍ക്കാവശ്യമായ നോട്‌സ് തയ്യാറാക്കിക്കൊടുക്കുകയും ആവശ്യമെങ്കില്‍ അവയെല്ലാം സ്വയം തന്നെഫോട്ടോ സ്റ്റാറ്റ് കോപ്പികളെടുത്ത് വിതരണം നടത്തുകയും ചെയ്യുമായിരുന്നു! അവസാനം ആരോഗ്യസ്ഥിതി യാത്ര ചെയ്യാന്‍ പറ്റാത്ത വിധം മോശമായപ്പോള്‍ മാത്രമാണ് അദ്ദേഹം കോളെജില്‍ നിന്ന് വിരമിച്ചത്. അവസാനമായി, രണ്ട് വര്‍ഷം മുമ്പത്തെ ഫൈനല്‍വര്‍ഷ വിദ്യാര്‍ഥികളെ യാത്രയയച്ചപ്പോള്‍ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മയില്‍ നില്ക്കുന്നു. ഇവിടെ ഫാഇല്‍ മഫ്ഊല്‍ ആകുമോ എന്ന് ഞാന്‍ വിചാരിക്കുന്നു എന്നായിരുന്നു ആ വാക്ക്. അതായത് യാത്രയയക്കുന്നയാള്‍ യാത്രയയക്കപ്പെടുന്നവനാകുമോ എന്ന സൂചനയായിരുന്നു അത്.

2017 നവംബര്‍ 18 ശനിയാഴ്ച ഗൈഡന്‍സ് കോളെജ് എം എസ് എം ശാഖ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പില്‍ സംബന്ധിക്കാനാണ് സലാം സുല്ലമി അവസാനമായി വരുന്നത്. ആരോഗ്യസ്ഥിതി അനുവദിക്കാതിരുന്നിട്ടും താല്പര്യപൂര്‍വം അദ്ദേഹം വന്നു. അര മണിക്കൂറിലധികം അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ പണ്ഡിതോചിതവും പഠനാര്‍ഹവുമായിരുന്നു. ഇസ്‌ലാമില്‍ പ്രമാണങ്ങള്‍ ഏതെന്നും അവയെ എങ്ങനെ വിലയിരുത്തണമെന്നുമായിരുന്നു പ്രഭാഷണ വിഷയം. അദ്ദേഹം തന്നെ സ്വയം തെരഞ്ഞെടുത്ത വിഷയമായിരുന്നു അത്. പ്രമാണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനെതിരെയുള്ള അദ്ദേഹത്തിന്റെ അവാസന പ്രഭാഷണമായിരുന്നു അത്. ഒരുപക്ഷേ, അദ്ദേഹം ഔദ്യോഗികമായി പങ്കെടുത്ത അവസാന പൊതുപ്രഭാഷണ പരിപാടിയും അതായിരിക്കും.

-സി മുഹമ്മദ് സലീം സുല്ലമി

No comments:

Post a Comment

Listen Islam from Right Source