ഉശിരന്‍ വിമര്‍ശനങ്ങള്‍ കുറിക്കു കൊള്ളുന്ന മറുപടികള്‍ | ഇ കെ എം പന്നൂര്‍ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ഉശിരന്‍ വിമര്‍ശനങ്ങള്‍ കുറിക്കു കൊള്ളുന്ന മറുപടികള്‍ | ഇ കെ എം പന്നൂര്‍



എ അബ്ദുസ്സലാം സുല്ലമിയുമായി 1973 മുതല്‍ എനിക്ക് പരിചയമുണ്ട്. ഞാന്‍ അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന കാലത്ത് അബ്ദുസ്സലാം സുല്ലമുസ്സലാം അറബിക്‌കോളെജ് വിദ്യാര്‍ഥിയായിരുന്നു. കെ കെ മുഹമ്മദ് സുല്ലമിയോടൊത്ത് ഞാനും അറബിക്കോജിലെ ചില വിദ്യാര്‍ഥികളും അസ്വ്ര്‍ നമസ്‌കാരവും ചായകുടിയും കഴിഞ്ഞ് വോളിബോള്‍ കളിക്കാന്‍ പോകുമ്പോള്‍ അബ്ദുസ്സലാം ലൈബ്രറിയിലായിരിക്കും.

ശബാബുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍മകളാണ് അബ്ദുസ്സലാം സുല്ലമിയെക്കുറിച്ച് എന്റെ മനസ്സില്‍ പച്ചച്ചുനില്‍ക്കുന്നത്. എട്ടുപേജില്‍ രണ്ടാഴ്ചയില്‍ ഇറങ്ങുന്ന പ്രസിദ്ധീകരണമായിരുന്നു അന്ന് ശബാബ്. ആറു മാസത്തേക്കാണ് ഞാന്‍ ചുമതലയേറ്റത്. ആറുമാസം കഴിഞ്ഞപ്പോള്‍ കെ പി എന്നോട് തുടരാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ നിലവിലുള്ള അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആഗ്രഹമുണ്ടായി. മുഖലേഖനത്തിലും ഉള്‍പ്പേജുകളിലും മാറ്റം വരണം. ഉള്‍പ്പേജുമായി ബന്ധപ്പെടുത്തി ചിന്തിച്ചപ്പോള്‍ ആദ്യം എന്റെ മനസ്സില്‍ വന്നത് എ അബ്ദുസ്സലാം സുല്ലമിയാണ്.

ഒരു കുറിപ്പുമായി ഞാന്‍ സുല്ലമിയെ കാണാന്‍ എടവണ്ണ ജാമിഅയിലേക്ക് പുറപ്പെട്ടു. 'ശാഫിഈ മദ്ഹബും കേരള മുസ്‌ലിംകളും' എന്ന തലക്കെട്ടും അതില്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളും അടങ്ങുന്ന കുറിപ്പ് അദ്ദേഹത്തെ കാണിച്ചു. അത് ശബാബില്‍ വരുന്നതോടെ ശബാബിന്റെ കോപ്പി വര്‍ധിക്കുകയും സുന്നീ വായനക്കാരില്‍ വിഷയമെത്തുകയും ചെയ്യും എന്നായിരുന്നു കണക്കുകൂട്ടല്‍. കാര്യങ്ങള്‍ പ്രതീക്ഷപോലെ സംഭവിച്ചു.

അതിന്നിടയില്‍ കൊട്ടപ്പുറം സംവാദം നടന്നു. അല്‍മുബാറക് വാരിക സുന്നീ പക്ഷത്തിന്റെ വിജയം ആഘോഷിക്കാന്‍ തുടങ്ങി. അതിനുള്ള ഖണ്ഡനം ശബാബില്‍ ഞാനെഴുതാനുദ്ദേശിക്കുന്നുവെന്നും വേണ്ടപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അബ്ദുസ്സലാം സുല്ലമിയോട് അഭ്യര്‍ഥിച്ചു. ഈ അഭ്യര്‍ഥനക്ക് അര ദിവസത്തെ അധ്വാനമുണ്ടായിരുന്നു. ലാന്റ്‌ഫോണ്‍ വ്യാപകമായിട്ടില്ലാത്ത കാലം. സുല്ലമിക്കും എനിക്കും ഫോണില്ല. അതിനാല്‍ എടവണ്ണയിലെ വീട്ടില്‍ പോയി നേരില്‍ കണ്ട് കാര്യം പറയണം.


ഞാന്‍ എന്റെ ചെറിയ അറിവന്നനുസരിച്ച് ആരോടും ചോദിക്കാതെ വസ്അല്‍ മന്‍ അര്‍സല്‍നാ എന്ന സുന്നി പക്ഷത്തിന്റെ തെളിവ് ഖണ്ഡിക്കാന്‍ ഒരു രീതി സ്വീകരിച്ചു. വസ്അല്‍ മന്‍ അര്‍സല്‍നാ മിന്‍ ഖബ്‌ലിക മിന്‍ റുസുലിനാ (നിനക്ക് മുമ്പ് നാം ദൂതന്മാരായി അയച്ചവരോട് നീ ചോദിക്കുക) എന്നത് ഇസ്‌റാഅ്-മിഅ്‌റാജ് വേളയിലെ ഒരു കല്പനയാണല്ലോ. ആ കല്പന മിഅ്‌റാജിനുശേഷം നബി(സ) നടപ്പില്‍ വരുത്തിയോ? എന്നുവെച്ചാല്‍ മുന്‍ പ്രവാചകന്മാരോട് ഇസ്തിഗാസ നടത്തിയോ? ഇത് മരിച്ചവരോടുള്ള ഇസ്തിഗാസയ്ക്ക് തെളിവാണെന്ന് സ്വഹാബത്ത് മനസ്സിലാക്കിയോ?

ഈ മറുചോദ്യത്തില്‍ നിന്നുകൊണ്ടായിരുന്നു ഖണ്ഡനം. ഇത് വായിച്ച് അബ്ദുസ്സലാം സുല്ലമി അരീക്കോട്ടെ ഐ എസ് എം പ്രസില്‍ വന്നു. 'സമസ്തക്കാരുടെ കൊല്ലിയിലാണ് മാഷ് പിടികൂടിയത്. അത് വിടേണ്ട. ഖിയാമത്തു നാള്‍വരെ അവര്‍ക്ക് മറുപടി പറയാന്‍ കഴിയില്ല'' എന്ന് പറഞ്ഞു. ഒരു വര്‍ഷത്തിലധികം ശബാബിലെ ആ ലേഖനം നീണ്ടു. മറുപക്ഷത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.

പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ചില വീക്ഷണങ്ങളോട് എനിക്ക് വിയോജിപ്പുണ്ടായെങ്കിലും അത് ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന് തടസ്സമായിരുന്നില്ല. ഇടയ്ക്ക് യാത്രയിലും മറ്റും കണ്ടുമുട്ടുമ്പോള്‍ ഖാദിയാനിസത്തെക്കുറിച്ച് സംസാരിക്കും. അതില്‍ അദ്ദേഹത്തിന് നല്ല താല്പര്യമാണ്. ആ വിഷയത്തില്‍ അദ്ദേഹം രചിച്ച ഗ്രന്ഥം ഖാദിയാനിസത്തിന് കനത്ത പരിക്കേല്ക്കുന്ന ഒന്നാണ്. അല്ലാഹു അദ്ദേഹത്തിന്റെ സത്ക്കര്‍മങ്ങള്‍ സ്വീകരിക്കുകയും പിഴവുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യട്ടെ, ആമീന്‍.

-ഇ കെ എം പന്നൂര്‍

No comments:

Post a Comment

Listen Islam from Right Source