സ്‌നേഹസ്പര്‍ശമായിരുന്നു എന്റെ ഉടപ്പിറപ്പ് | എ ജമീല ടീച്ചര്‍ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

സ്‌നേഹസ്പര്‍ശമായിരുന്നു എന്റെ ഉടപ്പിറപ്പ് | എ ജമീല ടീച്ചര്‍



ഇക്കഴിഞ്ഞ ജനുവരി 28ന് ഷാര്‍ജ അല്‍ഖാസിമിയ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ഞാന്‍ കടന്നു; എന്റെ ഉടപ്പിറപ്പായ അബ്ദുസ്സലാമിനെ അവസാമായി ഒരു നോക്ക് കാണാന്‍. അനിയന്‍ സഈദിന്റെ കര്‍ക്കശ നിര്‍ദേശമുള്ളതിനാല്‍ ആരും കരഞ്ഞില്ല; ശബ്ദില്ല. ഇന്നാലില്ലാഹി.....

അവനിപ്പോള്‍ ദുന്‍യാവിലില്ല. പക്ഷേ മരിച്ചിട്ടും മരിക്കാത്ത ഓര്‍മകള്‍ ഒരുപാട് ബാക്കിവെച്ചു കൊണ്ടായിരുന്നുവല്ലോ, അവന്റെ യാത്ര. എവിടെ നോക്കിയാലും അവനുണ്ട്. അക്ഷരങ്ങളായി, വാക്കുകളായി. ജീവിതത്തിന്റെ ദുരിതാവസ്ഥകളിലെ ഉപദേശങ്ങളായി, സ്‌നേഹത്തിന്റെ തൊട്ടുതലോടലായി. മരണവീട്ടില്‍ തടിച്ചുകൂടിയ സ്ത്രീകള്‍ക്ക് ആരോ എന്നെ പരിചയപ്പെടുത്തി.

ജമീല ടീച്ചര്‍. സലാം മൗലവിയുടെ പെങ്ങള്‍. ഓ ഓരുപാട് കേട്ടിട്ടുണ്ട്. മൗലവിയുടെ ക്ലാസില്‍ നിന്നുതന്നെ. ജീവിത പ്രാരാബ്ധങ്ങളെ നേരിടുന്നതെങ്ങനെ എന്ന് ക്ലാസെടുക്കുമ്പോഴെല്ലാം മൗലവി ഉദാഹരിക്കാറുള്ളത് എനിക്കൊരു പെങ്ങളുണ്ട് എന്ന് പറഞ്ഞ് ജമീല ടീച്ചറെയാണ്. ഞാനും എന്റെ ദുഖങ്ങളുമായിരിക്കാം ഒരുപക്ഷേ അബ്ദുസ്സലാം സുല്ലമിയെ ഒരു സ്ത്രീപക്ഷ വായനക്കാരനാക്കി മാറ്റിയത് എന്ന് ചിന്തിച്ചുപോകാറുണ്ട്.


പെങ്ങളായിട്ട് ഞാന്‍ മാത്രമല്ല, റഹ്മാബി എന്ന ഒരുത്തികൂടിയുണ്ട്. ബാപ്പ മരിക്കുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്സ്. അവളെ തുടര്‍ന്ന് പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമെല്ലാം സലാം സുല്ലമി എന്ന ആങ്ങള തന്നെ. പെണ്ണുകാണല്‍ ചടങ്ങ് എന്നത് സുല്ലമിയുടെ അജണ്ടയിലുണ്ടായിരുന്നില്ല. ആ ബാധ്യത നിറവേറ്റിയത് സഹോദരിയായ ഞാന്‍.

അസ്മാബി അന്‍വാരിയ്യ. സുല്ലമിക്ക് വേണ്ടി ഞാന്‍ കണ്ടെത്തിയ പെണ്ണ്. നാലു മക്കളുമായി സംതൃപ്തമായ ജീവിതം. അതിലിടക്കാണ് നാല്പതാം വിവാഹ വാര്‍ഷികം മരണ ദൂതുമായി കടന്നുവന്നത്. കുഞ്ഞുനാള്‍ മുതല്‍ സത്യത്തിനുവേണ്ടിയുള്ള മുഖം നോക്കാത്ത ശബ്ദമായിരുന്നു എന്റെ സഹോദരന്‍. ഇരുട്ടിന്റെ ശക്തികള്‍ ഇപ്പോഴും അവനെ പേടിക്കുന്നു. അവന്‍ എഴുതിവെച്ച അക്ഷരങ്ങളെ, ആദര്‍ശത്തിനുവേണ്ടി പറഞ്ഞുവെച്ച വാക്കുകളെ.

ശവംതീനിക്കഴുകന്മാരായി അവരിപ്പോഴും ആ മനുഷ്യനെ കൊത്തിവലിച്ചു കൊണ്ടിരിക്കുന്നുണ്ട്. പള്ളി മിമ്പറുകളില്‍പോലും! അല്ലാഹു പൊറുത്തുകൊടുക്കട്ടെ. 
മരണം ആരെയും വെറുതെ വിടുകയില്ലല്ലോ. ഓര്‍മകള്‍ പകര്‍ത്തിവെക്കാന്‍ കടലാസിന് വലുപ്പം പോരാ. മനസ്സിന്റെ വഴക്കവും കുറവാണ്. സിദ്ദീഖുല്‍ അക്ബര്‍ അബൂബക്‌റിന്റെ(റ) വരികളിലൂടെ തത്ക്കാലം അവസാനിപ്പിക്കാം.

കുല്ലുംരിഇന്‍ മുസബ്ബഹുന്‍ ഫീ അഹ്‌ലിഹി
വല്‍മൗതു അദ്‌നാ മിന്‍ശിറാക്കി നഅ്‌ലിഹി

മനുഷ്യന്‍ ചിരിച്ചുകളിച്ച് സുഖിക്കുന്നു. മരണം അവന്റെ ചെരിപ്പിന്റെ വാറിനോളം അടുത്തുനില്ക്കുന്നു.

-എ ജമീല ടീച്ചര്‍

No comments:

Post a Comment

Listen Islam from Right Source