തറവാട്ടിന്റെ കാരണവര്‍ | സനിയ കല്ലിങ്ങല്‍ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

തറവാട്ടിന്റെ കാരണവര്‍ | സനിയ കല്ലിങ്ങല്‍


ഇമ്മ വര്ണ്‌ണ്ട് ട്ടോ കുഞ്ഞാപ്പാ... ഞമ്മക്ക് സ്വര്‍ഗത്ത്ന്ന് കാണാ... -പ്രിയപ്പെട്ട വല്യുമ്മയുടെ നെഞ്ച്‌പൊട്ടുന്ന ഈമാനില്‍ കുരുത്ത, കരുത്തുറ്റ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സ് തേങ്ങി. ഒപ്പം ഓര്‍മകള്‍ പിന്നിലേക്കും!

എട്ടാം വയസ്സില്‍ ഉപ്പ മരിച്ചതോടെ ഉമ്മ ജമീല ടീച്ചറുടെ കൈയും പിടിച്ച് ഞാനും രണ്ടനിയന്മാരും തറവാടിന്റെ പടികള്‍ കയറുമ്പോള്‍ സ്വീകരിച്ചാനയിച്ചത് കുടുംബത്തിലെ ഈ കാരണവരായിരുന്നു. വല്യുപ്പ എ അലവി മൗലവിയുടെ മരണത്തോടെ അനാഥരായ സഹോദരങ്ങള്‍ക്കൊപ്പം ഞങ്ങളുടെ സംരക്ഷണ ബാധ്യത കൂടി അദ്ദേഹം ഏറ്റെടുത്തു. സ്‌നേഹബഹുമാനങ്ങളോടെ ഞങ്ങള്‍ 'കുഞ്ഞാപ്പ' എന്ന് വിളിക്കുന്ന പ്രിയപ്പെട്ട അമ്മാവന്‍ എ അബ്ദുസ്സലാം സുല്ലമി.

തറവാട്ടിലെ പേരക്കുട്ടികളില്‍ മൂത്തയാള്‍ എന്ന പരിഗണന എനിക്കെന്നുമുണ്ടായിരുന്നു. എന്നെ വക്കീലാക്കണമെന്ന ആഗ്രഹം പറയാറുണ്ടായിരുന്നു പണ്ട്. അടുത്തിടെയൊരിക്കല്‍ കുഞ്ഞാപ്പ എന്നെയൊരു വെള്ളക്കടലാസ് കാണിച്ചു. ഏറെ അത്ഭുതത്തോടെ അല്പം നാണത്തോടെയാണ് ഞാനത് വായിച്ചത്. എന്റെ കൈപ്പടയില്‍ ഞാനെഴുതി ഒപ്പിട്ട വാചകങ്ങള്‍. 'എന്നെ കെട്ടിക്കണ്ട, എനിക്ക് വക്കീലാകണം'. ആ ഓര്‍മക്കടലാസില്‍ വാത്സല്യക്കനിയായ ഒരമ്മോന്‍ കാക്കയെയാണ് ഞാന്‍ തെളിഞ്ഞു കണ്ടത്. നൂറുകണക്കിന് ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളുമുള്ള ആ ലൈബ്രറിയിലെവിടെയോ മുപ്പത്തഞ്ച് വര്‍ഷം വെളിച്ചം കാണാതെ കിടന്ന ഒരു മയില്‍പീലി തുണ്ട്...! ആ മഹാപണ്ഡിതന്റെ മനസ്സിന്റെ ആര്‍ദ്രതയുടെ ആഴമോര്‍ത്ത് ഇന്നെന്റെയുള്ളം തിങ്ങി വിങ്ങുന്നു. കുഞ്ഞാപ്പയുടെ ബാഗും എഴുത്തുമേശയുടെ വലിപ്പും ഒരു മിഠായി ശേഖരമായിരുന്നു. അയല്‍പക്കത്തെയും കുടുംബത്തിലെയും കുട്ടികളൊക്കെയും അവയുടെ മാധുര്യം നുണഞ്ഞവര്‍.


ശിര്‍ക്കും ബിദ്അത്തും കൊടുകുത്തിവാണ കേരളത്തിന്റെ എല്ലാ മുക്കുമൂലകളിലും കുഞ്ഞാപ്പയും ഉമ്മയും ഓടിനടന്ന് പ്രസംഗിച്ചിരുന്ന കാലം. 'ഇരുട്ടിനെതിരെ, മൂന്നും ചൊല്ലിയ മൊഴി' എന്നീ കഥാപ്രസംഗങ്ങളുമായി ഞാനും കൂടെയുണ്ടാകും. ഒരിക്കല്‍ പരിപാടി കഴിഞ്ഞ് ബസ്സും തേടി കാട്ടുവഴികളിലൂടെയുള്ള നടത്തം. ബസ്‌സ്റ്റോപ്പിലെത്തിയപ്പോള്‍ നേരം പുലരാറായിരുന്നെന്നാണോര്‍മ. ഇന്നീ ഹൈടെക് കാലഘട്ടത്തിലും അദ്ദേഹത്തിന്റെ തൗഹീദ് യാത്രകള്‍ കാല്‍നടയായും ബസിലുമൊക്കെ തന്നെയായിരുന്നുവെന്നത് ഇത്തരുണത്തില്‍ ഗദ്ഗദത്തോടെ ഓര്‍ക്കട്ടെ.

ഒരിക്കലും ഡൈ ചെയ്യാത്ത വെളുവെളുത്ത തലമുടിയില്‍ നോക്കി മകന്‍ മുബീന്‍ ഒരിക്കല്‍ അത്ഭുതംകൂറി: 'ന്റെപ്പാന്റെ തലേലൊരു കറുത്ത മുടി' അത് കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ച കുഞ്ഞാപ്പയെ ലാളിത്യത്തിന്റെ പ്രതീകമെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാവും. കുഞ്ഞാപ്പ കുളി കഴിഞ്ഞ് തേക്കാറുണ്ടായിരുന്ന പച്ച നിറമുള്ള ഹെയര്‍ ഓയിലിന്റെ നനുത്ത സുഗന്ധം ഇപ്പോഴൊരു നൊമ്പരക്കാറ്റായി വീശിയെത്തുന്നതുപോലെ!

എന്റെ മകള്‍ ഫര്‍ഹയ്ക്ക് പാടാനുള്ള അറബിക്കവിതകള്‍ തെരഞ്ഞെടുക്കുന്നത് കുഞ്ഞാപ്പയായിരുന്നു. നേരുള്ള സംഗീതവും കവിതയും ഇസ്‌ലാമില്‍ എതിരല്ല എന്നതിന്റെയൊരു ബോധ്യപ്പെടുത്തല്‍ കൂടിയായിരുന്നു അത്. സംസ്ഥാനതലത്തില്‍ അവള്‍ ഒന്നാം സ്ഥാനം നേടിയ ആ കവിതയും പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.

തഫഖര്‍ത്തു ഫീ ദന്‍ബീ 
വ അസ്ഹര്‍ത്തു മഖ്‌ലത്തീ
വഹയ്യജ്ത്തുഅഹ്‌സാനീ
വ അസ്ബല്‍തു ദം അത്തീ...

മരണരംഗങ്ങളും ഖബര്‍ ജീവിതവുമോര്‍മ്മിപ്പിക്കുന്ന മരണത്തിന്റെ നിസ്സഹായത എന്ന ഹൃദയസ്പര്‍ശിയായ കവിത. അറബി സാഹിത്യത്തിലെ അജ്ഞാതകവിയുടെ ആ വരികള്‍ ഇന്ന് കുഞ്ഞാപ്പയുടെ മരണത്തെ ഓര്‍മിപ്പിക്കുന്നു, ഒരു നിമിത്തംപോലെ.

ഫയാറബ്ബി ബാരിക് ഫീ ദരീഹി സകന്‍തുഹു
വഇന്‍ലം തുബാരിക് ലീ ഫയാശവ്മ സര്‍ഹതീ....

എത്ര അര്‍ഥവത്തായ വരികള്‍... ഭൗതികതയുടെ പളപളപ്പില്‍ കാലിടറി വീഴാതെ മരണംവരെ തന്റെ ജീവിത ദര്‍ശനങ്ങള്‍ മുറുകെപ്പിടിച്ച കുഞ്ഞാപ്പയ്ക്ക് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കേണമേ റബ്ബേ.

-സനിയ കല്ലിങ്ങല്‍

No comments:

Post a Comment

Listen Islam from Right Source