അബ്ദുസ്സലാം സുല്ലമിയുടെ ഗവേഷണ പഠനങ്ങള്‍ പാരമ്പര്യവും സമകാലീനതയും | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

അബ്ദുസ്സലാം സുല്ലമിയുടെ ഗവേഷണ പഠനങ്ങള്‍ പാരമ്പര്യവും സമകാലീനതയും | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍




ബുദ്ധി ഉപയോഗിക്കാത്തവര്‍ക്ക് നികൃഷ്ടത വരുത്തി വെക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരു സ്ഥലത്ത് വിശ്വസിക്കാത്തവര്‍ക്ക് നികൃഷ്ടത വരുത്തിവെക്കുമെന്നും പറയുന്നു. വിജ്ഞാനവും ഭക്തിയും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്ന മനുഷ്യന്റെ രണ്ട് അനിവാര്യതകളാണ്. ഭക്തിയും വിജ്ഞാനവും ഒരു പോലെ സമ്മേളിച്ചിരുന്ന അതുല്യ പണ്ഡിതനാണ് അബ്ദുസ്സലാം സുല്ലമി. സംഘടനകള്‍ക്കതീതമായി വൈജ്ഞാനിക ലോകത്ത് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത അതിനുള്ള നിദര്‍ശനമാണ്.


അദ്ദേഹത്തിന്റെ ചിന്തകളുടെ ഏറ്റവും വലിയ പ്രത്യേകത സമഗ്രമായ വീക്ഷണങ്ങളും മൗലികമായ നിരീക്ഷണങ്ങളുമാണ്. ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നത് സമാനതകളില്ലാത്ത ഒരു സവിശേഷതയാണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റ് ഭാഗങ്ങള്‍ വിസ്മരിക്കുകയും ചെയ്താല്‍ നിഗമനങ്ങളില്‍ തെറ്റ് പറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് താന്‍ ഒരു വിഷയത്തില്‍ സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റനേകം ഉപവിഷയങ്ങളോട് ക്രോസ്‌ചെക്കിംഗ് നടത്താന്‍ പര്യാപ്തമായ ചിന്തകളായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. കേന്ദ്ര വിഷയം മറ്റ് ഉപവിഷയങ്ങളോട് തുലനപ്പെടുത്തുമ്പോള്‍ അത് കൂടുതല്‍ ആഴമുള്ള ചിന്തയാവുകയും തെളിമ വര്‍ധിക്കുകയും ചെയ്യുന്നു. ക്രോസ് പരിശോധന നടത്തുമ്പോള്‍ തെറ്റിപ്പോകുന്നുവെങ്കില്‍ കേന്ദ്ര വിഷയത്തിലുള്ള നിരീക്ഷണത്തില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. ഇത് ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഇക്കാര്യത്തില്‍ സലാം സുല്ലമി പുലര്‍ത്തിയിരുന്ന സൂക്ഷ്മത അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ കാണാവുന്നതാണ്.

മുജാഹിദ് പ്രസ്ഥാനത്തില്‍ ഇടക്കാലത്തുണ്ടായ ജിന്ന് വിവാദത്തില്‍ ഇടപെട്ട് കൊണ്ട് അദ്ദേഹം നടത്തിയ രചനകള്‍ (ഉദാ: ജിന്ന്, പിശാച്, സിഹ്‌റ് വിശ്വാസവും അന്ധവിശ്വാസവും എന്ന പുസ്തകം) ശ്രദ്ധേയമാകുന്നത് ഇക്കാരണം കൊണ്ടാണ്. ജിന്ന് എന്ന കേന്ദ്ര വിഷയത്തില്‍ ചിലര്‍ നടത്തിയ പ്രമാണ വിരുദ്ധ പ്രസ്താവനകള്‍; പ്രാര്‍ഥനയുടെ നിര്‍വചനം, ഭരമേല്‍പ്പിക്കല്‍, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ തുടങ്ങിയ ഉപമേഖലകളില്‍ അനിവാര്യമായും ഉണ്ടാക്കിയേക്കാവുന്ന പ്രമാണവിരുദ്ധമായ തീര്‍പ്പുകള്‍ നേരത്തെ തന്നെ നിരീക്ഷിച്ചറിയാനും അത് വിശ്വാസികളെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന വൈജ്ഞാനിക ആഴവും ഭക്തിയുടെ ഊര്‍ജവുമാണ് സലാം സുല്ലമിയുടെ ഇത്തരം ഇടപെടലുകളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.



ഒരിക്കല്‍ മാജിക്കുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് തയ്യാറാക്കുന്നതിനിടയില്‍ മുഅ്ജിസത്തുമായി ബന്ധപ്പെട്ട ഒരു സംശയമുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോരുന്ന നിലപാടും പ്രമാണങ്ങളില്‍ വന്നിട്ടുള്ള മറ്റ് വീക്ഷണങ്ങളും ലഭിക്കേണ്ടതുണ്ടായിരുന്നു. സലാം സുല്ലമിയെ തന്നെ സംശയ നിവാരണത്തിന് വേണ്ടി സമീപിച്ചു. അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിന് മുമ്പാണിത്. കാര്യം പറഞ്ഞപ്പോള്‍ തന്നെ ഉടനെ മറുപടി കിട്ടി. വെല്ലുവിളി ഉണ്ടായിരിക്കുക എന്നത് മുഅ്ജിസത്തിന്റെ ഭാഗമാണ്, എന്നാല്‍ അത് ഉണ്ടെങ്കില്‍ മാത്രമേ ഒരു കാര്യം മുഅ്ജിസത്താകൂ എന്ന് പറയാന്‍ കഴിയില്ല എന്നും അദ്ദേഹം ഉദാഹാരണങ്ങള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. മുഅ്ജിസത്തുമായി ബന്ധപ്പെട്ട് ഒരു വീക്ഷണം സ്വീകരിക്കുമ്പോള്‍ അതുമായി ബന്ധപ്പെടുന്ന മറ്റ് വിഷയങ്ങളും പ്രവാചകന്മാരുടെ ഓരോരുത്തരുടെയും മുഅ്ജിസത്തുകളുടെ പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ട് മാത്രമേ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവുണ്ടായി. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ ഈ സവിശേഷതയെ അപ്പാടെ സ്വാംശീകരിക്കാന്‍ മൗലവിക്ക് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ സമഗ്രതയും മൗലികതയും അതിന്റെ ഭാഗമാണ്.

സമകാലീനതയോട് സംവദിക്കുകയും പാരമ്പര്യ വിജ്ഞാനങ്ങളെ ക്രമപ്പെടുത്തുകയും ചെയ്ത സ്വതന്ത്ര ധിഷണക്കുടമയായിരുന്നു സലാം സുല്ലമി. മുസ്‌ലിം സമുദായത്തിന്റെ ഓരോ കാലത്തെയും വൈജ്ഞാനിക ദാഹത്തെയാണ് അദ്ദേഹം ശമിപ്പിച്ചിരുന്നത്. പ്രമാണങ്ങളുടെയും മുന്‍കാല പണ്ഡിതരുടെ ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ സമകാലീനമായി അദ്ദേഹം നടത്തിയിരുന്ന നിരീക്ഷണങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്നതില്‍ അദ്ദേഹത്തിന് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. ഭക്തിയുടെ ആഴങ്ങളില്‍ വിലസുന്ന വൈജ്ഞാനിക പടുക്കള്‍ക്ക് മാത്രം ലഭിക്കുന്ന ആത്മവിശ്വാസമാണ് ഈ തുറന്നു പറച്ചിലിന്റെ പ്രചോദനം. പുതിയ കാലം മതത്തെക്കുറിച്ച് ആവശ്യപ്പെടുന്നത് ഈ ആത്മവിശ്വാസമാണ്.

കര്‍മശാസ്ത്ര വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ഉദാര നിലപാടുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഫിഖ്ഹില്‍ കാര്‍ക്കശ്യം പുലര്‍ത്തി, മതത്തെ കുടുസ്സാക്കിയാല്‍ മാത്രമേ ഭക്തിയുണ്ടാകൂ എന്ന തരത്തില്‍ സമുദായം പുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളെയാണ് അദ്ദേഹം എതിരിട്ടത്. ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍ എന്ന അദ്ദേഹത്തിന്റെ രചന പ്രസക്തമാകുന്നത് ഇവിടെയാണ്. നമസ്‌കാരത്തിന്റെ കാര്യത്തില്‍ യാത്രയില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ പോലും സ്വീകരിക്കാത്ത ആളുകളോടാണ് മതവിധികളിലെ ഇളവുകളെ കുറിച്ചും ലാളിത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നത്. ശമ്പളത്തിന്റെ സകാത്ത് നിര്‍ണയിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ സാമ്പത്തിക നീതിയുടെ കാഴ്ചപ്പാടുകള്‍, ഇസ്‌ലാമിക ശരീഅത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോട് അദ്ദേഹം കാണിച്ച സൂക്ഷ്മതയുടെ ഭാഗമാണ്. വിമര്‍ശന വിധേയമായ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ നിലപാടുകളെ പരിശോധിച്ചാല്‍ ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിന്റെ പരസ്പരാശ്രിതത്വവും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും മുന്‍ഗണനാ ക്രമവും സമുദായ നന്മയും തെളിഞ്ഞു കാണാവുന്നതാണ്.

ഹദീസുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ പഠനങ്ങള്‍ക്ക് ഹേതുവായത് ചേകന്നൂര്‍ മൗലവിയുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങളായിരുന്നു. പ്രമാണ ബദ്ധമായി അതിനെ നേരിട്ട സലാം സുല്ലമി പിന്നീട് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് ഹദീസുകളുടെ പേരില്‍ തന്നെയായിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങളൊന്നും തന്നെ വസ്തുതാപരമായിരുന്നില്ല. ഹദീസുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളെയും നിരീക്ഷണങ്ങളെയും കുറിച്ച് തറപ്പിച്ച് പറയാവുന്ന കാര്യം അതിലൊന്നും തന്നെ അദ്ദേഹത്തിന്റെ സ്വതന്ത്രമോ പുതിയതോ ആയ നിലപാടുകള്‍ ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു വിവര്‍ത്തകന്റെ റോള്‍ മാത്രമാണ് അക്കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യങ്ങളില്‍ നിന്നുള്ള ഹദീസ് വിജ്ഞാനീയങ്ങളുടെ മൊഴിമാറ്റം മാത്രമാണ് അദ്ദേഹം നിര്‍വഹിച്ചത്. ഒരിക്കല്‍ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒറ്റ വാക്കില്‍ അദ്ദേഹം പറഞ്ഞത്; അത് കിതാബ് തിരിയാത്തത് കൊണ്ടാണെന്നാണ്. കിതാബ് തിരിയുന്നവര്‍ക്ക് അദ്ദേഹം ഹദീസ് പണ്ഡിതനും അല്ലാത്തവര്‍ക്ക് നിഷേധിയുമായി. സമകാലീനമായി കേരള മുസ്‌ലിംകളില്‍ രണ്ട് വിഭാഗമേ ഉള്ളൂ എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. സലാം സുല്ലമിയെ വായിച്ചറിഞ്ഞവരും അറിയാത്തവരും. അദ്ദേഹത്തിന്റെ  ഒടുവിലിറങ്ങിയ ഹദീസുകള്‍ പ്രാമാണികതയും വിമര്‍ശനങ്ങളും എന്ന പുസ്തകത്തില്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും വിമര്‍ശനവിധേയമായ ഹദീസുകളെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. അതില്‍ അദ്ദേഹം തനിച്ച് ഒരു ഹദീസിനെയും വിമര്‍ശിച്ചിട്ടില്ല. ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകളെ വിമര്‍ശിച്ച മുന്‍കാല പണ്ഡിതന്മാരുടെയും വിമര്‍ശന വിധേയമായ ഹദീസുകളുടെയും ഒരു നീണ്ട ലിസ്റ്റ് തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്. സുല്ലമി പറഞ്ഞത് അപ്പടി ശരിയാണ്; അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ കിതാബ് തിരിയാത്തതിന്റെ പ്രശ്‌നമാണ്. ഹദീസുകളെ വേര്‍തിരിക്കുന്നതിന് അദ്ദേഹം മാത്രമായി പുതിയ രചനാശൈലി സ്വീകരിച്ചിട്ടില്ല. മുന്‍കാല പണ്ഡിതന്മാര്‍ കാലാകാലങ്ങളില്‍ വികസിപ്പിച്ചെടുത്ത ഹദീസ് നിദാന ശാസ്ത്രത്തെ സമകാലീനമായി പ്രതിനിധാനം ചെയ്യുകയായിരുന്നു സലാം സുല്ലമി.


ഖുര്‍ആനും ഹദീസും പ്രവാചകചരിത്രവും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക വഴി ഇസ്‌ലാമിക പ്രമാണങ്ങളെയും വൈജ്ഞാനിക സ്രോതസ്സുകളെയും മതപുരോഹിതരുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. അതെല്ലാം തന്നെ ഇന്ന് മതപഠന വിദ്യാര്‍ഥികളുടെയും അറബി ഭാഷാ വിദ്യാര്‍ഥികളുടെയും മുഖ്യ അവലംബമായി വൈജ്ഞാനിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. വിശ്വാസം, കര്‍മം, സംസ്‌കാരം, ചരിത്രം, ശാസ്ത്രം, മതതാരതമ്യം, വിവിധ പ്രസ്ഥാനങ്ങള്‍, മുസ്‌ലിം സമുദായം, മതപ്രമാണങ്ങള്‍, മതപ്രബോധനം, സ്ത്രീകളുടെ അവകാശം, ആദര്‍ശ വ്യതിരിക്തത തുടങ്ങി നിരവധി മേഖലകളിലൂടെ പടര്‍ന്നുകിടക്കുന്ന അദ്ദേഹത്തിന്റെ രചനകളെയും ചിന്തകളെയും ഒരു ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് പ്രയാസകരമാണ്. ഒന്നര പതിറ്റാണ്ടിലധികമായി ശബാബില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന നെല്ലും പതിരും എന്ന കോളം സ്ഥിരം വായിക്കുന്ന ഒരാള്‍ക്ക് കേരള മുസ്‌ലിംകള്‍ക്കിടയിലെ വൈജ്ഞാനിക തര്‍ക്കങ്ങളെ ഡോക്യുമെന്റെ് ചെയ്യാന്‍ മറ്റൊരു അവലംബം ആവശ്യമില്ല. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇറങ്ങുന്ന ചെറുതും വലുതുമായ മുഴുവന്‍ പ്രസിദ്ധീകരണങ്ങളിലും നടക്കുന്ന ആശയചര്‍ച്ചകള്‍ വായിച്ചെടുക്കാനും നിലപാട് രൂപീകരിക്കാനും ആ കോളം സഹായകമായിരുന്നു. ഒരുപക്ഷേ, ഇത്തരത്തില്‍ വൈജ്ഞാനിക ജാഗ്രത പുലര്‍ത്തുന്നതുകൊണ്ടാവണം സലാം സുല്ലമിക്ക് സമകാലിക ലോകത്തോട് അതിവേഗം സംവദിക്കാന്‍ സാധിച്ചിരുന്നത്. വൈജ്ഞാനിക ചര്‍ച്ചകളില്‍ ശ്രദ്ധ പതിപ്പിക്കുന്നതോടൊപ്പം തന്നെ, സമകാലികമായി ലോകത്തും മുസ്‌ലിം സമുദായത്തിലും നടക്കുന്ന സാംസ്‌കാരിക രാഷ്ട്രീയ നവോത്ഥാന മുന്നേറ്റങ്ങളെ നിരീക്ഷിക്കാനും നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ കൂടുതലും സംശയനിവാരണം നടത്തിയിരുന്നത് അത്തരം വിഷയങ്ങളിലായിരുന്നു. ഭൗതിക പ്രമത്തതയുടെ ലേസര്‍ പ്രകാശങ്ങളില്‍ കണ്ണഞ്ചിപ്പോകുന്ന ഈ കാലത്ത് സലാം സുല്ലമിയെപ്പോലെ ഒരാള്‍ ജീവിച്ചിരുന്നു എന്നത് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് കൗതുകമായിരിക്കും.

-സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

No comments:

Post a Comment

Listen Islam from Right Source