എഴുത്ത് വ്രതമാക്കിയ മഹാ പണ്ഡിതന്‍ | കെ പി സകരിയ്യ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

എഴുത്ത് വ്രതമാക്കിയ മഹാ പണ്ഡിതന്‍ | കെ പി സകരിയ്യ


ഇസ്‌ലാഹിപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സംവാദങ്ങളിലൊന്നായിരുന്നു കുറ്റിച്ചിറ സംവാദം (1976 മെയ് 1-12). അന്ന് പന്ത്രണ്ട് വയസ്സുകാരനായ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ എന്റെ മൂത്താപ്പയോടൊപ്പം വിശാലമായ കുറ്റിച്ചിറ കുളത്തിന്റെ പടവുകളിലിരുന്ന് സംവാദം കേട്ടത് ഓര്‍മയുണ്ട്. ഇസ്‌ലാഹി പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അത്യധികം ആവേശം പകര്‍ന്ന സംവാദമായിരുന്നു അത്. അപ്പോള്‍ രോഗബാധിതനായി വിശ്രമത്തിലായിരുന്നു സംവാദങ്ങളുടെ നെടുംതൂണായിരുന്ന എ അലവി മൗലവി. എങ്കിലും അനാരോഗ്യം വകവെക്കാതെ അദ്ദേഹം സംവാദ വേദിയില്‍ സന്നിഹിതനായിരുന്നു. പ്രസ്ഥാനത്തിന്റെ പ്രബോധനവീഥിയില്‍ പന്ത്രണ്ടായിരം ദിനത്തിന്റെ ഊര്‍ജവും ഉയിരും പകര്‍ന്നു പ്രസ്തുത സംവാദം. 1976 മെയ് 14 വെള്ളിയാഴ്ച അനാരോഗ്യവാനായിരുന്ന അലവി മൗലവി കുണ്ടുങ്ങല്‍ മുഹ്‌യുദ്ദീന്‍ പള്ളിയിലെ മിമ്പറിലുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ അവസാന ഖുതുബയായിരുന്നു. ആദര്‍ശത്തിന്റെ കരുത്തുറ്റ ആ ശബ്ദത്തെ ഒരു രോഗത്തിനും തളര്‍ത്താനായിരുന്നില്ല. മെയ് 18-ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

യുവാവായിരുന്ന അബ്ദുസ്സലാം സുല്ലമി കുണ്ടുങ്ങല്‍ മുഹ്‌യുദ്ദീന്‍ പള്ളിയിലെ ഖത്തീബായി വന്നു. അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം പേര്‍ വന്നുകൊണ്ടിരുന്നു. സുല്ലമിയുടെ വിജ്ഞാനധന്യമായ അവതരണങ്ങള്‍ എന്റെ മനസ്സില്‍ വിജ്ഞാനതൃഷ്ണ നട്ടുപിടിപ്പിച്ചു. അക്കാലത്ത് പുറത്തിറങ്ങിക്കൊണ്ടിരുന്ന അമാനി മൗലവിയുടെയും അലവി മൗലവിയുടെയും നേതൃത്വത്തിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ ഓരോ വാള്യം പുറത്തിറങ്ങുമ്പോഴും അതെല്ലാം അപ്പപ്പോള്‍ വായിച്ചുതീര്‍ക്കുന്ന വിധമുള്ള വിജ്ഞാനദാഹം സലാം സുല്ലമിയുമായുള്ള ബന്ധത്തിന്റെ ഫലമായി എന്നില്‍ അങ്കുരിച്ചു. അടങ്ങാത്ത വിജ്ഞാനദാഹം എന്നെയും സ്‌നേഹിതന്‍ ടി പി എം റാഫിയെയും സലാം സുല്ലമിയുമായി അഗാധമായി ബന്ധിപ്പിച്ചു.

വിജ്ഞാനപ്രചാരണത്തിന് ഇത്ര നിഷ്ഠ പുലര്‍ത്തിയ മറ്റൊരു മനുഷ്യനെയും കാണാന്‍ സാധിച്ചിട്ടില്ല. റിക്കാര്‍ഡിംഗ് സൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്ത അന്ന് ഞങ്ങള്‍ സുല്ലമിയോട് ചോദിച്ചു: നിങ്ങള്‍ നടത്തുന്ന ഈ ക്ലാസ്സുകളെല്ലാം അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്ന് ഇല്ലാതാവുകയാണല്ലോ? ഇത് താങ്കള്‍ക്ക് പുസ്തകങ്ങളോ ലേഖനങ്ങളോ ആക്കി ലിഖിതമാക്കിക്കൂടേ? എന്നാല്‍ അടുത്ത തലമുറക്ക് കൂടി ഉപകരിക്കുമല്ലോ. അദ്ദേഹം പറഞ്ഞു: ''ഞാന്‍ എഴുതിയാല്‍ ശരിയാവില്ല.'' ഞങ്ങള്‍ പറഞ്ഞു: ''നിങ്ങള്‍ എഴുതുക, ഭാഷ നമുക്ക് ശരിപ്പെടുത്താം.''  അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചുതുടങ്ങി. പിന്നീട് മരിക്കുന്നത് വരെ അത് നിശ്ചലമായിട്ടില്ല.

ആ തൂലികത്തുമ്പില്‍ നിന്ന് പിറന്നുവീണ ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രന്ഥം മയ്യിത്ത് സംസ്‌കരണമുറകള്‍ എന്നതായിരുന്നു. ഞങ്ങളുടെ നിര്‍ബന്ധത്തിന് വിധേയനായി അദ്ദേഹം എഴുതിയ ആ പുസ്തകം ഐ എസ് എം കുണ്ടുങ്ങല്‍ ശാഖ പ്രസിദ്ധീകരിക്കാമെന്നേറ്റിരുന്നു. എന്നാല്‍ അത് സാധ്യമാവാതെ വന്നപ്പോള്‍ എനിക്ക് ബന്ധമുണ്ടായിരുന്ന അയ്യൂബി ബുക്സ്റ്റാളിന്റെ ഉടമയെ സമീപിച്ചു. അദ്ദേഹം അത് പ്രസിദ്ധീകരിക്കാമെന്നേറ്റു. 1986 ജനുവരിയില്‍ പ്രസ്തുത പുസ്തകം വെളിച്ചം കണ്ടു. 132 പേജുള്ള 12 രൂപ വിലയുണ്ടായിരുന്ന ആ പുസ്തകം വളരെയേറെ പ്രചാരം നേടി. പ്രസ്തുതവര്‍ഷം ഡിസംബറില്‍ തന്നെ അലിഅക്ബര്‍ മൗലവിയുടെ കൂടെച്ചേര്‍ന്ന് സലാം മൗലവി തയ്യാറാക്കിയ അത്തൗഹീദുല്‍ മുസ്തഖീം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇസ്‌ലാഹീ ആദര്‍ശത്തിന്റെ അടിത്തറ ബലപ്പെടുത്തിയ ഈ പുസ്തകം ഒട്ടനവധി പ്രഭാഷകരുടെ ഒരു അവലംബ ഗ്രന്ഥമായിത്തീര്‍ന്നു. അക്കാലത്തു തന്നെ സല്‍സബീല്‍ മാസികയില്‍ 'മുസ്‌ലിയാക്കന്മാരേ നിങ്ങളെന്തിനാണ് കിതാബോതിയത്' എന്ന ലേഖന പരമ്പര ആരംഭിച്ചു. പിന്നീട് ആര്‍ക്കും പിടിച്ചുകെട്ടാനാവാത്ത ഒരു അശ്വത്തെപ്പോലെ ശബാബ്, അല്‍മനാര്‍, പുടവ, അല്‍ ഇസ്വ്‌ലാഹ്, മുജാഹിദ് വോയ്‌സ് എന്നിവയിലൂടെ ആ തൂലിക കുതിച്ചു മുന്നേറി. മൂസാ വാണിമേല്‍ പത്രാധിപരായിരുന്ന കാലത്ത് അല്‍മനാറിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്നത് സുല്ലമിയായിരുന്നു.

സുല്ലമിയുടെ പുസ്തകങ്ങള്‍ തേടി വരുന്ന വായനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതിനാല്‍ അയ്യൂബി ബുക്ക്സ്റ്റാള്‍ അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം പുസ്തകങ്ങളുടെ റോയല്‍റ്റിയെ പറ്റി ഒട്ടും ആലോചിച്ചിരുന്നില്ല. വല്ലപ്പോഴും വല്ലതും കിട്ടിയാല്‍ ആയി. അദ്ദേഹത്തിന്റെ ലക്ഷ്യം ആദര്‍ശ പ്രചാരണമായിരുന്നു. 1987-ല്‍ അയ്യൂബി ബുക്ക്സ്റ്റാള്‍ തന്നെ വസ്വിയ്യത്തും അനന്തരാവകാശവും, വിശുദ്ധ ഖുര്‍ആന്‍ അമ്മ ജുസ്അ് പരിഭാഷ, വാക്കര്‍ത്ഥം, വ്യാഖ്യാനം എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

അതേ വര്‍ഷം തന്നെ യുവത, അദ്ദേഹത്തിന്റെ സകാത്തും ആധുനിക പ്രശ്‌നങ്ങളും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ചാന്ദ്രമാസനിര്‍ണയത്തിലെ ഗവേഷണാത്മക വിഷയങ്ങള്‍ പ്രതിപാദിച്ച ഗ്രന്ഥമായിരുന്ന മാസപ്പിറവി കണക്കുകളും കാഴ്ചയും എന്ന പുസ്തകം ഇതേ വര്‍ഷം കുറ്റിച്ചിറയിലെ മുജാഹിദ് അക്കാദമിക് സെന്റര്‍ പ്രസാധനം ചെയ്തു. തുടര്‍ന്നു സുല്ലമിയുടെയും എന്റെയും സംയുക്തസംരംഭമായിരുന്ന വിശുദ്ധ ഖുര്‍ആന്‍ സൂചിക പുറത്ത് വന്നു. ഉംറയും ഹജ്ജും എന്ന പുസ്തകം പ്രസ്തുത കര്‍മങ്ങള്‍ നിര്‍വഹിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഒരു ഗൈഡായിരുന്നു.

2133 പേജുകളിലായി പരന്നു കിടക്കുന്ന രചനയായ ഖുര്‍ആനിന്റെ വെളിച്ചം എന്ന നാല് വാള്യമുള്ള പരമ്പര ഗ്രന്ഥം 2002-05 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തഫ്‌സീര്‍ മനാറിന്റെ ചുവടുപിടിച്ചു രചിച്ച ഈ ഗ്രന്ഥം ആധുനിക സമൂഹത്തെ ഖുര്‍ആനുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായ അമൂല്യ രചനയാണ്. ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറെ പ്രഖ്യാതമായ സ്വഹീഹുല്‍ ബുഖാരി 1993 മുതല്‍ 1999 വരെയുള്ള കാലയളവിനിടയിലായി മൂന്ന് വാള്യത്തിലായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ആയിരം പേജുകളിലായി പരന്ന് കിടക്കുന്ന ഈ ഗ്രന്ഥം ഹദീസ് പ്രചാരണത്തിന്റെ കാര്യത്തില്‍ സുല്ലമിക്കുണ്ടായിരുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമത്രേ. സ്വഹീഹുല്‍ ബുഖാരി പരിഭാഷയുടെ ഒന്നാം വാള്യത്തിന്റെ മുഖവുരയില്‍ അദ്ദേഹം ഇമാം ബുഖാരിയെക്കുറിച്ച് രേഖപ്പെടുത്തിയ വരികള്‍ ശ്രദ്ധേയവും വികാരനിര്‍ഭരവുമാണ്: ''അഹങ്കാരികളും ഭൗതിക തല്‍പരരുമായ ഭരണാധികാരികളില്‍ നിന്നുള്ള എതിര്‍പ്പ് കഠിനമായപ്പോള്‍ ആ മഹാത്മാവ് ഇപ്രകാരം പ്രാര്‍ഥിച്ചു: (അല്ലാഹുവേ, ഭൂമി വിശാലമായിരിക്കെ, എനിക്കത് കുടുസ്സായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ നീ എന്നെ സ്വീകരിച്ചാലും.) അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ഇട നല്‍കാതെ ഹിജ്‌റ 256-ല്‍ ചെറിയ പെരുന്നാള്‍ ദിവസം ശനിയാഴ്ച്ച രാത്രി പ്രിയ ദാസനെ തിരിച്ചു വിളിച്ചു. അഹങ്കാരികളുടെയും കപട വിശ്വാസികളുടെയും ഈ ലോകത്ത് നിന്ന് അന്ത്യയാത്ര പുറപ്പെടുമ്പോള്‍ ആ വിശുദ്ധാത്മാവിന് 62 വയസ്സ് പ്രായമായിരുന്നു. അല്ലാഹുവേ, നിന്റെ മതത്തിന് വേണ്ടി ജീവിതം മുഴുവന്‍ അര്‍പ്പിച്ച ഈ ത്യാഗീ വര്യനില്‍, ഈ പണ്ഡിത ശ്രേഷ്ഠനില്‍ വന്നുപോയ പിഴവുകള്‍ നീ പൊറുത്തുകൊടുക്കേണമേ!''

ഹദീസ് വിജ്ഞാന പ്രചാരണരംഗത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയാണ് 1991-1993 കാലയളവില്‍ മൂന്നു വാല്യങ്ങളിലായി 1466 പേജുകളില്‍ പരന്നുകിടക്കുന്ന രിയാളുസ്സ്വാലിഹീന്‍ പരിഭാഷ. 1993-ല്‍ തന്നെ പ്രസിദ്ധീകരിച്ച ഹദീസുകള്‍ ദുര്‍ബലതയും ദുര്‍വ്യാഖ്യാനങ്ങളും എന്ന 238 പേജുള്ള ഗ്രന്ഥം ഹദീസിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ഉതകുന്നതാണ്. ഹദീസ് നിഷേധികളുടെ വാദങ്ങളുടെ മുനയൊടിച്ച അബൂഹുറയ്‌റ വിമര്‍ശകര്‍ക്ക് മറുപടി, ഹദീസ് രണ്ടാം പ്രമാണമോ?, ചേകന്നൂരിന്റെ ഗ്രന്ഥങ്ങള്‍ക്ക് സുവ്യക്ത മറുപടി, ഹദീസ് നിഷേധികള്‍ക്ക് മറുപടി എന്നീ കൃതികള്‍ സജീവസാന്നിധ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ഹദീസ് നിഷേധിയെന്ന് വിളിച്ചവരുടെ വിവര ദോഷത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കാം.

സുന്നത്തിന്റെ സംരക്ഷണത്തിന്റെ മേഖലയില്‍ അദ്ദേഹം രചിച്ച 349 പേജുകളുള്ള സുന്നത്തും ബിദ്അത്തും എന്ന കൃതി പ്രസംഗകരുടെ ഒരു റഫറന്‍സ് ഗ്രന്ഥമാണ്. 417 പേജുകളുള്ള മുസ്‌ലിംകളിലെ അനാചാരങ്ങള്‍ ഒരു സമഗ്ര വിശകലനം എന്ന കൃതിയും 310 പേജുകളുള്ള മുസ്‌ലിംകളിലെ അനാചാരങ്ങള്‍ എന്ന കൃതിയും പ്രബോധകരുടെ അവലംബങ്ങള്‍ തന്നെയാണ്. ഖതീബുമാര്‍ക്കും പ്രസംഗകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 706 പേജുകളുള്ള ഇസ്‌ലാമിലെ അനുഷ്ഠാന മുറകള്‍ എന്ന ഗ്രന്ഥവും ഇസ്‌ലാം മൗലിക പഠനങ്ങള്‍ എന്ന ബൃഹദ്ഗ്രന്ഥവും ഇസ്‌ലാമിന്റെ സരളതയെ അമുസ്‌ലിംകള്‍ക്കു പോലും ഹൃദ്യമാകുന്ന രീതിയില്‍ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ്.

ആദര്‍ശ പ്രസ്ഥാന പഠനരംഗത്ത് ആധികാരികമായ ആശയപ്രകാശനം നിര്‍വഹിച്ചിട്ടുള്ള അതുല്യ രചനകളില്‍ പെട്ടതാണ് തൗഹീദ് ഒരു സമഗ്ര വിശകലനം, ആദര്‍ശ വൈകല്യങ്ങള്‍ സുന്നി-ജമാഅത്ത് സാഹിത്യങ്ങളില്‍, സ്ത്രീകളും ജുമുഅ ജമാഅത്തും, മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും, മദ്ഹബുകളുടെ സാധുത ഹദീസിന്റെ വെളിച്ചത്തില്‍, സുന്നത്തും മദ്ഹബുകളും ഒരു താരതമ്യപഠനം, തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, സുന്നത്ത് ജമാഅത്തും ഹദീസ് ദുര്‍വ്യാഖ്യാനവും, സുന്നത്ത് ജമാഅത്ത് ഖുര്‍ആനിലോ?, വിധിവിശ്വാസം, സമസ്ത ആശയ വൈരുധ്യങ്ങളുടെ കലവറ, നബിചര്യയും സ്ത്രീകളുടെ പള്ളിപ്രവേശനവും, ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം തുടങ്ങിയവ.

നവയാഥാസ്ഥിതികതയുടെ മുഖാവരണം വലിച്ചു കീറിയ കരുത്തുറ്റ തൂലിക സന്തതികളാണ് ജിന്ന്പിശാച്, സിഹ്ര്‍: വിശ്വാസവും അന്ധവിശ്വാസവും, തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും, മുജാഹിദുകളും നവയാഥാസ്ഥിതികരും വ്യത്യാസങ്ങള്‍, വ്യതിയാനങ്ങള്‍, മതപ്രബോധനം ഖുര്‍ആനിലും നബിചര്യയിലും എന്നീ കൃതികള്‍.

ഇസ്‌ലാമിനെ വികലമാക്കാന്‍ ശ്രമിച്ച ഖാദിയാനികളുടെയും ക്രിസ്ത്യാനികളുടെയും വികലവാദങ്ങളെ തകര്‍ത്തെറിഞ്ഞ ഈടുറ്റ രചനകളാണ് ഖാദിയാനിസം ഖുര്‍ആനിലും നബിചര്യയിലും എന്ന ഗ്രന്ഥവും ഖുര്‍ആനും ക്രൈസ്തവ വിമര്‍ശനങ്ങളും എന്ന കൃതിയും. നോമ്പിലും പെരുന്നാളിലും ഐക്യം, ചന്ദ്രമാസ നിര്‍ണയം കണക്കും കാഴ്ച്ചയും, സംഗീതം നിഷിദ്ധമോ? എന്നീ രചനകള്‍ അദ്ദേഹത്തിന്റെ ഗവേഷണത്വരയെ പ്രതിനിധീകരിക്കുന്നവയാണ്. സകാത്തും ഫിത്വര്‍ സകാത്തും സംഘടിതമോ?, സുന്നത്തില്‍ സ്ഥിരപ്പെട്ട പ്രാര്‍ത്ഥനകള്‍, നോമ്പിന്റെ വിധിവിലക്കുകള്‍, ഇസ്‌ലാമില്‍ സ്ഥിരപ്പെട്ട സുന്നത്തു നമസ്‌ക്കാരങ്ങള്‍, ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍ എന്നിവ അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര രചനകളിലെ സംഭാവനകളില്‍പ്പെട്ടതാണ്. നബിചരിത്ര ഗ്രന്ഥമായ നൂറുല്‍ യഖീന്‍ പരിഭാഷ, തൗഹീദ് വിജ്ഞാനം, ത്വാഹ, മര്‍യം, യാസീന്‍, അമ്പിയാഅ്, നഹ്ല്‍ എന്നീ സൂറകളുടെ പരിഭാഷകള്‍ എന്നിവ കോളേജ് വിദ്യാര്‍ത്ഥികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്.

യുവത ബുക്ഹൗസ് പുറത്തിറക്കിയ ഇസ്‌ലാം 5 വാള്യങ്ങളില്‍ എന്ന ബൃഹദ് ഗ്രന്ഥപരമ്പരക്കും ഹദീസ് സമാഹരത്തിന്റെ മൂന്ന് വാള്യങ്ങളായ വിശ്വാസം, നമസ്‌ക്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, പ്രാര്‍ത്ഥനകള്‍ എന്നിവയുടെ പ്രസാധനത്തിലും പിന്നിലെ പ്രചോദനശക്തിയും അവലംബവും പ്രധാനമായും രണ്ടു പേരായിരുന്നു; അബ്ദുസ്സലാം സുല്ലമിയും ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയും.

ഹദീസ് സമാഹാരം രണ്ടാം വാള്യമായ നമസ്‌ക്കാരത്തിന്റെ തിരക്കിട്ട പണിപ്പുരക്കിടയില്‍ ഒരു ഹദീസ് കണ്ടെത്തുന്നതിന് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ സോഫ്റ്റ്‌വെയറായ മക്തബതു ശാമിലയില്‍ പരതി. സാങ്കേതിക കാരണങ്ങളാല്‍ അത് കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുല്ലമിയുടെ നമ്പറില്‍ വിളിച്ചു. ഉടന്‍ മറുപടി കിട്ടി. ഇന്ന ഗ്രന്ഥത്തില്‍ ഇന്ന അധ്യായത്തില്‍ നോക്കുക. കമ്പ്യൂട്ടറിനെ വെല്ലുന്ന വേഗതയില്‍ തന്റെ അപാരമായ ഓര്‍മശക്തിയില്‍ നിന്ന് അത് പകര്‍ന്നു തന്നു.

ഒരിക്കല്‍ കോഴിക്കോട്ടെ ഒരു പള്ളിയില്‍ നിന്ന് കെ കെ മുഹമ്മദ് സുല്ലമി ഒരു വിഷയത്തില്‍ ഒരു വിശദീകരണം നല്‍കി. എനിക്കത് തൃപ്തികരമായി തോന്നിയില്ല. കുണ്ടുങ്ങല്‍ പള്ളിയിലുണ്ടായിരുന്ന കെ കെയുടെ ശിഷ്യന്‍ കൂടിയായിട്ടുള്ള സലാം സുല്ലമിയോട് ഞാന്‍ അതേപ്പറ്റി ചോദിച്ചു. അദ്ദേഹം രിയാളു സ്സ്വാലിഹീന്‍ എന്ന ഗ്രന്ഥമെടുത്തു പ്രസ്തുത വിഷയത്തില്‍ തെളിവായിട്ടുള്ള ഹദീസ് കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു: കെ കെ ചിലപ്പോള്‍ അത് പറഞ്ഞിട്ടുണ്ടാവുക ശൗക്കാനിയുടെ നൈലുല്‍ ഔത്വാറിനെ അവലംബിച്ചിട്ടായിരിക്കും. പ്രസ്തുത ഗ്രന്ഥത്തില്‍ ഈ വിഷയകമായി സ്ഥിരപ്പെട്ട ഹദീസില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം കെ കെയോട് പറഞ്ഞപ്പോള്‍ കെ കെ പറഞ്ഞു: ''സലാം പറഞ്ഞതാണ് ശരി. അവനത് കാണാതെ പറയില്ല.'' സലാം സുല്ലമിയുടെയും കെ കെ യുടെയും മഹത്വം ഒരുപോലെ വെളിപ്പെട്ട അത്യപൂര്‍വ സന്ദര്‍ഭം.

-കെ പി സകരിയ്യ

No comments:

Post a Comment

Listen Islam from Right Source