ജനഹൃദയങ്ങളില്‍ വസിച്ച പണ്ഡിതന്‍ | എം സ്വലാഹുദ്ദീന്‍ മദനി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

ജനഹൃദയങ്ങളില്‍ വസിച്ച പണ്ഡിതന്‍ | എം സ്വലാഹുദ്ദീന്‍ മദനി



സംഘടനയില്‍ സ്ഥാനങ്ങള്‍ ആഗ്രഹിക്കാത്ത പണ്ഡിതനായിരുന്നു എ അബ്ദുസ്സലാം സുല്ലമി. അദ്ദേഹത്തിന്റെ സ്ഥാനം ജനഹൃദയങ്ങളിലായിരുന്നു. ഇതിനു തെളിവാണ് അദ്ദേഹത്തിന്റെ ജനാസ സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും വേണ്ടി എത്തിയ ആയിരങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തിയ പോരാട്ടങ്ങളാണ് അബ്ദുസ്സലാം സുല്ലമിയെ ശ്രദ്ധേയനാക്കുന്നത്. മലബാറില്‍ മാത്രമല്ല, തെക്കന്‍ കേരളത്തിലെ കുഗ്രാമങ്ങളിലും വന്ന് ഇസ്‌ലാമിക ദര്‍ശനങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ അദ്ദേഹം കിണഞ്ഞ് പരിശ്രമിച്ചു.


അറിവിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി വിലപിടിപ്പുള്ള പലതും അദ്ദേഹം നമുക്ക് നല്‍കിയിട്ടുണ്ട്; അമൂല്യ ഗ്രന്ഥങ്ങളിലൂടെ. അത് റഫര്‍ ചെയ്യാത്ത പ്രഭാഷകന്മാരുണ്ടാവില്ല എന്ന് തീര്‍ച്ചയാണ്. അക്ഷര വായനയില്‍ ഒതുങ്ങാതെ ഗവേഷണാത്മകത പരിശീലിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ആധുനിക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇതിന് ഉദാഹരണമാണ്. ആശയവിനിമയത്തില്‍ ഇത് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആശയങ്ങള്‍ക്കെതിരെ നിരീശ്വരവാദികളില്‍ നിന്നും യുക്തിവാദികളില്‍ നിന്നും മോഡേണിസ്റ്റുകളില്‍ നിന്നും യാഥാസ്ഥിതികരില്‍ നിന്നും വെല്ലുവിളികള്‍ നേരേിട്ടപ്പോള്‍ സ്‌റ്റേജിലും പേജിലും അദ്ദേഹം പോരാട്ടം നടത്തി. ചേകന്നൂര്‍ മൗലവിയുടെ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങളെ തടയിട്ട് പ്രതിരോധിച്ചത് അബ്ദുസ്സലാം സുല്ലമിയായിരുന്നു. ഹദീസ് നിഷേധ പ്രവണതകള്‍ക്കെതിരെ പോരാട്ടം നടത്തി ഹദീസ് സ്വീകാര്യ മാനദണ്ഡം കൃത്യമായി കേരളത്തില്‍ ചര്‍ച്ചക്കു വിധേയമാക്കി. ചേകന്നൂര്‍ തിരോധാനത്തെ തുടര്‍ന്ന് അബ്ദുസ്സലാം സുല്ലമിയെയും ചോദ്യം ചെയ്തിരുന്നു എന്നത് വിസ്മരിക്കാവതല്ല. ചേകന്നൂരിന്റെ ഹദീസ് നിഷേധത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹത്തെ പില്‍ക്കാലത്ത് ചേകന്നൂരിയെന്നും ഹദീസ് നിഷേധിയെന്നും ആക്ഷേപിച്ചത് വിധിവൈപരീത്യം എന്നല്ലാതെ പറയാനാവില്ല.


അബ്ദുസ്സലാം സുല്ലമിയുടെ ഗ്രന്ഥങ്ങളെ കേവലം പുസ്തകങ്ങളായല്ല, റഫറന്‍സ് ഗ്രന്ഥങ്ങളായാണ് വിലയിരുത്തേണ്ടത്. തൗഹീദിന്റെ സന്ദേശം കൃത്യമായി വരച്ചുകാണിക്കുന്ന 'തൗഹീദ് ഒരു സമഗ്ര വിശകലനം' എന്ന ഗ്രന്ഥം പ്രബോധന രംഗത്ത് ഒരു മുതല്‍ക്കൂട്ടാണ്. മുസ്‌ലിംകളിലെ അനാചാരങ്ങള്‍ ഒരു സമഗ്ര വിശകലനം എന്ന ഗ്രന്ഥം ഗര്‍ഭധാരണം മുതല്‍ മനുഷ്യ ജീവിതത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന ഒട്ടുമിക്ക നാട്ടാചാരങ്ങളെയും മാമൂലുകളെയും ദുരാചാരങ്ങളെയും തുറന്നുകാട്ടുന്നു. സുല്ലമിയുടെ മിക്ക ഗ്രന്ഥങ്ങളും എന്റെ കൈവശമുണ്ട്. റഫറന്‍സിന് ഈ ഗ്രന്ഥങ്ങളെ മുഖ്യമായും ആശ്രയിക്കാറുമുണ്ട്. ശാഫിഈ മദ്ഹബുകാര്‍ എന്ന് പറഞ്ഞ് ജീവിക്കുന്നവര്‍ക്ക് ഈ മദ്ഹബുമായി ഒരു ബന്ധവുമില്ലെന്നും ഓരോ വിഷയങ്ങളിലും മദ്ഹബ് എന്തു പറയുന്നുവെന്നും വിശദീകരിക്കുന്ന 'ശാഫിഈ മദ്ഹബ്' എന്ന പുസ്തകം എടുത്തുപറയേണ്ടതാണ്. സകാത്തിന്റെ വിഷയങ്ങളില്‍ കൃത്യമായ സംശയദൂരീകരണമാണ് 'സകാത്തും ആധുനിക പ്രശ്‌നങ്ങളും' എന്ന പുസ്തകം.

എടവണ്ണ ഭാഗത്ത് ഏതൊരു പരിപാടിയുണ്ടെങ്കിലും അബ്ദുസ്സലാം സുല്ലമിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. കിതാബുകള്‍ക്കിടയില്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തപസ്സിരിക്കുന്ന സലാം സുല്ലമിയുടെ വിജ്ഞാനപ്രദമായ ചര്‍ച്ചകളാണ് കൂടുതല്‍ നടത്തിയിരുന്നത്. പലപ്പോഴും പി ടി വീരാന്‍കുട്ടി സുല്ലമിയും കൂട്ടിനുണ്ടാകും. വീരാന്‍കുട്ടി സുല്ലമിയോട് ഒരു പ്രത്യേക അടുപ്പം അബ്ദുസ്സലാം സുല്ലമിക്കുണ്ടായിരുന്നു.

അബ്ദുസ്സലാം സുല്ലമിയുടെ ചിന്താപരമായ വിയോജിപ്പുകളോട് അസഹിഷ്ണുത കാണിച്ചിട്ട് ഒന്നും നേടാനില്ല. ഇജിത്ഹാദീ വിഷയങ്ങളില്‍ പിഴച്ചാല്‍ പോലും പ്രതിഫലമുണ്ടല്ലോ. ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടച്ചിട്ടുമില്ലല്ലോ. നമുക്ക് വേണ്ടത് ഇത്തിബാഉം ഇജ്തിഹാദുമാണ്. തഖ്‌ലീദ് അല്ല.

അറിവിന്റെ നിറദീപവും സ്‌നേഹത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപവും അഗാധ ജ്ഞാനത്തിന്റെ സാഗരവുമായി ജീവിച്ച അബ്ദുസ്സലാം സുല്ലമി ഇനി നമ്മോടൊപ്പമില്ല. പക്ഷേ, ഇസ്‌ലാഹി കേരള നഭോമണ്ഡലത്തിലെ ആ രജത നക്ഷത്രം ജ്വലിച്ച് പ്രകാശം വിതറി നില്‍ക്കും നമ്മുടെ മനസ്സുകളിലൂടെ. അദ്ദേഹത്തിന്റെ രചനകളിലൂടെ. നമുക്ക് അവശേഷിപ്പിച്ച ബാധ്യതാ നിര്‍വഹണത്തിലൂടെ. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

-എം സ്വലാഹുദ്ദീന്‍ മദനി

No comments:

Post a Comment

Listen Islam from Right Source