പേരക്കുട്ടികളുടെ ഗുഡ് ഗുഡ് ഉപ്പപ്പ | നജീബ് തിരൂര്‍ക്കാട് - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

പേരക്കുട്ടികളുടെ ഗുഡ് ഗുഡ് ഉപ്പപ്പ | നജീബ് തിരൂര്‍ക്കാട്



നാലു പതിറ്റാണ്ടു മുമ്പ് ഉപ്പ ജോലി ചെയ്തിരുന്ന എടത്തനാട്ടുകര മുറിയകണ്ണിയില്‍ ഒരു വഅദ് പരിപാടിയിലാണ് സുല്ലമിയെ ഞാന്‍ ആദ്യമായി കാണുന്നത്. ഞാനന്ന് സ്‌കൂളില്‍പോയി തുടങ്ങിയിട്ടില്ല. ജമീല ടീച്ചറും അന്ന് ആ പരിപാടിയില്‍ പ്രസംഗിച്ചിരുന്നു. രണ്ടുപേരില്‍ ആരോ പ്രസംഗത്തിനിടെ ഈണത്തില്‍ പാട്ടുപാടിയിരുന്നതും മങ്ങിയ ഓര്‍മയിലുണ്ട്. പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞ് എന്റെ നാട്ടില്‍ തിരൂര്‍ക്കാട്ട് സുല്ലമിയുടെ ഖുര്‍ആന്‍ ലേണിംഗ് ക്ലാസ് തുടങ്ങിയപ്പോള്‍ സംഘാടകനായും പഠിതാവായും കൂടുതല്‍ അടുത്തു. കെ ഉമര്‍ മൗലവിയായിരുന്നു ആ ക്ലാസ് ഉദ്ഘാടനംചെയ്തിരുന്നത്. മൗലവിയുമായുള്ള തുറന്ന ബന്ധം അദ്ദേഹത്തിന്റെ മൂത്ത മകളെ വിവാഹം കഴിക്കുന്നതിലാണ് കലാശിച്ചത്. വിവാഹത്തിനു ശേഷവും സുല്ലമീ, മൗലവി എന്നീ സംബോധന തന്നെ തുടര്‍ന്നു. ഉപ്പയെന്ന് വിളിച്ചു ശീലമായത് കുറേ കഴിഞ്ഞാണ്.

മങ്കട അടുത്ത് വേരുംപുലാക്കലെയും തിരൂര്‍ക്കാട്ടെയും ക്ലാസുകള്‍ക്ക് വരുമ്പോള്‍ പേരക്കുട്ടികള്‍ക്കായി നിറയെ മിഠായിയുമായി എന്റെ വീട്ടില്‍ വരും. ഞങ്ങളവിടെ സ്ഥലത്തില്ലെങ്കിലും ആ പതിവ് മുടക്കാറില്ല. ജ്യേഷ്ഠന്റെ കുട്ടികള്‍ക്ക് മിഠായി കൊടുക്കും. വീട്ടില്‍ വരുന്ന യാചകര്‍ക്കും അഗതികള്‍ക്കും ദാനം കൊടുക്കാന്‍ കുട്ടികളെയാണ് ഏല്പിക്കാറ്. വീടുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്നവര്‍, ബസിലും റോഡുവക്കിലും സാധനങ്ങള്‍ വില്ക്കുന്നവര്‍ ഉള്‍പ്പെടെ അധ്വാനിച്ചു ജീവിക്കുന്നവരോട് മതിപ്പായിരുന്നു. ആവശ്യമില്ലെങ്കിലും അവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങും.

ഒട്ടുമിക്ക മുസ്‌ലിം ആനുകാലികങ്ങളും വീട്ടില്‍ വരുന്നുണ്ട്. എല്ലാം അടുക്കിവൃത്തിയായി സൂക്ഷിച്ചുവെക്കുകയും പിന്നീടുള്ള റഫറന്‍സിനുതകും വിധം ക്രമീകരിക്കുകയും ചെയ്യും. ടി വി വാര്‍ത്തകള്‍ സ്ഥിരമായി ശ്രദ്ധിക്കുന്ന ഉപ്പ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഫുട്ബാള്‍ മത്സരങ്ങള്‍ മുടങ്ങാതെ കാണുമായിരുന്നു. ഒട്ടുമിക്ക ലോകോത്തര താരങ്ങളെയും പരിചയവുമുണ്ട്. അര്‍ധരാത്രിയിലെ കളി കണ്ടുറങ്ങുന്ന ആളുതന്നെ സ്വുബ്ഹിനു മുമ്പ് എഴുന്നേറ്റ് എഴുത്തില്‍ മുഴുകുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
അബ്ദുസ്സലാം സുല്ലമി, സലാം സുല്ലമി, മലയാളി പെരിങ്ങോട്, Abdussalam Sullami, Salam Sullami, Abdul Salam Sullami, Sullami, Malayali Peringode, Shabab, Islahi, Salafi, Mujahid, KNM, ISM, MSM, MGM, KJU


സംശയനിവാരണത്തിനെന്നു പറഞ്ഞ് ഫോണ്‍ ചെയ്ത്  തലങ്ങും വിലങ്ങും വിചാരണ ചെയ്യാറുള്ള ആദര്‍ശ ശത്രുക്കളോടല്ലാതെ ഉപ്പ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. എഴുത്തു മുറിയില്‍ തുറന്നുവെച്ച റഫറന്‍സ് ഗ്രന്ഥങ്ങളും എഴുതിക്കൊണ്ടിരിക്കുന്ന കടലാസുകളുമൊക്കെ പേരക്കുട്ടികള്‍ അലങ്കോലപ്പെടുത്തിയാലും അതൊക്കെ പിന്നീട് ഒതുക്കിവെക്കുകയല്ലാതെ ആരെയും കുറ്റപ്പെടുത്താറില്ല. വേറെ ആര്‍ക്കും കുട്ടികളോട് ഇങ്ങനെ പെരുമാറാന്‍ കഴിയാറില്ല. അതുകൊണ്ടാവും മൂന്നു വയസ്സ് തികയാത്ത പേരക്കുട്ടി, ഞങ്ങളോരോരുത്തരും ചീത്തയും നല്ലതും ചേര്‍ന്നതാണെന്നും ഉപ്പപ്പ മാത്രം നല്ലത് മാത്രമാണെന്ന അര്‍ഥത്തില്‍, എല്ലാരും ബാഡ് ഗുഡാണ്, ഉപ്പപ്പ മാത്രം ഗുഡ് ഗുഡാണെന്ന് പറഞ്ഞിരുന്നത്.

മിക്ക ദിവസങ്ങളിലും എവിടെയെങ്കിലും ക്ലാസ് കഴിഞ്ഞ് രാത്രി പത്തുമണിക്കു ശേഷം മഞ്ചേരി അങ്ങാടിയില്‍ എത്തിപ്പെട്ടാല്‍ അരമണിക്കൂറോളം അടുത്ത ബസ്സിനുവേണ്ടി കാത്തിരിക്കുകയാണ് പതിവ്. ഒരു ദിവസം ആ കാത്തിരിപ്പ് ഒഴിവാക്കാമല്ലോ എന്ന് കരുതി മങ്കടയില്‍ നിന്ന് ബൈക്കില്‍ എടവണ്ണയ്ക്ക് പോവുകയായിരുന്ന ഞാന്‍ ഉപ്പയെ കൂടെക്കൂട്ടി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും ശക്തമായ മഴ തുടങ്ങി. വണ്ടി നിര്‍ത്തി കുട ചൂടിയെങ്കിലും പെരുമഴ മൂലം നനഞ്ഞൊലിച്ചു. ഏതായാലും നനയുകയാണ്. അപ്പോള്‍ പിന്നെ യാത്ര തുടരാമെന്നായി ഉപ്പ. അന്ന് ആ വഴിദൂരം മുഴുവന്‍ നനയാനിടയായതില്‍ എനിക്ക് കുറ്റബോധം തോന്നി. ക്ഷമാപണത്തിന് തുനിഞ്ഞ എന്നോട്, അതിനെന്താ നമുക്ക് ഗൈബറിയില്ലല്ലോ എന്നായിരുന്നു പ്രതികരണം.

വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പെരുന്നാള്‍ ദിവസം. സുബ്ഹ് നമസ്‌കാരശേഷം അരിപ്രയിലെ എന്റെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അമ്മാവന്റെ വീട്ടിലേക്ക് ബലികര്‍മങ്ങള്‍ക്കുപയോഗിക്കാനുള്ള കത്തി സംഘടിപ്പിക്കാന്‍ ബൈക്കില്‍ പുറപ്പെട്ട ഞാന്‍ തണുത്തുപോയി. പുലര്‍ച്ചെ നല്ല മഞ്ഞുള്ള കാലമാണ്. അന്നു വൈകിട്ട് എടവണ്ണയില്‍ ചെന്നപ്പോഴാണ് എന്റെ രണ്ടു കിലോമീറ്റര്‍ യാത്രയ്ക്കും വളരെ മുമ്പ് ഇരുപത്തഞ്ചോ മുപ്പതോ കിലോമീറ്റര്‍ ദൂരേയ്ക്ക് ഈദ് പ്രസംഗത്തിന് സംഘാടകരിലൊരാളുടെ പുറകിലിരുന്ന് ഉപ്പ പോയതു ബൈക്കിലായിരുന്നു എന്നറിയുന്നത്. ഇതാരും ആക്ഷേപമായി പറഞ്ഞറിഞ്ഞതല്ല അന്നത്തെ തണുപ്പ് അനുഭവിച്ചതുകൊണ്ട് ചോദിച്ചറിഞ്ഞതാണ്.

മൗലവിയുടെ വായനാ മുറി


സ്തുതിപാഠകരിലും സില്‍ബന്ധികളിലും സംപ്രീതരാകുന്ന രാഷ്ട്രീയ-മത നേതാക്കളെയും പിടിമുറുക്കുന്ന സമകാലത്ത് ഉപ്പ ഇതില്‍ നിന്നൊക്കെ വേറിട്ടുനിന്നു. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും കേട്ട് ഇടയ്‌ക്കെങ്കിലും സങ്കടപ്പെടാറുള്ള ഉപ്പ സ്തുതി ഇഷ്ടപ്പെട്ടിരുന്നേയില്ല. സോഷ്യല്‍ മീഡിയയിലെ കുത്തുവാക്കുകളും ആക്ഷേപങ്ങളും മക്കള്‍ക്ക് വലിയ വിഷമമുണ്ടാക്കുമ്പോള്‍, ഉപ്പയെ സ്‌നേഹിക്കുന്ന അനേകമാളുകളുണ്ട് എന്ന് അവരെ ആശ്വസിപ്പിക്കാന്‍ അത്തരക്കാരുടെ ചില കുറിപ്പുകള്‍ ഞാന്‍ പ്രിന്റെടുത്ത് വായിച്ചുകൊടുക്കാറുണ്ട്. ഉപ്പ അത്ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലും ഉപ്പ എഴുത്ത് മുടക്കിയിരുന്നില്ല. ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ഞങ്ങള്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമായി ഒരു പഠനപരമ്പര തുടങ്ങണമെന്ന ഞങ്ങളുടെ സ്വപ്നം പൂര്‍ത്തിയാക്കാനാവാതെ ഉപ്പ അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി നമ്മോട് വിടപറഞ്ഞു.

-നജീബ് തിരൂര്‍ക്കാട്‌

No comments:

Post a Comment

Listen Islam from Right Source