വാത്സല്യനിധിയായ ഞങ്ങളുടെ പിതാവ് | മക്കൾ -മുനീബ, മുബീന്‍, മുഫീദ, മുജീബ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

വാത്സല്യനിധിയായ ഞങ്ങളുടെ പിതാവ് | മക്കൾ -മുനീബ, മുബീന്‍, മുഫീദ, മുജീബ



ജീവിതത്തില്‍ ശീലമാക്കേണ്ടുന്ന പാഠങ്ങള്‍ കല്പനയോ ശാസനയോ കൂടാതെ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നു ഉപ്പയുടെ രീതി. മുതിര്‍ന്നതിനു ശേഷമായിരുന്നു ഞങ്ങളത് തിരിച്ചറിഞ്ഞത്.

പതിവായി രാത്രി വൈകിയെത്തുന്ന ഉപ്പയെ വീടിന്റെ ഉമ്മറപ്പടിയില്‍ ഞങ്ങള്‍ മക്കളും ഉമ്മയും കാത്തിരിക്കും. ഓരോരുത്തര്‍ക്കും അവരവര്‍ക്കിഷ്ടപ്പെട്ട മിഠായിപ്പൊതികളും പലഹാരങ്ങളും ഉപ്പാന്റെ ബാഗിലുണ്ടാകും. രാവിലെ ഇറങ്ങുമ്പോള്‍ ഓരോരുത്തരും എന്തെങ്കിലും കൊണ്ടുവരാന്‍ പറയണം. മക്കള്‍ നാലുപേരും നാലാവശ്യം പറഞ്ഞാല്‍ ഉപ്പാക്ക് സന്തോഷമായി.

വ്യാഴാഴ്ചകളില്‍ ബാലരമയും ബാലമംഗളവുമൊക്കെ വാങ്ങിയിട്ടാവും വരവ്. ഒഴിവുവേളകളില്‍ ഞങ്ങളെ ചുറ്റുമിരുത്തി ഉപ്പതന്നെ കഥകള്‍ വായിച്ചുതരും. പെരുന്നാളിനും മറ്റു വിശേഷ ദിവസങ്ങളിലും പതിവുവിഭവങ്ങള്‍ക്ക് പുറമെ പല നിറത്തിലുള്ള മാലകളും വളകളും ബാഗിലിടം പിടിക്കും. പെരുന്നാള്‍ പകല്‍ മുഴുവന്‍ ഉപ്പ കൂടെയില്ലാത്തതിന്റെ വിഷമം അതോടെ മാറും.

പുലര്‍ച്ചെ വീടുവിട്ടിറങ്ങി രാത്രി വൈകി തിരിച്ചുവരുന്ന ഉപ്പയെ അപൂര്‍വമായേ ഞങ്ങള്‍ക്ക് ഒഴിഞ്ഞുകിട്ടാറുള്ളൂ. അങ്ങനെ കിട്ടുന്ന ദിവസങ്ങളില്‍ വീട്ടിലെ പച്ചക്കറി കൃഷിയും ചെടി പരിചരണവും കോഴിക്കൂട് നിര്‍മാണവുമൊക്കെ ഉപ്പാന്റെ നേതൃത്വത്തിലാണ്. വീട്ടിലെ മിക്കവാറും മരാമത്ത് ജോലികള്‍ ഉപ്പ ഒറ്റയ്ക്ക് ചെയ്യും. ചെടികള്‍ക്ക് വെള്ളമൊഴിച്ചോ എന്ന് വൈകി വരുന്ന ദിവസങ്ങളില്‍ മറക്കാതെ അന്വേഷിക്കും.

മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതിലല്ല, സ്വയം ചെയ്യാവുന്നത് ചെയ്യുന്നതിലായിരുന്നു ഉപ്പ ആനന്ദം കണ്ടെത്തിയിരുന്നത്. ലൈബ്രറിയില്‍ നിന്നും ഞങ്ങളെടുക്കുന്ന പുസ്തകങ്ങള്‍ തിരിച്ചുവെക്കുന്നത് സ്ഥാനം തെറ്റിയായിരിക്കും. ഉപ്പ അത് ഒരു നീരസമോ ദേഷ്യമോ പ്രകടിപ്പിക്കാതെ അതത് സ്ഥലത്ത് മാറ്റിവെക്കും. ഒഴിവു ദിവസങ്ങളില്‍ ഉപ്പാന്റെ സന്തതസഹചാരിയായ ബാഗില്ലാതെ പുറത്തിറങ്ങുന്നത് കണ്ട് എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ മിക്കപ്പോഴും പോസ്റ്റാഫീസിലേക്കെന്നാവും മറുപടി. കത്ത് പോസ്റ്റ് ചെയ്യുന്നതു പോലും മറ്റുള്ളവരെ ഏല്പിക്കാതെ സ്വയം ചെയ്യും.


എന്തെങ്കിലും ആവശ്യത്തിന് പൈസ ചോദിച്ചാല്‍ ചോദിച്ചതിലും കൂടുതല്‍ തരും. അത് ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍ പിന്നെയൊരവസരത്തിലാകും ഓര്‍മിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എന്ത് പഠിക്കണമെന്ന് പൂര്‍ണമായും ഞങ്ങളുടെ ഇഷ്ടത്തിന് വിടുകയായിരുന്നു. വാങ്ങുന്ന ശമ്പളത്തിന് അര്‍ഹമായ അളവില്‍ ജോലി ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസം ഉണ്ടാവണം എന്ന് ഉപ്പ ഉണര്‍ത്തുമായിരുന്നു. ശമ്പളം കിട്ടുന്ന ദിവസം മനസ്സറിഞ്ഞ് സന്തോഷിക്കാന്‍ കഴിയുംവിധം ചെലവുകള്‍ ക്രമീകരിക്കണമെന്നും ഉപ്പ പഠിപ്പിച്ചു.

സന്തോഷത്തോടെ ജീവിക്കാന്‍ ഉയര്‍ന്ന ശമ്പളം ആവശ്യമില്ല, വളരെ ചെറിയ വരുമാനം കൊണ്ടുതന്നെ സംതൃപ്തമായ ജീവിതം നയിക്കാം എന്നത് ഞങ്ങളുടെ അനുഭവമാണ്. ഉപ്പയുടെ മുറിയില്‍ മൂന്നുനാല് പ്ലാസ്റ്റിക് ബോക്‌സുകള്‍ ഉണ്ടാവും. ഞങ്ങള്‍ മക്കള്‍ക്കുള്ള പോക്കറ്റ് മണി, വീട്ടിലേക്കുള്ള ചെലവ്, ചികിത്സയ്ക്ക്, പുസ്തകത്തിന് എന്നീ ആവശ്യങ്ങള്‍ക്കുള്ള തുക ഈ ബോക്‌സുകളില്‍ തയ്യാറാക്കിവെക്കും. ഒരു ബാങ്ക് അക്കൗണ്ടിന്റെയും സഹായമില്ലാതെ തന്നെ വീട്ടില്‍ സാമ്പത്തിക ഭദ്രതയും ആസൂത്രണവും ഉപ്പ നടപ്പിലാക്കി. ഉമ്മയും ഉപ്പയും വഴക്കിടുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. പലപ്പോഴും ഉപ്പ ഭക്ഷണം കഴിച്ചതിനുശേഷമാവും ഞങ്ങള്‍ കഴിക്കുന്നത്. ഉമ്മ കറിയില്‍ ഉപ്പിടാന്‍ മറന്നത് ഞങ്ങള്‍ കണ്ടുപിടിക്കും. ഉപ്പ അതേപ്പറ്റി പരാതിപ്പെടാതെ തൃപ്തിയോടെ കഴിച്ചുകഴിഞ്ഞിരിക്കും. ഉമ്മയോട് ഉപ്പ നീരസം പ്രകടിപ്പിക്കുന്നതായി ഞങ്ങളോര്‍ക്കുന്നത്, വീട്ടില്‍ വൈദ്യുതി കണക്ഷനെടുത്തപ്പോഴും, അതുപോലെ ഭൗതിക സൗകര്യങ്ങള്‍ എന്തെങ്കിലുമൊക്കെ ഏര്‍പ്പെടുത്തിയ സന്ദര്‍ഭങ്ങളിലുമാണ്.

അനാരോഗ്യം അങ്ങേയറ്റം തളര്‍ത്തിയതിനു ശേഷമാണ് ഉപ്പ ക്ലാസുകളും പ്രഭാഷണങ്ങളും നിര്‍ത്തിയത്. അപ്പോഴും എഴുത്ത് തുടര്‍ന്നു. ഈ വിശ്രമവേളയിലാണ് ഞങ്ങള്‍ മക്കള്‍ക്ക് ഉപ്പാനെ ശരിക്കും കിട്ടുന്നത്. വിദേശത്ത് താമസിക്കുന്ന മക്കള്‍ നാലുപേരും മുമ്പ് ഉപ്പാനെ അങ്ങോട്ട് വിളിക്കുമ്പോഴൊക്കെ വിസമ്മതമായിരുന്നു. അസുഖമായപ്പോള്‍ എത്രയും വേഗം മക്കളുടെ അടുത്തെത്തിയാല്‍ മതിയെന്നായി. ഉപ്പാന്റെ ഇഷ്ടംപോലെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കുറെ നാളുകള്‍ ഒരുമിച്ചു കഴിയാന്‍ സാധിച്ചു. നാലുപേരും അടുത്തടുത്തായതിനാല്‍ നാട്ടിലെക്കാള്‍ സൗകര്യത്തോടെ എല്ലാവര്‍ക്കുമൊപ്പം സന്തോഷം പങ്കുവെക്കാനായി. പേരക്കുട്ടികള്‍ ഉപ്പാക്ക് ഒരു ദൗര്‍ബല്യമായിരുന്നു. അവര്‍ക്ക് അവരുടെ ഉപ്പപ്പയും. അവരുടെ കുസൃതികള്‍ ഉപ്പയെ ഊര്‍ജസ്വലനാക്കി. ഒരിക്കല്‍പോലും ശകാരിക്കാതെ സ്‌നേഹവും ലാളനയും വാരിക്കോരി നല്‍കിയ ഉപ്പപ്പ.

ഉപ്പാന്റെ ആഗ്രഹംപോലെയായി മരണം. ഉപ്പാന്റെ ഓര്‍മയിലെ അവസാന ദിവസം ജനുവരി 25ന് ഉച്ചയൂണിന് ശേഷം ഉമ്മയോടൊപ്പം നടക്കാനിറങ്ങി. തിരിച്ച് റൂമില്‍ വന്ന് ഞങ്ങളെല്ലാവരും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. ഉപ്പാക്ക് എന്തെങ്കിലും പ്രയാസമുണ്ടോ എന്ന ചോദ്യത്തിന് നടക്കുമ്പോള്‍ ചെറിയ കിതപ്പുണ്ടെന്ന് മറുപടി പറഞ്ഞു. രക്തക്കുറവിന്റേതാണ്, നമുക്ക് ഭക്ഷണക്രമം ഒന്നുകൂടി ശരിയാക്കണം എന്ന് ആശ്വസിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉപ്പ ഒന്ന് ശക്തിയായി ചുമച്ചു, കൂടെ ചെറിയ ശ്വാസതടസ്സവും. ചെറിയ മകള്‍ മുഫീദ പുറം തടവിക്കൊടുത്തു. തനിക്ക് കുഴപ്പമൊന്നുമില്ലന്ന് ബോധ്യപ്പെടുത്താനെന്നവണ്ണം അന്ന് ഉപ്പ കൂടുതല്‍ ഉഷാറായി കളിതമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഷാര്‍ജയില്‍ തണുപ്പായതിനാല്‍ അധികസമയവും പുതച്ചുകിടക്കാറാണ്. പക്ഷേ, അന്ന് ഉപ്പ കിടന്നതേയില്ല. വാരാന്ത്യമായതിനാല്‍ മക്കളെല്ലാവരും ഫ്‌ളാറ്റിലുണ്ട്. പേരക്കുട്ടികളോട് തമാശ പറഞ്ഞും പാട്ടുപാടിയും നടക്കുകയാണ് ഉപ്പ.

മഗ്‌രിബിന് ശേഷം വീണ്ടുമൊരു ചുമ, ശ്വാസതടസ്സം, അസ്വാഭാവികത മനസ്സിലായതിനാല്‍ ഉടനെ ഷാര്‍ജയിലെ അല്‍ഖാസിമി ഹോസ്പിറ്റലിലെത്തിച്ചു. കാറില്‍വെച്ചും എനിക്കൊന്നുമില്ലെന്ന് ഉപ്പ പറയുന്നുണ്ട്. മരണത്തെ സ്വീകരിക്കാന്‍ നേരത്തെ ഒരുങ്ങിക്കഴിഞ്ഞിരുന്ന ഉപ്പാക്ക് ആ സമയത്ത് പ്രത്യേകിച്ച് ഞങ്ങളോടൊന്നും പറയാനില്ലായിരുന്നു. അതുകൊണ്ടുതന്നെയാവണം ആ അബോധാവസ്ഥയില്‍ നിന്ന് ഉപ്പ ഉണര്‍ന്നില്ല.

അടുത്തിടപഴകിയവര്‍ക്കൊക്കെ സ്‌നേഹവും ബഹുമാനവും പകര്‍ന്നു നല്‍കിയ ഞങ്ങളുടെ ഉപ്പാനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു, പ്രാര്‍ഥിച്ചു. ആദര്‍ശബന്ധുക്കളായ ആയിരങ്ങള്‍ അതേ വികാരം പങ്കുവെച്ചു. ആശുപത്രിയിലെ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരും ആവത് ശ്രമിച്ചു. അല്ലാഹുവിന്റെ തീരുമാനം മറിച്ചായിരുന്നു. മൂത്തമകള്‍ മുനീബ ജോലി ചെയ്യുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറുദിവസം അബോധാവസ്ഥയില്‍ കിടന്ന ഉപ്പ ജനുവരി 31 ബുധനാഴ്ച അസ്‌റിനുശേഷം അല്ലാഹുവിങ്കലേക്ക് യാത്രയായി.


-മുനീബ, മുബീന്‍, മുഫീദ, മുജീബ

No comments:

Post a Comment

Listen Islam from Right Source